Flash News

ഹാദിയ കേസ് : വിധി ആശങ്ക ഉളവാക്കുന്നത് - പോപുലര്‍ ഫ്രണ്ട്‌



കോഴിക്കോട്: ഇസ്‌ലാം മതം സ്വീകരിച്ച ഹാദിയ എന്ന പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയില്‍ വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ കെ സുരേന്ദ്ര മോഹന്‍, മേരി ജോസഫ് എന്നിവരുടെ പരാമര്‍ശങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍. ഹേബിയസ് കോര്‍പസ് ഹരജി പരിഗണിക്കുമ്പോള്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ക്കുമപ്പുറത്ത് വൈകാരികമായാണ് ഈ കേസ് കൈകാര്യം ചെയ്തതെന്ന് സംശയിപ്പിക്കുംവിധമാണ് കോടതി ഇടപെടലുകള്‍. നിയമപരമായ മാര്‍ഗത്തിലൂടെ ഇസ് ലാം മതം സ്വീകരിച്ച ഒരു പെണ്‍കുട്ടിയെയും അവരുടെ വൈവാഹിക ബന്ധത്തെയും അവഹേളിക്കുന്ന വിധം പരാമര്‍ശം നടത്തിയ കോടതിയുടെ താല്‍പര്യം നീതിയിലധിഷ്ഠിതമല്ലെന്ന് വ്യക്തമാണ്. നിലനില്‍ക്കുന്ന നിയമപ്രകാരം വിവാഹിതരായ ദമ്പതികളോട്, രക്ഷിതാക്കളുടെ സാന്നിധ്യമില്ലാതെ നടന്ന വിവാഹത്തിന് സാധൂകരണമില്ലെന്ന വിചിത്രവാദം നീതിന്യായ സംവിധാനത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയാണ് ചെയ്യുക. നേരത്തേ ഹേബിയസ് കോര്‍പസ് ഹരജിയായി ഹൈക്കോടതിയുടെ മുമ്പാകെ വന്നതാണ് ഈ കേസ്. അന്വേഷണം നടത്തുകയും റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി തന്നെ കേസ് ഒത്തുതീര്‍പ്പാക്കുകയും പെണ്‍കുട്ടിയുടെ ഇഷ്ടപ്രകാരം വിടാന്‍ വിധിച്ചതുമാണ്. വീണ്ടും മറ്റൊരു ബെഞ്ചില്‍ കേസ് പരിഗണനയ്ക്ക് വരുമ്പോള്‍ റിപോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥനെതിരേ അന്വേഷണം നടത്തണമെന്ന പരാമര്‍ശവും വൈവാഹിക ബന്ധം നിലനില്‍ക്കില്ലെന്ന തീര്‍പ്പുമൊക്കെ കോടതി വിധിയുടെ സുതാര്യതയില്‍ സംശയം ജനിപ്പിക്കുക സ്വാഭാവികമാണ്. ഇസ്‌ലാമിക ശരീഅത്ത് അനുസരിച്ച് നടന്ന വിവാഹബന്ധം അസാധുവാണെന്ന് വിധിക്കുന്നതിലൂടെ വിശ്വാസ സ്വാതന്ത്ര്യത്തിന്മേലാണ് കോടതി കൈകടത്തിയിരിക്കുന്നത്. ഇത് നീതി നിര്‍വഹണ സംവിധാനത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കും.  സാധാരണ ജനങ്ങളുടെ അവസാന ആശ്രയമാണ് കോടതികള്‍. കോടതികളില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്ന തോന്നല്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുക. ഈ സാഹചര്യം ഗൗരവ പൂര്‍വം കാണണമെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it