Editorial

ഹാദിയ കേസ് വിധിയുടെ പാഠങ്ങളും പൊതുസമൂഹവും

ഹാദിയയും ഷഫിന്‍ ജഹാനും തമ്മില്‍ നടന്ന വിവാഹം ഒടുവില്‍ സുപ്രിംകോടതിയുടെ മൂന്നംഗ ബെഞ്ച് സാധുവായി പ്രഖ്യാപിച്ചിരിക്കുന്നു. പ്രായപൂര്‍ത്തിയായ രണ്ടു വ്യക്തികള്‍ തമ്മില്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാകാന്‍ തീരുമാനിച്ചതില്‍ ഇടപെടാന്‍ കോടതികള്‍ക്കോ മാതാപിതാക്കള്‍ക്കോ സമൂഹത്തിനോ അവകാശമില്ലെന്ന് അസന്ദിഗ്ധമായി വിധിയെഴുതിയിരിക്കുകയാണ് കോടതി. ഇഷ്ടമുള്ള മതം സ്വീകരിക്കാനും ഇഷ്ടമുള്ള വ്യക്തിയെ പരിണയിക്കാനുമുള്ള ഭരണഘടനാപരമായ അവകാശമാണ് കോടതി ഉയര്‍ത്തിപ്പിടിച്ചത്.
സാമാന്യബുദ്ധിയുള്ള ആര്‍ക്കും ഒറ്റയടിക്ക് മനസ്സിലാവുന്ന ഈ സത്യം സ്ഥാപിച്ചുകിട്ടാന്‍ ഹാദിയക്കും ഭര്‍ത്താവിനും മാസങ്ങളോളം തീവ്രവ്യഥകളിലൂടെ കടന്നുപോവുകയും കടുത്ത പോരാട്ടങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യേണ്ടിവന്നു. സുപ്രിംകോടതി വിധിയില്‍ ആഹ്ലാദിക്കുന്നതോടൊപ്പം, നമ്മുടെ നാട്ടിലെ നീതിന്യായ വ്യവസ്ഥയും അന്വേഷണ സംവിധാനങ്ങളും പൊതുബോധവുമെല്ലാം ഏതെല്ലാം അവസ്ഥാന്തരങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഓര്‍ക്കാന്‍ കൂടിയുള്ള അവസരമാണിത്.
സുപ്രിംകോടതി ഹാദിയയുടെയും ഷഫിന്റെയും നിയമപരമായ അവകാശങ്ങള്‍ അനുവദിച്ചുകൊടുത്തു. മറിച്ചായിരുന്നുവെങ്കിലോ? അങ്ങനെയും അനുഭവങ്ങളുണ്ടല്ലോ നമ്മുടെ നാട്ടില്‍. ഹാദിയ കേസിലെ തന്നെ കേരള ഹൈക്കോടതി വിധി ശ്രദ്ധിക്കുക. ഷഫിന്‍ ജഹാന്റെ ഫേസ്ബുക്ക് പോസ്റ്റുകളെക്കുറിച്ചു ഗവേഷണം നടത്തി അയാളെ ഭീകരവാദിയും രാജ്യദ്രോഹിയുമാക്കാന്‍ ഇപ്പോഴും കൊണ്ടുപിടിച്ചു ശ്രമിക്കുന്ന എന്‍ഐഎയെക്കുറിച്ച് ഓര്‍ക്കുക. കോടതി ഉത്തരവുകളും അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളും പിഴച്ചുപോവുന്ന ധാരാളം സന്ദര്‍ഭങ്ങള്‍ പല കാര്യങ്ങളിലും നമുക്ക് ചൂണ്ടിക്കാണിക്കാന്‍ കഴിയും. ഹിന്ദുത്വ ഫാഷിസത്തിന് അനുകൂലമായി നിയമ-നീതിപാലന സംവിധാനങ്ങള്‍ മനഃപൂര്‍വം ചാഞ്ഞുനില്‍ക്കുന്ന അനുഭവങ്ങളുമുണ്ട്.
നാടിന്റെ പൊതുബോധവും പലപ്പോഴും മനുഷ്യാവകാശവിരുദ്ധമായാണ് ആവിഷ്‌കരിക്കപ്പെടുന്നത്. അതുകൊണ്ടാണ് കോടതി മുമ്പ്, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ നല്‍കാവുന്നതെന്ന് അനുശാസിക്കപ്പെട്ട കൊലക്കയര്‍ തെളിവുകളുടെ അഭാവത്തില്‍ പോലും പൊതുജനവികാരം കണക്കിലെടുത്തു പാര്‍ലമെന്റ് ആക്രമണ കേസില്‍ പ്രതിയായ അഫ്‌സല്‍ ഗുരുവിന്റെ കഴുത്തില്‍ ഇട്ടുകൊടുത്തത്.
ഹാദിയ കേസില്‍ കോടതിവിധിക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ അവസാനത്തെ അഭയം നീതിപീഠം മാത്രമല്ലെന്നു പറഞ്ഞേ തീരൂ. പൊതുബോധത്തില്‍ ആമൂലാഗ്രം നടത്തേണ്ട പൊളിച്ചെഴുത്തിലൂടെ മാത്രമേ നമുക്ക് മനുഷ്യന്റെ അന്തസ്സും ആത്മാഭിമാനവും അവകാശങ്ങളും സ്ഥാപിച്ചെടുക്കാനാവുകയുള്ളൂ. അതിനുള്ള ശേഷി സമൂഹത്തിനുണ്ടോ എന്നു പരിശോധന നടത്താനുള്ള അവസരമാണ് ഹാദിയ കേസ് നല്‍കിയിട്ടുള്ളത്. ഇങ്ങനെയൊരു പരിശോധന നടത്തുമ്പോള്‍, പൊതുസമൂഹം ഈ കേസുമായി ബന്ധപ്പെട്ട് കൃത്യമായ നീതിബോധം പുലര്‍ത്തിയിട്ടില്ലെന്ന ദുഃഖസത്യം തുറന്നുപറയേണ്ടിവരും.
രാജ്യസ്‌നേഹ വികാരങ്ങള്‍ ഉദ്ദീപിപ്പിച്ചുകൊണ്ടും തീവ്രവാദപ്പേടി ഉല്‍പാദിപ്പിച്ചുകൊണ്ടും ജനങ്ങളെ വസ്തുതകളില്‍ നിന്ന് അകറ്റാന്‍ കൊണ്ടുപിടിച്ച ശ്രമം നടന്നു. ആക്ടിവിസ്റ്റുകള്‍ പലരും ഹാദിയയെ കണ്ടതും കേട്ടതുമില്ല. ഹൈക്കോടതി വിധിയെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളെ മഹാപാതകമായി ചിത്രീകരിച്ച് നീതിപീഠത്തിന്റെ അന്തസ്സിനെപ്പറ്റി എണ്ണിപ്പറഞ്ഞു വിലപിക്കുകയായിരുന്നു ആസ്ഥാന സെക്കുലറിസ്റ്റുകള്‍.
കോടതിയും എന്‍ഐഎയും കുടുംബവും സെക്കുലര്‍ പൊതുബോധവും ചേര്‍ന്ന് സ്വന്തം ജീവിതവഴി തിരഞ്ഞെടുത്ത ഒരു യുവതിയെ എത്രയാണ് കണ്ണീരു കുടിപ്പിച്ചത്! സുപ്രിംകോടതി വിധിക്ക് ആ പാപക്കറ കഴുകിക്കളയാനാവുമോ?
Next Story

RELATED STORIES

Share it