Flash News

ഹാദിയ കേസ് മാതൃക; ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

ഹാദിയ കേസ് മാതൃക; ദമ്പതികള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്
X

ന്യൂഡല്‍ഹി: മതംമാറി വിവാഹിതയായ യുവതിക്കും ഭര്‍ത്താവിനും സംരക്ഷണം നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. ഇസ്‌ലാമിലേക്ക് മതംമാറിയ യുവതിയുടെ കുടുംബത്തില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് നല്‍കിയ ഹരജിയിലാണ് ഉത്തരവ്. ഹാദിയ-ഷഫിന്‍ ജഹാന്‍ കേസിലെ സുപ്രിംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ദമ്പതികള്‍ക്ക് ആവശ്യമായ പോലിസ് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

ഈ വര്‍ഷം മാര്‍ച്ചിലാണ് ഹാദിയ-ഷെഫിന്‍ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് തള്ളി ഇരുവര്‍ക്കും ആവശ്യമായ സംരക്ഷണം ഒരുക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടത്. ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായ കേസില്‍ ശക്തമായ നിയമപോരാട്ടത്തിനൊടുവിലായിരുന്നു ലൗജിഹാദ് എന്ന സംഘപരിവാര പ്രചാരണങ്ങളെ പൊളിച്ച് കൊണ്ട് ഹാദിയക്കും ശഫിനും അനുകൂലമായി സുപ്രിംകോടതി ഉത്തരവിട്ടത്.

ഹരജിക്കാര്‍ക്കും അവരുടെ സ്വത്തുക്കള്‍ക്കും ആവശ്യമായ എല്ലാ സുരക്ഷയും പോലിസ് നല്‍കണമെന്നും ശവിന്‍ ജഹാന്‍ വേഴ്‌സസ് അശോകന്‍ കെ എം കേസില്‍ സുപ്രിം കോടതി നല്‍കിയ എല്ലാ നിര്‍ദേശങ്ങളും ഇതില്‍ പാലിക്കപ്പെടണമെന്നും ജസ്റ്റിസ് എ കെ ചാവ്‌ലയുടെ ഉത്തരവില്‍ പറയുന്നു. ദമ്പതികള്‍ എവിടെയാണ് താമസിക്കുന്നത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ പോലിസ് രഹസ്യമായി സൂക്ഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

എസിപിയുടെയും ബന്ധപ്പെട്ട ഏരിയ സ്റ്റേഷന്‍ ഹൗസ് ഓഫിസറുടെയും മൊബൈല്‍ നമ്പറുകള്‍ ഹരജിക്കാര്‍ക്ക് കൈമാറണം. സംരക്ഷണവുമായി ബന്ധപ്പെട്ട എന്തെങ്കിലും അടിയന്തര സാഹചര്യം വന്നാല്‍ എസിപിയെയോ സ്‌റ്റേഷന്‍ ഹൗസ് ഓഫിസറെയോ വിളിക്കാന്‍ ഇരുവര്‍ക്കും സ്വാതന്ത്ര്യമുണ്ടായിരിക്കും.



ഹിന്ദുമതത്തില്‍പ്പെട്ട യുവതിയുടെ കുടുംബാഗങ്ങള്‍ ഭീഷണിപ്പെടുത്തുന്നതായും അന്വേഷണത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നതായും 23കാരനായ മുസ്‌ലിം യുവാവും 26കാരിയായ യുവതിയും നല്‍കിയ പരാതിയില്‍ പറയുന്നു.

സുപ്രിം കോടതിയുടെ ഉത്തരവ് പാലിക്കുന്നതിന് പകരം പോലിസ് ഉദ്യോഗസ്ഥര്‍ നിയമലംഘകരുടെ കൂടെ നില്‍ക്കുകയാണെന്നും നിരപരാധികളെ പീഡിപ്പിക്കുകയാണെന്നും ദമ്പതികളുടെ അിഭാഷകനായ ദേവ്‌ജോതി ഡേ കോടതിയോട് പറഞ്ഞു.

പ്രണയവിവാഹമായിരുന്നു തങ്ങളുടെതെന്ന് യുവാവ് ദേശീയ മാധ്യമത്തോട് നേരത്തേ വ്യക്തമാക്കിയിരുന്നു. വിവാഹത്തിന് മതവുമായി ബന്ധമൊന്നുമില്ല. ഭാര്യ സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.  കോടതിയെ സമീപിക്കും മുമ്പ് ദമ്പതികള്‍ക്ക് ഒരു സര്‍ക്കാരേത സംഘടനയാണ് താമസ സൗകര്യമൊരുക്കിയത്.  പോലിസില്‍ നിന്ന് തല്‍സ്ഥിതി റിപോര്‍ട്ട് തേടിയ കോടതി കേസ് ജൂലൈ 31ലേക്ക് മാറ്റി.
Next Story

RELATED STORIES

Share it