Editorial

ഹാദിയ കേസ് :നിലപാടുമാറ്റം സ്വാഗതാര്‍ഹം



ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടതില്ലെന്നും കേരള പോലിസ് വസ്തുനിഷ്ഠവും ഫലപ്രദവുമായ അന്വേഷണമാണ് നടത്തിയതെന്നും വിശദീകരിച്ച് കേരള സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുകയാണ്. ഏറെ ഒച്ചപ്പാടുണ്ടാക്കിയ ഈ കേസില്‍ ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവന്ന നിലപാടില്‍ നിന്നുള്ള ഒരു സുപ്രധാന വ്യതിയാനമാണ് ഇപ്പോഴത്തേത്. അതുകൊണ്ടുതന്നെ ഈ നിലപാടുകളും അല്‍പം അമ്പരപ്പിക്കുന്നതാണെങ്കില്‍ പോലും സ്വാഗതാര്‍ഹമാണെന്നതില്‍ സന്ദേഹമില്ല. ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണത്തിന് സുപ്രിംകോടതി ഉത്തരവിടുന്നതു വരെ ദുരൂഹമായ മൗനം അവലംബിക്കുകയായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍. സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പ് ഉയര്‍ത്താത്ത പശ്ചാത്തലത്തിലാണ് സുപ്രിംകോടതി എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിന്റെ പേരില്‍ സര്‍ക്കാരിന് നിരവധി വിമര്‍ശനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. ഇത്തരം ഘട്ടങ്ങളില്‍ മൃദുഹിന്ദുത്വ നിലപാടാണ് സിപിഎം നേതൃത്വം കൈക്കൊള്ളുന്നതെന്നതിന് നിരവധി ദൃഷ്ടാന്തങ്ങളും നമ്മുടെ മുമ്പിലുണ്ട്. സംഘപരിവാരവുമായി ബന്ധപ്പെട്ട കേസുകളിലെ പോലിസ് നടപടികള്‍ പലപ്പോഴും വിവാദമായിരുന്നു. ആര്‍എസ്എസിനെയും അവരുടെ ഫാഷിസ്റ്റ് പ്രവര്‍ത്തനങ്ങളെയും വിമര്‍ശിക്കുമ്പോള്‍ തന്നെ നിയമനടപടികളില്‍ സംഘപരിവാര വിധേയത്വം പ്രകടിപ്പിക്കുകയാണ് പോലിസും സര്‍ക്കാരും എന്നതായിരുന്നു വിമര്‍ശനങ്ങളുടെ പൊതുവായ ഉള്ളടക്കം. അതേയവസരം മുസ്‌ലിംകള്‍ക്കെതിരേ കടുത്ത നടപടികള്‍ കൈക്കൊള്ളുന്നതില്‍ പോലിസ് ആവേശം കാട്ടുന്നതായും ആരോപണമുയര്‍ന്നിരുന്നു. ഹാദിയ വിഷയത്തിലും പറവൂരില്‍ മുജാഹിദ് പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ട സംഭവത്തിലും സംഘപരിവാര നിയന്ത്രണത്തിലുള്ള തൃപ്പുണിത്തുറയിലെ മതംമാറ്റ കേന്ദ്രത്തിന്റെ മറവിലുള്ള പീഡനങ്ങളുമായി ബന്ധപ്പെട്ടും പോലിസ് ആര്‍എസ്എസ് വിധേയത്വം പ്രകടിപ്പിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു പറഞ്ഞുകൂടാ. ഹാദിയയെ വീട്ടുതടങ്കലിലാക്കിയ വിധി കിട്ടുന്നതിനു വേണ്ടി ഗവണ്‍മെന്റ് പ്ലീഡര്‍ അവരുടെ പിതാവിന്റെ അഭിഭാഷകനെപ്പോലെ ആവേശഭരിതനായാണ് വാദിച്ചിരുന്നത്. കേരളത്തില്‍ ഹാദിയക്കുവേണ്ടി ശക്തമായ പ്രതിഷേധവും പരാതികളും  ഉയര്‍ന്നുവന്നിട്ടും വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും കുറ്റകരമായ അനാസ്ഥയാണു കാണിച്ചത്. ഹാദിയ എന്ന യുവതി നഗ്നമായ പൗരാവകാശ ലംഘനത്തിനു വിധേയയായിട്ടും ഹൈക്കോടതി ഉത്തരവിന്റെ മറപിടിച്ച് സ്വന്തം ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു ഇവരെല്ലാം. ഇത് സര്‍ക്കാര്‍ നയത്തിന്റെ പ്രതിഫലനമാണെന്നതില്‍ തര്‍ക്കമേയില്ല. വേണ്ടപ്പോള്‍ ചെയ്യേണ്ടത് ചെയ്തിരുന്നുവെങ്കില്‍ ഹാദിയ വിഷയം ഇത്രയും സങ്കീര്‍ണമാവില്ലായിരുന്നു. ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷണം അടക്കമുള്ള കാര്യങ്ങളില്‍ സുപ്രിംകോടതിയുടെ നിരീക്ഷണങ്ങളാവാം സര്‍ക്കാരിനെ ഒരു വീണ്ടുവിചാരത്തിനു പ്രേരിപ്പിച്ചിട്ടുണ്ടാവുക.
Next Story

RELATED STORIES

Share it