ഹാദിയ കേസ് അവസാനിപ്പിക്കുമ്പോള്‍

എന്‍ എം സിദ്ദീഖ്
ലൗ ഉണ്ട്, പക്ഷേ ജിഹാദില്ല. പറയുന്നത് എന്‍ഐഎയാണ്. സമുന്നത കുറ്റാന്വേഷണ ഏജന്‍സി. കേരളത്തിലെ പ്രമാദമായ ഹാദിയ കേസിലാണ് പരാമര്‍ശം. മതപരിവര്‍ത്തനത്തിനുള്ള അവകാശം ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളിലൊന്നാണെന്നും അതു പരമപ്രധാനമാണെന്നും എന്‍ഐഎ കൂട്ടിച്ചേര്‍ക്കുന്നു.
അന്യമതസ്ഥരായ പല പെണ്‍കുട്ടികളുടെയും ഇസ്‌ലാമിലേക്കുള്ള മതംമാറ്റങ്ങളിലും മുസ്‌ലിം ചെറുപ്പക്കാരുമായുള്ള അവരുടെ വിവാഹങ്ങളിലും പോപുലര്‍ ഫ്രണ്ടും അനുബന്ധ സംഘടനകളും അവരെ പ്രേരിപ്പിച്ചതായി (എന്‍ഐഎ പ്രത്യേകം പരിശോധിച്ച 11 കേസുകളില്‍) കാണാമെങ്കിലും നിര്‍ബന്ധിത മതംമാറ്റങ്ങളായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. യുഎപിഎ നിയമം ചുമത്തുന്നതിന് ആവശ്യമായ യാതൊരു തെളിവുമില്ലെന്നും എന്‍ഐഎ പറയുന്നു.
പക്ഷേ, ഹാദിയയും ഷഫിനും അവരെ പിന്തുണച്ചവരുമായ ഒട്ടേറെ വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും അവരൊക്കെ വലിയ കഷ്ടനഷ്ടങ്ങള്‍ക്ക് ഇരയാവുകയും ചെയ്തു. എന്നാല്‍, ഇന്ത്യയിലെ ശുഷ്‌കമായ സിവില്‍ നഷ്ടപരിഹാര വ്യവഹാരങ്ങളിലൂടെ അതൊന്നും നിവര്‍ത്തിക്കപ്പെടില്ലെന്നു വ്യക്തം.
മാധ്യമങ്ങളിലെ അത്യന്തം പ്രതിലോമകരമായ, പൊതുബോധമെന്ന വ്യാജ നിര്‍മിതി മുന്നുപാധിയാക്കിയ വിചാരണകള്‍, മുഖ്യധാരാ മുസ്‌ലിം സംഘടനകള്‍ അടക്കം കൈക്കൊണ്ട വലതുപക്ഷ-മൃദുഹിന്ദുത്വാനുകൂല പ്രചാരണങ്ങള്‍, മൃദുഹിന്ദുത്വ മുഖ്യധാരയുടെ ആവശ്യങ്ങളെ പിന്തുണച്ചുപോരുന്ന മുസ്ലിംകളായ ഏതാനും എഴുത്തുകാരുടെ അന്തമില്ലാത്ത ദേശീയവാദി മുസ്‌ലിം വാഗ്‌ധോരണികള്‍, ഹൈക്കോടതി വിധിക്കെതിരേ നടത്തിയ പ്രകടനത്തിന്റെ പേരിലുള്ള വേട്ടയാടലുകള്‍ എന്നിങ്ങനെ സമാനതകളില്ലാത്ത പ്രത്യേകതകളാണ് ഹാദിയ കേസിലും പൊതുസമൂഹത്തിലും സംഭവിച്ചത്.
സ്വയം ഇരയും ഇരകളുടെ പക്ഷമെന്ന് അവകാശപ്പെടുകയും ചെയ്തുപോരുന്ന മുസ്‌ലിം നാമധാരിയായ മുതിര്‍ന്ന പത്രപ്രവര്‍ത്തക ഒരുവേള, തന്റെ റിപോര്‍ട്ടാണ് വലിയ വ്യത്യാസമില്ലാതെ എന്‍ഐഎ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചതെന്നുവരെ ധൃഷ്ടയാവുന്നതും, മുസ്‌ലിംകളോട് ഭ്രാതൃഭാവത്തോടെ എന്നും ഇടപെട്ടിരുന്ന മുതിര്‍ന്ന ദലിത് പ്രവര്‍ത്തകന്‍ അശോകന്റെ വ്യഥകളില്‍ വേപഥുപൂണ്ടതും നമ്മള്‍ കണ്ടു. അത്രയ്ക്ക് ശക്തമായിരുന്നു ഹാദിയ കേസില്‍ ഇടതു മാധ്യമപ്രവര്‍ത്തകര്‍ അടക്കം നടത്തിയ വലതുപക്ഷ പ്രചാരണം.
ഇടതു പ്രഭാവമുള്ള കേരളത്തിലെ സാംസ്‌കാരിക മേഖലയില്‍ ഹിന്ദുത്വ വലതുപക്ഷത്തിനു കൈവരിക്കാന്‍ കഴിയാതിരുന്ന അധീശത്വപരമായ പ്രാമുഖ്യത്തെ പിന്തുണയ്ക്കാന്‍ മുഖ്യധാരയില്‍ അന്തര്‍ഗതമായി വര്‍ത്തിച്ച മൃദുഹിന്ദുത്വ സമീപനം ബദ്ധശ്രദ്ധരായിപ്പോന്നിരുന്നുവെന്ന് സൂക്ഷ്മ വായനയില്‍ കാണാന്‍ വിഷമമില്ല. മുസ്ലിം പ്രശ്നങ്ങളില്‍ എത്രയോ കാടുകയറിയ ഭാവനാസമ്പന്നത ലജ്ജാരഹിതമായി പ്രകടമാക്കിയ പത്ര-ചാനല്‍ ലേഖകരുടെ പ്രമാദമായ അപഗ്രഥനപാടവം പ്രബുദ്ധരെന്ന് മേനിനടിക്കുന്ന മലയാളി ഹാദിയാ കേസില്‍ രുചിച്ചാസ്വദിച്ചു.
തീവ്രവാദ ആരോപണമാണ് സമുദായത്തെ പ്രതിക്കൂട്ടിലാക്കാന്‍ ഹിന്ദുത്വശക്തികള്‍ പ്രചണ്ഡമായി പ്രയോഗിച്ച പ്രധാന അടവുനയം. അത് സമുദായ സംഘടനകളെയും നേതാക്കളെയും നിതാന്ത പ്രതിരോധത്തിലാക്കി. ഒരാളെ തീവ്രവാദിയായി ചിത്രീകരിച്ചാല്‍ ഭരണകൂടത്തിന് അയാളെ എന്തും ചെയ്യാം. അയാള്‍ക്കെതിരായ എന്തു ഭരണകൂട നടപടിയും എല്ലാ മനുഷ്യത്വരഹിത ഇടപാടുകളും ന്യായീകരിക്കപ്പെടുന്നു. തീവ്രവാദ ആരോപണത്തില്‍ സകല പൗരാവകാശങ്ങളും റദ്ദാക്കപ്പെടുന്നു.
ദേശീയ മുസ്ലിം എന്ന വാര്‍പ്പാണ് വിഭജനാനന്തര സാമുദായിക ബലതന്ത്രങ്ങളില്‍ ഉരുവം കൊണ്ട ഒരു വ്യവഹാരം. അത് ദേശാഭിമാനപരതയുമായി ബന്ധപ്പെടുത്തുകയും രാജ്യസ്നേഹവുമായി കണ്ണിചേര്‍ക്കുകയും വഴി മുസ്ലിം അപരത്വത്തെ പ്രശ്നവല്‍ക്കരിക്കുകയെന്ന തന്ത്രം എളുപ്പമായിത്തീര്‍ന്നു. ആരോഗ്യകരമായ നിരവധി മുസ്ലിം ജ്ഞാനവ്യവഹാരങ്ങളെ തമസ്‌കരിക്കാന്‍ പാകത്തില്‍ വിവാദങ്ങള്‍ ഉയര്‍ത്തുന്ന പുകപടലങ്ങള്‍ നില്‍ക്കുകയും യഥാര്‍ഥ ഡിബേറ്റ് ഹൈജാക്ക് ചെയ്യപ്പെടുകയുമാണ് സംഭവിക്കുന്നത്. മുസ്ലിംകള്‍ക്ക് പലപ്പോഴും സംഘപരിവാരം ഉള്‍പ്പെടെയുള്ള വലതുപക്ഷ ശക്തികള്‍ അജണ്ട നിശ്ചയിച്ചുനല്‍കുകയാണ്.
2016 ജനുവരി 6നാണ് ഹാദിയയെ കാണാനില്ലെന്ന് അച്ഛന്‍ അശോകന്‍ ആദ്യം പരാതി നല്‍കിയത്. ജനുവരി 19ന് അശോകന്‍ ആദ്യ ഹേബിയസ് കോര്‍പസ് ഹരജി നല്‍കി. ജനുവരി 25നു ഹൈക്കോടതിയില്‍ ഹാജരായ ഹാദിയയെ അവളുടെ ഇഷ്ടപ്രകാരം വിട്ടയച്ചു. പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയുടെ കാര്യത്തില്‍ കോടതിക്ക് അതേ ചെയ്യാനാവൂ.
ആഗസ്ത് 16ന് അശോകന്‍ നല്‍കിയ രണ്ടാമത് ഹേബിയസ് കോര്‍പസ് ഹരജിയില്‍ 22ന് ഹാദിയ ഹൈക്കോടതിയില്‍ ഹാജരായി. സപ്തംബര്‍ ഒന്നിനു വീണ്ടും ഹാജരാവണമെന്ന നിര്‍ദേശത്തോടെ ഹോസ്റ്റലിലാക്കുന്നു. ഒന്നിനു ഹാജരായ ഹാദിയയോട് വീണ്ടും 5ന് ഹാജരാവണമെന്ന് കല്‍പിച്ചു. പിന്നെ 27ലേക്ക് കേസ് മാറ്റുകയും അന്ന് ഹാദിയയെ കേസില്‍ സഹായിച്ച സൈനബയുടെ രക്ഷാകര്‍തൃത്വത്തില്‍ വിട്ടയക്കുകയും ചെയ്യുന്നു.
ഡിസംബര്‍ 19ന് കോട്ടക്കലില്‍ വച്ച് ഷഫിന്‍ ജഹാന്‍ എന്ന ചെറുപ്പക്കാരന്‍ ഹാദിയയെ വിവാഹം ചെയ്തു. വിവാഹത്തില്‍ നിന്ന് കോടതി ഹാദിയയെ വിലക്കിയിരുന്നില്ല. കോടതിക്ക് അതിനു കഴിയുകയുമില്ലല്ലോ. മുന്‍ ഉത്തരവു പ്രകാരം ഡിസംബര്‍ 21നു ഹൈക്കോടതിയില്‍ ഹാജരായ ഹാദിയയോടൊപ്പം ഭര്‍ത്താവും ഉണ്ടായിരുന്നു. വിവാഹത്തില്‍ ദുരൂഹതയുണ്ടെന്നും അതു സംബന്ധിച്ച് അന്വേഷിക്കണമെന്നും പോലിസിന് നിര്‍ദേശം നല്‍കിയ ഹൈക്കോടതി ഹാദിയയെ ഹോസ്റ്റലിലേക്ക് അയച്ചു.
2017 മെയ് 24ന് വീണ്ടും കേസ് പരിഗണിച്ച കോടതി വിവാഹം റദ്ദാക്കുകയും ഹാദിയയെ മാതാപിതാക്കളോടൊപ്പം അയക്കുകയും ചെയ്തു. പിന്നത്തെ ആറു മാസം ഹാദിയ വീട്ടുതടങ്കലിലായിരുന്നു. സംഘപരിവാര നേതാക്കള്‍ക്കു മാത്രം ഹാദിയയെ കാണാന്‍ അനുമതി കിട്ടിയിരുന്ന അക്കാലയളവില്‍ ഹാദിയയുടെ മനസ്സു മാറ്റാന്‍ സാധ്യമായ ചതുരുപായങ്ങളും അടവുകളുമെല്ലാം പ്രയോഗിക്കപ്പെട്ടു.
ആഗസ്ത് 4ന് ഷഫിന്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കി. ഷഫിനും അശോകനും പിന്നീട് നിരവധി ഉപഹരജികള്‍ നല്‍കി. നവംബര്‍ 27നു സുപ്രിംകോടതി ഹാദിയയെ സേലത്ത് പഠനം പൂര്‍ത്തിയാക്കാന്‍ അയച്ചു. ഒട്ടേറെ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ 2018 മാര്‍ച്ച് 8ന് ഹാദിയയുടെയും ഷഫിന്റെയും വിവാഹം അസാധുവാക്കിയ കേരള ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. അവസാനം 2018 ഒക്ടോബര്‍ 18ന് നിര്‍ബന്ധിത മതംമാറ്റ കേസ് അന്വേഷണം ഉപേക്ഷിക്കുകയാണെന്ന് എന്‍ഐഎ ബോധിപ്പിച്ചിരിക്കുന്നു.
പൊതുബോധം ഒരു നിര്‍മിതിയാണ്. സത്യത്തില്‍ അതു ഭൂരിപക്ഷാഭിപ്രായം പോലുമാകണമെന്നില്ല. പലപ്പോഴും പ്രകടമായും കേവലമായ ന്യൂനപക്ഷാഭിപ്രായം പൊതുബോധമായി അടിച്ചേല്‍പിക്കാറുണ്ട്. കൂടുതല്‍ ശബ്ദവും പ്രകാശവും ദൃശ്യതയും മാധ്യമങ്ങളില്‍ ഉണ്ടാക്കിയെടുക്കുന്ന വലതു പ്രത്യയശാസ്ത്ര മേല്‍ക്കൈയാണ് വ്യാജമായത് സാധ്യമാക്കുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ സാധിതമാകുന്ന അഭിപ്രായ നിര്‍മാണമാണ് പൊതുബോധമെന്ന് ന്യായാധിപന്മാര്‍ വരെ ധരിച്ചുവശാകുന്നു.
പാര്‍ശ്വവല്‍കൃതര്‍, വിശിഷ്യാ മുസ്ലിംകള്‍ പ്രതിസ്ഥാനത്തു വരുന്ന സംഭവങ്ങളില്‍, അവര്‍ നിരപരാധികളാണെന്ന് സാഹചര്യത്തെളിവുകളില്‍ നിന്ന് പ്രഥമദൃഷ്ട്യാ അനുമാനിക്കാന്‍ കഴിയുന്ന കേസുകളില്‍ പോലും തല്‍സമയ ആവേശത്തില്‍ അഭിരമിക്കുന്ന മാധ്യമങ്ങള്‍ ഔചിത്യദീക്ഷ പ്രകടമാക്കിയതിന്റെയോ സംശയത്തിന്റെ ഒരാനുകൂല്യവും ഇരകള്‍ക്ക് നല്‍കിയതിന്റെയോ ഒരു തെളിവും നമുക്കു മുന്നിലില്ല.
തീവ്രവാദ കേസുകള്‍ക്കായി സംവരണം ചെയ്യപ്പെട്ട മുസ്ലിംകളുടെ സാമുദായിക മണ്ഡലം അതിന് അരുനിന്നുകൊടുക്കുമ്പോഴും അത്തരം വിവാദങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന പാഠങ്ങള്‍ മുസ്ലിംകളെ പിശാചുവല്‍ക്കരിക്കുമ്പോഴും അനാവശ്യ വിവാദങ്ങള്‍ക്കു പകരം ആരോഗ്യദായകമായ ഡിബേറ്റിലേക്ക് സമുദായത്തിന് സഞ്ചരിക്കാന്‍ ഇനിയും ഒരുപാട് ദൂരമുണ്ടെന്നു മനസ്സിലാക്കുക. ഹാദിയയുടെ പോരാട്ടത്തെ അവ്വിധമാണ് ഭാവി പാഠ്യഭാഗമാക്കുക എന്നും പ്രത്യാശിക്കുക.
ഹാദിയയുടെ നിര്‍ബന്ധിത മതപരിവര്‍ത്തന കേസ് അവസാനിപ്പിക്കുന്നതിനു മുമ്പ് എന്‍ഐഎ ഒരു കാര്യം കൂടി അന്വേഷിേക്കണ്ടേ? ജിഹാദില്ലെങ്കില്‍ പിന്നെ ഹാദിയ അടക്കമുള്ളവരുടെ പ്രണയത്തിലോ വിവാഹത്തിലോ നഞ്ചു കലക്കിയതാരാണ്? ി
Next Story

RELATED STORIES

Share it