Flash News

ഹാദിയ കേസിലെ വിധി: കാറ്റില്‍പ്പറത്തിയത് വ്യക്തിസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും

ഹാദിയ കേസിലെ വിധി: കാറ്റില്‍പ്പറത്തിയത് വ്യക്തിസ്വാതന്ത്ര്യവും മൗലികാവകാശങ്ങളും
X


ഇസ്‌ലാം സ്വീകരിച്ച് ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്ത യുവതിയെ സ്വന്തം താല്‍പര്യത്തിനും ഇച്ഛയ്ക്കും വിരുദ്ധമായി മാതാപിതാക്കളോടൊപ്പം വിടുകയും യുവതിയുടെ വിവാഹം റദ്ദാക്കുകയും ചെയ്ത ഹൈക്കോടതി വിധി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. മുന്‍വിധിയും പക്ഷപാതിത്വവും നിറഞ്ഞതാണ് കോടതിയുത്തരവെന്നതാണ് പരക്കെ ഉയര്‍ന്നിട്ടുള്ള ആക്ഷേപം. ഏതു മതം സ്വീകരിക്കാനും അതനുസരിച്ചു ജീവിക്കാനും ഭരണഘടന പൗരനു നല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണ് വിധി എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രായപൂര്‍ത്തിയായ, മെഡിക്കല്‍ ബിരുദധാരിണിയായ യുവതി സ്വന്തം ജീവിതത്തില്‍ എടുത്ത സുപ്രധാന തീരുമാനങ്ങളെ നിഷേധിച്ച കോടതി വിധി തികച്ചും വിചിത്രമാണെന്ന് ഇതിനകം ആരോപണമുയര്‍ന്നിട്ടുണ്ട്. വ്യക്തിസ്വാതന്ത്യത്തിന് മേലുള്ള കടന്നുകയറ്റമാണ് വിധിയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.
ഒരു യുവാവുമായുണ്ടായ ഹാദിയയുടെ വിവാഹം മാതാപിതാക്കളുടെ സാന്നിധ്യത്തിലോ ഇടപെടലിലൂടെയോ അല്ല നടന്നതെന്നു പറഞ്ഞ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നു. നിയമപരമായി വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്നതിനു പോലും വിലക്കില്ലാത്ത നാട്ടിലാണ് ഇങ്ങനെയൊരു വിധി വരുന്നതെന്നത് വിചിത്രമാണ്.
കേസിന്റെ മെറിറ്റിനേക്കാള്‍ ഉപരി മറ്റു ചില വിഷയങ്ങള്‍ കോടതിയുടെ പരിഗണനയില്‍ കടന്നുവന്നതായാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. കമിതാക്കള്‍ തമ്മിലുള്ള മിശ്രവിവാഹ കേസുകളില്‍ പോലും പെണ്‍കുട്ടിയുടെ തീരുമാനത്തിനു വിട്ടുകൊടുക്കുന്ന നിരവധി കോടതി ഉത്തരവുകള്‍ ഇതിനുമുന്‍പുണ്ടായിട്ടുണ്ട്. അടിസ്ഥാനപരമായ വ്യക്തിസ്വാതന്ത്ര്യത്തെയും വിശ്വാസസ്വാതന്ത്ര്യത്തെയും കടന്നാക്രമിക്കുന്ന ഈ വിധി ഗുരുതരമായ അപകടസൂചനകളാണ് നല്‍കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

[related]
Next Story

RELATED STORIES

Share it