ഹാദിയാ, നീ ബീഫായിരുന്നുവെങ്കില്‍!

ഹാദിയാ, നീ ബീഫായിരുന്നുവെങ്കില്‍!
X


നോട്ടുനിരോധനം വന്നു. അഖ്‌ലാഖുമാരെ അടിച്ചുകൊന്നു. സിനിമാഹാളില്‍ ദേശീയഗാനം പാടുമ്പോള്‍ എഴുന്നേല്‍ക്കാന്‍ പറഞ്ഞു. ദലിതുകളെ ചാണകവും മലവും തീറ്റിച്ചു. നാടെങ്ങും ഗോരക്ഷകരെന്ന പേരില്‍ ഗുണ്ടാസംഘങ്ങള്‍ വിളയാടുന്നു. ചമ്മട്ടിപ്രയോഗം തൊട്ട് കഴുത്തറുക്കല്‍ വരെ നടക്കുന്നു. ജയ് ശ്രീരാം വിളിപ്പിക്കുന്നു. ഗ്രാമങ്ങള്‍ ചുട്ടെരിക്കുന്നു. പൗരനെ സൈനിക ജീപ്പിന്റെ മുമ്പില്‍ കെട്ടി കവചമായി ഉപയോഗിക്കുന്നു. ബലാല്‍സംഗങ്ങള്‍ അനുദിനം പെരുകുന്നു. രാത്രി സകുടുംബം യാത്ര ചെയ്യുന്നവരെ അള്ളുവച്ച് കാറിന്റെ ടയര്‍ പഞ്ചറാക്കി പിടിച്ചിറക്കി ബലാല്‍സംഗം ചെയ്യുന്നു; സഹോദരിയെ രക്ഷിക്കാന്‍ ശ്രമിച്ച സഹോദരനെ വെടിവച്ചുകൊല്ലുന്നു. പൊതുവഴിയില്‍ മൂത്രമൊഴിച്ചു വൃത്തികേടാക്കരുതെന്നു പറഞ്ഞ ഓട്ടോ ഡ്രൈവറെ അടിച്ചുകൊല്ലുന്നു. പരീക്ഷ എഴുതാന്‍ വന്ന പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിക്കുന്നു... ഇങ്ങനെ എണ്ണിയാല്‍ തീരാത്ത സംഭവപരമ്പരകളുമായി അടുക്കളയില്‍ വരെയെത്തി ചെമ്പ് പരിശോധിക്കുന്ന ഫാഷിസത്തിനെതിരേ അങ്ങുമിങ്ങും ചില മുക്കലും മൂളലുമല്ലാതെ കാര്യമായൊന്നും പ്രതികരിക്കാത്ത കേരളീയ സമൂഹം ബീഫ് നിരോധനത്തിനെതിരേ ശക്തമായി രംഗത്തുവന്നത് അദ്ഭുതപ്പെടുത്തുന്നു. കുറച്ചു മുമ്പ് ബിരിയാണി നിരോധിച്ചാലുള്ള ദുരന്തത്തെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിലൊരു കവിത പ്രസിദ്ധീകരിച്ചിരുന്നു. അപ്പോഴേ തോന്നി, ഭക്ഷണം തൊട്ടുകളിക്കുമ്പോള്‍ മാത്രമേ നമുക്ക് പൊള്ളുന്നുള്ളൂ. ഗോവധ നിരോധനത്തെ എതിര്‍ക്കാത്തവരൊക്കെ ഇപ്പോള്‍ ബീഫിനും ബിരിയാണിക്കും വേണ്ടി ശക്തമായി തെരുവിലിറങ്ങുന്ന കാഴ്ച നല്ലതാണ്. അങ്ങനെയെങ്കിലും സംഘപരിവാരത്തിന്റെ നാത്‌സിസ്റ്റ് ഭീകരതകള്‍ ചോദ്യംചെയ്യപ്പെടുമ്പോള്‍ ആഹ്ലാദിക്കേണ്ടതാണ്. കോണ്‍ഗ്രസ്സും സിപിഎമ്മും ഭരണപക്ഷവും പ്രതിപക്ഷവും ഒരേപോലെ തെരുവില്‍ കാലിയെ അറുത്ത് അസ്സല്‍ എരിവും പുളിയുമുള്ള ബീഫുണ്ടാക്കി വിതരണം ചെയ്ത് ബിജെപിക്കെതിരേ മുദ്രാവാക്യം വിളിച്ചു. ബീഫ് നിരോധ-വിരോധത്തിനെതിരായ വികാരത്തില്‍ പങ്കുചേരുമ്പോള്‍ പോലും ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാവുകയാണ്. ഈ വികാരങ്ങള്‍ തിരഞ്ഞടുപ്പുവേളയില്‍ എവിടെപ്പോയൊളിക്കുന്നു? വോട്ട് ചെയ്യുമ്പോള്‍ ഈ വീര്യം കാണാത്തതെന്ത്? മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കശാപ്പുനിരോധത്തെ കടുത്ത ഭാഷയില്‍ ശകാരിച്ചു. കേരളത്തില്‍ നടപ്പില്ലെന്നു പ്രഖ്യാപിച്ചു. നാഗ്പൂരിലല്ല നമ്മളെന്തു തിന്നണമെന്നു തീരുമാനിക്കേണ്ടത്. ഈ സ്ഥൈര്യത്തെ വാഴ്ത്തുമ്പോഴും കാണാതെ പോവരുത്, പിണറായിയുടെ സ്വന്തം കണ്ണൂരിലെ സ്വന്തം പോലിസ് ബീഫ് ഫെസ്റ്റ് നടത്തിയ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ക്കെതിരേ കേസെടുത്ത സംഭവം. എന്തു മനസ്സിലാക്കണം നാം? ഞങ്ങള്‍ സംഘപരിവാരത്തിന് എതിരാണ്; പക്ഷേ, പോലിസ് കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാണ് എന്നല്ലേ പിണറായി പറയാതെ പറയുന്നത്? അതിനേക്കാള്‍ കേമമായിരുന്നു എ കെ ആന്റണിയുടെ രോഷപ്രകടനം: 'കേരളം ഇതിനു കടലാസിന്റെ വില പോലും കല്‍പിക്കുകയില്ല. കേരളം ഇതു ചവറ്റുകൊട്ടയിലെറിയും.' എന്താണ് ദേശീയ നേതാവായ മിസ്റ്റര്‍ ആന്റണി 'ഇന്ത്യന്‍ ജനത' എന്നു പറയാതെ 'കേരളം' എന്നു പറഞ്ഞത്? എഐസിസി നേതാവല്ലേ താങ്കള്‍? ഇവരുടെയൊക്കെ സംഘപരിവാര ഫാഷിസ്റ്റ് വിരുദ്ധതയില്‍ (വിരോധമല്ല) ഉള്ള ആത്മാര്‍ഥത അളക്കാന്‍ കൂടുതല്‍ ഉദാഹരണം വേണ്ടിവരില്ല. എന്നിരുന്നാലും ബീഫ് കിട്ടില്ലെന്നു കേള്‍ക്കുമ്പോഴുള്ള കേരളത്തിന്റെ സമരോല്‍സുകത ആശാവഹമാണ്. ഭക്ഷണസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടവീര്യത്തിന്റെ കുഞ്ഞുശതമാനം പോലും വിശ്വാസസ്വാതന്ത്ര്യ സംരക്ഷണത്തിനായി ബീഫില്‍ പ്രതികരിച്ച ആര്‍ക്കും ഇല്ലാതെപോയതെന്തായിരിക്കും? പിണറായി, കോടിയേരി, ആന്റണി, ചെന്നിത്തല, ഹസന്‍ തുടങ്ങി ഒരു ഫാഷിസ്റ്റ് വിരുദ്ധ ചേരിയില്‍ നിന്നും ഹാദിയ അഖിലയെന്ന യുവതിയുടെ വിശ്വാസ-മനുഷ്യാവകാശ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയരാത്തത് വിചിത്രമാണ്. ശരീഅത്തിന്റെയോ മതം മാറിയ ഒരു യുവതിയുടെയോ അവകാശത്തിന്റെ മാത്രം പ്രശ്‌നമല്ല ഹാദിയ അഖിലയുടേത്. സിപിഎം എപ്പോഴും പ്രോല്‍സാഹിപ്പിക്കാറുള്ള മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിധിയാണ് വന്നത്. മാതാപിതാക്കളില്ലാത്ത വിവാഹം അസാധുവാണെന്നത്! ഇനിയെങ്ങനെ ഡിവൈഎഫ്‌ഐ യുവശക്തി പെണ്‍കുട്ടികളെ പ്രണയിച്ചു വിവാഹം കഴിക്കും? ഇന്ത്യന്‍ ഭരണഘടന നഗ്നമായി ലംഘിച്ചുകൊണ്ടുള്ള കോടതിവിധി വന്ന് അഞ്ചു നാള്‍ കഴിഞ്ഞിട്ടും ഒരു സ്വാതന്ത്ര്യവാദിയും ഒന്നും പറയാത്തത് ചിന്തനീയമാണ്. 'എന്നെ അറുക്കാന്‍ കൊടുക്കരുതേ' എന്ന ഹാദിയയുടെ നിലവിളി എന്തുകൊണ്ട് കേരളത്തിന്റെ ചങ്കില്‍ ചെന്നു തറച്ചില്ല? ജിഷ്ണുവിന്റെ അമ്മയുടെ നിലവിളി കേട്ട കേരളത്തിന്റെ മനസ്സാക്ഷി മരവിച്ചുപോയോ? ഒരു ഭാഗത്ത് റമദാന്‍ ആരംഭത്തില്‍ കശാപ്പു നിരോധം നടപ്പാക്കുന്ന അതേ വേളയില്‍ കശാപ്പു ചെയ്യാനായി ഒരു യുവതിയെ പോലിസും ജഡ്ജിയും അഭിഭാഷകരും ചേര്‍ന്നു പിടിച്ചുകൊടുത്തത് ഏതു നഗ്നനേത്രങ്ങള്‍ക്കും ഗോചരമാണെന്നിരിക്കെ, കേരളം കനത്ത നിശ്ശബ്ദതയിലാണുള്ളത്. മാതാപിതാക്കളില്ലാതെ നടന്ന ആയിരക്കണക്കിനു വിവാഹങ്ങള്‍ക്കു സാധൂകരണം നല്‍കിയ കോടതി എല്ലാ നീതിന്യായപ്രമാണങ്ങളെയും തൂക്കിലേറ്റിയത് അഭിഭാഷകര്‍ വരെ കണ്ടുനില്‍ക്കുകയാണ്. മറ്റു തിരക്കുകളില്‍ നിന്നൊഴിഞ്ഞിട്ട് നേരമില്ലാത്തതിനാല്‍ മിക്ക മുഖ്യധാരാ മുസ്‌ലിം സംഘടനകളും മൗനത്തിലാണ്. 'ഇന്നു ഞാന്‍, നാളെ നീ' എന്ന ആപ്തവാക്യം എല്ലാവരും ഓര്‍ക്കുന്നത് നന്നായിരിക്കും. ഭയപ്പാടിന്റെ ഒരു മൗനത്തിനും നമ്മെ രക്ഷപ്പെടുത്താനാവില്ല. കാരണം, പഴയ മട്ടിലുള്ള വര്‍ഗീയ ലഹളയല്ല ഇപ്പോള്‍ സംഘപരിവാരത്തിന്റെ രീതി. കൂട്ടമായി വന്ന് ഒറ്റപ്പെട്ട സാധുക്കളെ പിടികൂടി അടിച്ചുകൊല്ലുകയാണ്. അത് ആര്‍ക്കും എപ്പോഴും എവിടെ വച്ചും സംഭവിക്കാം. ആനകളെ ഉല്‍സവത്തിനു കൊണ്ടുവന്നു പീഡിപ്പിക്കുന്നതിലും ജല്ലിക്കെട്ടിലും മൃഗപീഡനം കാണാത്തവരാണ് അഡോള്‍ഫ് ഹിറ്റ്‌ലറുടെ മാതൃക പിന്‍പറ്റി മൃഗസംരക്ഷണ ചരിത്രം ഇന്ത്യയില്‍ ആവര്‍ത്തിക്കുന്നത്. മനുഷ്യരെ കൊന്നുകൊണ്ടിരിക്കുകയും മൃഗങ്ങളെ കൊല്ലാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ഫാഷിസ്റ്റ് തന്ത്രങ്ങള്‍ക്കു പിന്നില്‍ നിഗൂഢവും ഭയാനകവുമായ ഭവിഷ്യത്തുകളാണ് പതിയിരിക്കുന്നത്. കൊല്ലപ്പെടുന്നില്ലെങ്കില്‍ ഈ മൃഗങ്ങള്‍ ചത്തുനാറുന്നതു നാം കാണേണ്ടിവരും. കഴുകന്മാര്‍ പെരുകും. അന്തരീക്ഷം മലിനമാവും. ഇതു പശുസ്‌നേഹമോ മൃഗസ്‌നേഹമോ അല്ലെന്നു വൈകാതെ വ്യക്തമാവും. ഇവയെ അറുത്തു ഭക്ഷണമാക്കുമ്പോള്‍ മാത്രമേ കൂടുതല്‍ മൃഗങ്ങളെ വളര്‍ത്തുകയും പ്രത്യുല്‍പാദനപ്രക്രിയ നടക്കുകയുമുള്ളൂ. ഗോവധനിരോധനം മൂലം ഇന്ത്യയില്‍ പശുക്കളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായിട്ടാണ് കണക്ക്. പോത്തുകള്‍ പെരുകുകയും ചെയ്യുന്നു. പോത്തുകളുടെ കശാപ്പ് നിരോധിച്ചാല്‍ അവയുടെ പ്രത്യുല്‍പാദനവും കുറയും. തുകല്‍ വ്യവസായം മുരടിച്ചുതീരും. ഇത്രയും സംഭവിക്കുന്നതുവരെ കാത്തിരിക്കാന്‍ ബീഫ് കയറ്റുമതിക്കാരും ഇന്ത്യയില്‍ പാക്കറ്റ് ബീഫ് വിപണനത്തിനായി ഒരുങ്ങുന്ന കോര്‍പറേറ്റ് കമ്പനികളും നരേന്ദ്ര മോദിയെ പ്രേരിപ്പിച്ചേക്കും. എന്നാല്‍, വിശ്വാസസ്വാതന്ത്ര്യത്തിന്റെ സ്ഥിതി അതല്ല. അതു സംരക്ഷിക്കാനുള്ള പോരാട്ടം നടന്നില്ലെങ്കില്‍ ഇന്ത്യ മനുവാദി രാജ്യമായി മാറും. മതേതര നാട്യക്കാര്‍ക്കു പോലും രക്ഷയില്ലാതാവുന്ന നാളുകളിലേക്ക് അതിവേഗം കൂപ്പുകുത്തുകയാണ് രാജ്യം. നിങ്ങളുടെ വ്യക്തിപരമായ, വൈവാഹികമായ കാര്യങ്ങളിലും പ്രണയങ്ങളിലും വരെ കൈവയ്ക്കുന്ന ക്രൂരതകള്‍ 'കോടതിയെ തെറ്റിദ്ധരിപ്പിച്ചു' എന്നും മറ്റും ന്യായീകരിക്കപ്പെടുന്ന കാലത്ത്, 'അത് ഹാദിയക്കല്ലേ, നമുക്കെന്ത്' എന്ന അജ്ഞതാനാട്യം എത്ര കാലം തുടരാനാവും? മതം മാറിയ ഫൈസലിന്റെ വധത്തിനെതിരെയോ ഉറങ്ങിക്കിടന്ന കക്ഷിരഹിതനായ റിയാസ് മൗലവിയുടെ നരഹത്യക്കെതിരെയോ അനന്തുവിനെ ചവിട്ടിക്കൊന്നതിനെതിരെയോ പൊതുശബ്ദം ഉയരാത്തത് ഭീതിയോടെത്തന്നെ കാണേണ്ടതാണ്. ശാഖയില്‍ പങ്കെടുക്കാത്തതിന് ആര്‍എസ്എസുകാരനെത്തന്നെ കൊന്നപ്പോഴും പൊതുസമൂഹം മിണ്ടിയില്ല. കാസര്‍കോട്ടും കണ്ണൂരിലും മലപ്പുറത്തും കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ വെളിച്ചത്തുവന്നു. കാഞ്ഞങ്ങാട്ട് ഫഹദ് എന്ന മൂന്നാം ക്ലാസുകാരനെ കഴുത്തറുത്തുകൊന്നു. മലപ്പുറം ജില്ലയില്‍ പൂക്കോട്ടുംപാടം ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്തു. ഇത്തരം കുല്‍സിത നീക്കങ്ങളെല്ലാം ഭാഗ്യവശാല്‍ കലാപനിര്‍മിതിയില്‍ പരാജയപ്പെട്ടുവെന്നു മാത്രം. പക്ഷേ, നമ്മളൊന്നും മിണ്ടിയില്ല. ഇനി എന്നാണ് നാം സംസാരിക്കുക? ഹാദിയാ, ബീഫായിരുന്നുവെങ്കില്‍ നീ ഇന്നു മതേതര ശക്തികളുടെ വീരനായികയും സംഘപരിവാരത്തിന്റെ പേടിസ്വപ്‌നവുമാവുമായിരുന്നു. എന്തു ചെയ്യാം! നീ വികാരവിചാരങ്ങളുള്ള ഒരു മനുഷ്യസ്ത്രീ ആയിപ്പോയില്ലേ?
Next Story

RELATED STORIES

Share it