Flash News

ഹാദിയയ്ക്ക് ഉപദ്രവമേല്‍ക്കുന്നില്ലെന്ന് പോലിസ് റിപോര്‍ട്ട്



തിരുവനന്തപുരം: ഡോ. ഹാദിയയ്ക്ക് വീട്ടില്‍ ഉപദ്രവമേല്‍ക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കോട്ടയം ജില്ലാ പോലിസ് മേധാവി വി എം മുഹമ്മദ് റഫീഖ് വനിതാ കമ്മീഷന് റിപോര്‍ട്ട് നല്‍കി. ഹാദിയ രണ്ടു വനിതാ പോലിസുകാരുടെ നേരിട്ടുള്ള സംരക്ഷണയിലാണ് വീട്ടില്‍ കഴിയുന്നതെന്നും പിതാവിന്റെയോ മറ്റുള്ളവരുടെയോ ഉപദ്രവമോ മറ്റു ദോഷകരമായ പ്രവൃത്തികളോ ഉണ്ടാവാത്തവിധം സദാ പോലിസ് സുരക്ഷയുണ്ടെന്നുമാണ് റിപോര്‍ട്ടിലുള്ളത്. ഹാദിയയ്ക്കു പിതാവിന്റെ പീഡനമില്ല. മയക്കിക്കിടത്താന്‍ മരുന്നും നല്‍കുന്നില്ല.  പിതാവ് ഉപദ്രവിക്കുന്നുവെന്നും മറ്റുമുള്ള തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നത് വസ്തുതാവിരുദ്ധമാണെന്നാണ് റിപോര്‍ട്ടിലെ ഉള്ളടക്കം.ഹാദിയയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലിസിനോട് വനിതാ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി അടിയന്തരമായി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനാണ് നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പോലിസ് മേധാവി റിപോര്‍ട്ട് നല്‍കിയത്. വീടിനു പുറത്ത് പോലിസ് കാവലുണ്ട്. രാത്രികാലങ്ങളില്‍ വൈക്കം സബ് ഡിവിഷനിലെ വിവിധ പോലിസ് സ്റ്റേഷനുകളിലെ മൊബൈല്‍ പട്രോളിങ് ഡ്യൂട്ടിയിലുള്ളവര്‍ സുരക്ഷ നല്‍കുന്നു. വീട് വേമ്പനാട്കായലിനു സമീപമായതിനാല്‍ ബോട്ട് പട്രോളിങും സജ്ജീകരിച്ചതായി റിപോര്‍ട്ടില്‍ പറയുന്നു. കുടുംബം ബന്ധുക്കളുമായും അയല്‍വാസികളുമായും ഇടപഴകിയാണ് ജീവിക്കുന്നത്. സദാസമയം തങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ പിതാവിനോ മറ്റാര്‍ക്കെങ്കിലുമോ യുവതിയെ ശാരീരികമായി ഉപദ്രവിക്കാനോ മറ്റു ദോഷകരമായ പ്രവൃത്തി ചെയ്യാനോ സാധിക്കില്ലെന്നും സംരക്ഷണച്ചുമതലയുള്ള വനിതാ പോലിസ് ഉദ്യോഗസ്ഥയുടെയും വൈക്കം സബ് ഇന്‍സ്‌പെക്ടറുടെയും അഭിപ്രായവും റിപോര്‍ട്ടിലുണ്ട്. ഹാദിയയ്ക്കും കുടുംബത്തിനും കോടതിവിധിയുടെ അടിസ്ഥാനത്തില്‍ മതിയായ സുരക്ഷ നല്‍കുന്നുണ്ടെന്നും എസ്പി പറഞ്ഞു. അഞ്ചു ദിവസത്തിലൊരിക്കല്‍ ഹാദിയയുടെ സ്ഥിതി അറിയിക്കണമെന്നും നേരിട്ടുള്ള സംരക്ഷണത്തിനു ചുമതലപ്പെടുത്തുന്ന വനിതാ പോലിസുകാരുടെ അഭിപ്രായം റിപോര്‍ട്ടില്‍ നിര്‍ബന്ധമായും ഉള്‍ക്കൊള്ളിക്കണമെന്നും എസ്പിക്ക് നിര്‍ദേശം നല്‍കുമെന്നും എം സി ജോസഫൈന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it