Flash News

ഹാദിയയോട് കാണിച്ചത് മനുഷ്യത്വമില്ലാത്ത ക്രൂരത

ഹാദിയയോട് കാണിച്ചത് മനുഷ്യത്വമില്ലാത്ത ക്രൂരത
X



കോഴിക്കോട്: ഇസ്‌ലാം മതം സ്വീകരിച്ച ഹാദിയക്ക് നീതി നിഷേധിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി തിരുത്തണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ഏകോപന സമിതി തിങ്കളാഴ്ച നടത്തുന്ന ഹൈക്കോടതി മാര്‍ച്ച് വന്‍ വിജയമാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി അഭ്യര്‍ഥിച്ചു. തനിക്കിഷ്ടപ്പെട്ട മുസ്‌ലിം യുവാവിനെ വരനായി സ്വീകരിച്ച ഡോ. ഹാദിയയുടെ വിവാഹം റദ്ദ് ചെയ്ത് മാതാപിതാക്കളുടെ കൂടെ നിര്‍ബന്ധിച്ചയച്ച നടപടി മനുഷ്യത്വമില്ലാത്ത ക്രൂരതയാണ്. മോദി ഭരണത്തില്‍ കന്നുകാലികള്‍ക്ക് ലഭിക്കുന്ന നിയമ പരിരക്ഷ പോലും മുസ്‌ലിംകള്‍ക്കും ദലിതുകള്‍ക്കും നിഷേധിക്കപ്പെടുമ്പോള്‍ ജീവരക്ഷയ്ക്കായി അവര്‍ ആത്മപ്രതിരോധത്തിന്റെ വഴികള്‍ അന്വേഷിക്കേണ്ടി വരുമോയെന്ന് മജീദ് ഫൈസി ചോദിച്ചു.
ഒരിക്കല്‍ ഹേബിയസ് കോര്‍പസ് ഹരജി തീര്‍പ്പാക്കി കോടതി സ്വന്തം ഇഷ്ടത്തിന് വിട്ട ഹാദിയയുടെ പേരില്‍ വീണ്ടും പിതാവ് കോടതിയിലെത്തിയതിലെ ദുരൂഹത വര്‍ധിപ്പിക്കുന്ന നീക്കങ്ങളാണ് പിന്നീടുണ്ടായത്. കോടതി നടപടി പൂര്‍ത്തിയാവും വരെ ഹാദിയയെ ഒരു ഹോസ്റ്റലില്‍ താമസിപ്പിക്കാന്‍ ഉത്തരവിട്ട കോടതി മാതാപിതാക്കളല്ലാത്തവര്‍ക്ക് പെണ്‍കുട്ടിയോട് സംസാരിക്കാന്‍ അനുമതി നിഷേധിച്ചു. മൂന്ന് മാസത്തെ ഈ കസ്റ്റഡിക്ക് ശേഷവും ഇഷ്ടപ്പെട്ട മതത്തെയും വരനെയും ഉപേക്ഷിക്കാന്‍ ഹാദിയ തയ്യാറാവാതിരുന്നപ്പോഴാണ് ബലമായി പിതാവിന് പിടിച്ച് കൊടുക്കാന്‍ കോടതി ഉത്തരവിട്ടത്. ആര്‍എസ്എസിന്റെ ഘര്‍വാപസിക്ക് സമാനമായ പ്രവര്‍ത്തനമാണ് ദൗര്‍ഭാഗ്യവശാല്‍ ചില ജഡ്ജിമാരില്‍ നിന്നുണ്ടായത്.
വിവാഹം കഴിക്കാതെ പോലും സ്ത്രീ പുരുഷന്‍മാര്‍ക്ക് ഒന്നിച്ച് ജീവിക്കാന്‍ സ്വാതന്ത്ര്യമുള്ള രാജ്യത്ത് ഈ അവകാശം ഇസ്‌ലാമിലേക്ക് മതം മാറിയ ഒരു സ്ത്രീക്ക് മാത്രം നിഷേധിക്കുന്നതും മനസ്സ് കൊണ്ടിണങ്ങിയ വരനെ ഉപേക്ഷിക്കാന്‍ കല്‍പന കൊടുക്കുന്നതും എങ്ങിനെയാണ് ന്യായവും പ്രായോഗികവുമാവുക.
എല്ലാതരം പീഡനങ്ങളും തടയാന്‍ ബാധ്യതപ്പെട്ട കോടതി മുഖേന ഹാദിയക്ക് മാനസികവും ശാരീരികവുമായി കൊടിയ പീഡനങ്ങളാണ് അനുഭവിക്കേണ്ടി വന്നിരിക്കുന്നത്. കേരളത്തില്‍ ഇന്നേവരെയുണ്ടായിട്ടുള്ളതില്‍വച്ച് ഏറ്റവും ഗുരുതരമായ നീതി നിഷേധം ഒരു സ്ത്രീ അനുഭവിക്കേണ്ടി വന്നിട്ടും ഉണരാത്ത ഫെമിനിസ്റ്റുകളുടെയും രാഷ്ട്രീയ നേതാക്കളുടെയും വര്‍ഗീയ മുഖം അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണെന്നും മജീദ് ഫൈസി ചൂണ്ടിക്കാട്ടി. അടിമത്വത്തില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കാന്‍ ഏറ്റവുമധികം ത്യാഗം സഹിച്ച മുസ്‌ലിംകള്‍ക്കും പിന്നാക്ക ജനവിഭാഗങ്ങള്‍ക്കും കൂടി അവകാശപ്പെട്ടതാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യവും മതേതരത്വവും. ഇത് സംരക്ഷിക്കാനായി നടക്കുന്ന മുഴുവന്‍ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ക്കും പാര്‍ട്ടി പിന്തുണ പ്രഖ്യാപിക്കുന്നതായി അബ്ദുല്‍ മജീദ് ഫൈസി അറിയിച്ചു.

[related]
Next Story

RELATED STORIES

Share it