Flash News

ഹാദിയയെ കേള്‍ക്കും : നവംബര്‍ 27ന് ഹാജരാക്കണമെന്ന് സുപ്രിംകോടതി



സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ഇസ്‌ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ ഹൈക്കോടതി വീട്ടുതടങ്കലിലടച്ച ഡോ. ഹാദിയയെ അടുത്തമാസം 27ന് മൂന്നു മണിക്ക് സുപ്രിംകോടതി മുമ്പാകെ ഹാജരാക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. അതുവരെ ഹാദിയക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും കോടതി വ്യക്തമാക്കി. അടച്ചിട്ട മുറിയില്‍ വാദംകേള്‍ക്കണമെന്ന ഹാദിയയുടെ പിതാവിന്റെ ആവശ്യം സുപ്രിംകോടതി തള്ളി.
ഹാദിയയെ കോടതിയില്‍ ഹാജരാക്കാതിരിക്കാനുള്ള എല്ലാ വാദഗതികളും പിതാവിന്റെ അഭിഭാഷകന്‍ നിരത്തിയെങ്കിലും ആദ്യം ഹാദിയയെ തങ്ങള്‍ക്ക് നേരിട്ടു കേള്‍ക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞതോടെ, തുറന്ന കോടതിമുറിയില്‍ ഹാജരാക്കാതെ സ്വകാര്യമായി നടപടികള്‍ വേണമെന്ന വാദം അദ്ദേഹം ഉന്നയിക്കുകയായിരുന്നു. സ്വകാര്യമുറിയില്‍ ഹാദിയയെ കേള്‍ക്കണമെന്നായിരുന്നു പിതാവ് അശോകന് വേണ്ടി ഹാജരായ ശ്യാം ദിവാന്റെ ആവശ്യം. എന്നാല്‍, തുറന്ന കോടതിയില്‍ തന്നെ വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. കേസ് അന്വേഷിക്കുന്ന എന്‍ഐഎയുടെ അഭിഭാഷകന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങും ഹാദിയയെ കോടതിയില്‍ ഹാജരാക്കുന്നതിനെ ശക്തമായി എതിര്‍ത്തു.
എന്നാല്‍, തങ്ങള്‍ക്ക് ആദ്യം ഹാദിയയെ കേള്‍ക്കണമെന്ന ശക്തമായ നിലപാടാണ് കോടതി എടുത്തത്. മതംമാറ്റവും ഷഫിന്‍ ജഹാനുമായുള്ള വിവാഹവും ഹാദിയയുടെ  സ്വന്തം ഇഷ്ടപ്രകാരമായിരുന്നോ എന്ന് കോടതിക്ക് അറിയണമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇതിനായി നവംബര്‍ 27ന് മൂന്നു മണിയോടെ ഹാദിയയെ ഹാജരാക്കണമെന്നു കോടതി വ്യക്തമാക്കി.
രണ്ടു മണിക്കൂറോളം നീണ്ട വാദപ്രതിവാദമാണ് ഇന്നലെ കോടതിയില്‍ നടന്നത്. ഹാദിയയെ നിഗൂഢമായ മനശ്ശാസ്ത്ര സമീപനങ്ങളിലൂടെ മനസ്സു കീഴടക്കിയാണ് മതംമാറ്റിയതെന്ന് എന്‍ഐഎ കോടതിയില്‍ വാദിച്ചു. അമേരിക്കയിലും ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളുണ്ടെന്നും അത്തരം സംഘങ്ങളെ അവര്‍ അവിടെ നിരോധിച്ചിട്ടുണ്ടെന്നും മനീന്ദര്‍ സിങ് പറഞ്ഞു. ഹാദിയയെ വിവാഹം ചെയ്ത ഷഫിന്‍ ജഹാന്‍ ക്രിമിനലാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍, താങ്കള്‍ അമേരിക്കയുടെ കാര്യം വിടൂ എന്നും ഒരു ക്രിമിനലിനെ വിവാഹം കഴിക്കുന്നതിന് ഇന്ത്യയിലെ ഏതെങ്കിലും നിയമം തടയുന്നുണ്ടോ എന്നും ചീഫ് ജസ്റ്റിസ് തിരിച്ചുചോദിച്ചത് കോടതിമുറിയില്‍ ചിരി പടര്‍ത്തി. ഈ കേസ് മെന്റല്‍ കിഡ്‌നാപ്പിങ് (മനസ്സ് തട്ടിയെടുക്കല്‍) ആണെന്നും തെറ്റായ രീതിയില്‍ ഒരു വിശ്വാസത്തെക്കുറിച്ചു പഠിപ്പിച്ച് മനസ്സു മാറ്റുകയാണെന്നും ഇക്കാര്യം പരിശോധിക്കണമെന്നുമായിരുന്നു എന്‍ഐഎയുടെ വാദം.
എന്നാല്‍, തങ്ങള്‍ ഇപ്പോള്‍ അതിലേക്കൊന്നും പോവുന്നില്ല, ഹാദിയ വിവാഹം ചെയ്തത് സ്വന്തം ഇഷ്ടപ്രകാരമാണോ എന്ന കാര്യം മാത്രമാണ് പരിശോധിക്കുക-ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ആരെങ്കിലും നിയമവിരുദ്ധമായി വല്ലതും ചെയ്തിട്ടുണ്ടെങ്കില്‍ അതിനെതിരേ നിങ്ങള്‍ക്കു വേണ്ടത് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. ഒരു കേസ് കൈയില്‍ കിട്ടിയാല്‍ ഭംഗിയായി പ്രസംഗിക്കാന്‍ ആര്‍ക്കുമാവും. എന്നാല്‍, കോടതിക്ക് നിയമവശങ്ങളേ നോക്കാനാവൂ എന്ന് അശോകന്റെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് പറഞ്ഞു.
നവംബര്‍ 27ന് ഹാദിയയെ കോടതിയില്‍ ഹാജരാക്കണമെന്ന് ചീഫ് ജസ്റ്റിസ് സംസ്ഥാന പോലിസിന് നിര്‍ദേശം നല്‍കിയപ്പോള്‍ അശോകന്റെ അഭിഭാഷകന്‍ ഇടപെട്ടു. അശോകന്‍ തന്നെ ഹാദിയയെ ഹാജരാക്കാമെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it