Flash News

ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ആര്‍ക്കും അധികാരമില്ല: സിദ്ധാര്‍ഥ് വരദരാജന്‍

തൃശൂര്‍: ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ആര്‍ക്കും അധികാരമില്ലെന്നു 'ദി വയര്‍' സ്ഥാപക പത്രാധിപര്‍ സിദ്ധാര്‍ഥ് വരദരാജന്‍. സുപ്രിംകോടതിയും എന്‍ഐഎയും സര്‍ക്കാരും വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാനാണു നിലപാടെടുക്കേണ്ടത്. ഭരണഘടനാപരമായ അവകാശങ്ങള്‍ എല്ലാ പൗരന്‍മാര്‍ക്കും ലഭ്യമാക്കേണ്ടതുണ്ട്. തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ കോലഴി ഗ്രാമീണ വായനശാല സംഘടിപ്പിച്ച കോലഴി മുരളീധരന്‍ അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആര്‍എസ്എസ്, പോപുലര്‍ ഫ്രണ്ട് അടക്കമുള്ളവരുടെ രാഷ്ട്രീയ അജണ്ടകളെയല്ല നാം പരിഗണിക്കേണ്ടത്. നമ്മുടെ പക്ഷത്തു നില്‍ക്കുന്നവരുടെ അവകാശങ്ങള്‍ക്കു വേണ്ടി മാത്രമല്ല ശബ്ദമുയര്‍ത്തേണ്ടത്. സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നവരുടെ പക്ഷത്തു രാഷ്ട്രീയത്തിന് അതീതമായി നിലകൊള്ളാന്‍ സാധിക്കണം. ഹാദിയക്ക് ഇഷ്ടമുള്ളതു പോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യമാണു വേണ്ടത്. എന്തു കാണണം, എന്തു ഭക്ഷിക്കണം തുടങ്ങി വ്യക്തിപരമായ കാര്യങ്ങളില്‍ പോലും ഭരണകൂടം ഇടപെടുന്നു. ഹാദിയ വിഷയത്തില്‍ നാം അതാണു കണ്ടത്. ആരെ വിവാഹം കഴിക്കണം, ആരുടെ കൂടെ പോവണം എന്നുള്ളതെല്ലാം ഹാദിയയുടെ സ്വന്തം ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തു വെറുപ്പിന്റെ രാഷ്ട്രീയം മേല്‍ക്കൈ നേടിക്കഴിഞ്ഞു. വിമര്‍ശകരെ ദേശവിരുദ്ധരും തീവ്രവാദികളും പാകിസ്താന്‍ അനുകൂലകരുമാക്കി വംശീയമായ അടിച്ചമര്‍ത്തല്‍ നടത്താനാണ് ഫാഷിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നത്.  പൗരന്റെ അവസാന പ്രതീക്ഷയായിരുന്ന ജുഡീഷ്യറിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിലാണു മോദി സര്‍ക്കാരെന്ന് സിദ്ദാര്‍ഥ് വരദരാജന്‍ പറഞ്ഞു.   എന്‍ മാധവന്‍ കുട്ടി, രേണു രാമനാഥന്‍, കെ എ മോഹന്‍ദാസ് സംസാരിച്ചു.
Next Story

RELATED STORIES

Share it