Flash News

ഹാട്രിക്കോടെ മെസ്സി; അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം

ഹാട്രിക്കോടെ മെസ്സി; അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം
X

ബ്യൂണസ് ഐറിസ്: ഫുട്‌ബോളിന്റെ രാജകുമാരന്‍ ബ്യൂണസ് ഐറിസില്‍ ഹാട്രിക്ക് ഗോളുകളുമായി നിറഞ്ഞാടിയ മല്‍സരത്തില്‍ ഹെയ്തിക്കെതിരേ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ പടയാളികള്‍ ജയിച്ചുകയറിയത്. റഷ്യന്‍ ലോകകപ്പിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന പ്രകടനമായിരുന്നു മെസ്സി പുറത്തെടുത്തത്.  17ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെയായിരുന്നു മെസ്സി ഗോള്‍ വേട്ട തുടങ്ങിയത്. ആദ്യ പകുതിയില്‍ ഒരു ഗോളുകൊണ്ട് തൃപ്തിപ്പെട്ട അര്‍ജന്റീന രണ്ടാം പകുതിയിലാണ് ഹെയ്തി ഗോള്‍ പോസ്റ്റ് മൂന്ന് തവണ കുലുക്കിയത്.
58ാം മിനിറ്റില്‍ മെസ്സി തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. പിന്നീട് 66ാം മിനിറ്റിലും ലക്ഷ്യം കണ്ടെത്തിയ മെസ്സി ഹാട്രിക്ക് തികച്ചു. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ മാഞ്ചസ്റ്റര്‍ സിറ്റി താരം സെര്‍ജിയോ അഗ്യൂറോയുടെ വകയായിരുന്നു അര്‍ജന്റീനയുടെ നാലാം ഗോള്‍. മെസ്സി അസിസ്റ്റ് നല്‍കിയപ്പോള്‍ അനായാസം അഗ്യൂറോ വല തുളയ്ക്കുകയായിരുന്നു. സിറ്റിക്കുവേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്ന അഗ്യൂറോയുടെ പ്രകടനം അര്‍ജന്റീനന്‍ നിരക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. ഹെയ്തിയുടെ ഗോള്‍ശ്രമങ്ങളെല്ലാം അര്‍ജന്റീനയുടെ പ്രതിരോധകോട്ടയില്‍ തട്ടി തകര്‍ന്നതോടെ എതിരില്ലാത്ത നാല് ഗോള്‍ ജയത്തോടെയാണ് മെസ്സിയും സംഘവും ബൂട്ടഴിച്ചത്.
Next Story

RELATED STORIES

Share it