Flash News

ഹാജര്‍ വിളിക്കുമ്പോള്‍ ഇനിമുതല്‍ ജയ്ഹിന്ദ് മതി;രാജ്യ സ്‌നേഹം വളര്‍ത്താന്‍ പുതിയ പദ്ധതിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍

ഹാജര്‍ വിളിക്കുമ്പോള്‍ ഇനിമുതല്‍ ജയ്ഹിന്ദ് മതി;രാജ്യ സ്‌നേഹം വളര്‍ത്താന്‍ പുതിയ പദ്ധതിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍
X


ഭോപ്പാല്‍: വിദ്യാര്‍ഥികളില്‍ രാജ്യസ്‌നേഹം വളര്‍ത്തുന്നതിന് പുതിയ പദ്ധതിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍. സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ ഇനിമുതല്‍ യെസ് മാം,യെസ് സാര്‍ എന്നതിന് പകരം ജയ്ഹിന്ദ് എന്നുപറഞ്ഞാല്‍ മതിയെന്നാണ് ബിജെപി സര്‍ക്കാരിന്റെ ഉത്തരവ്.ഇതുസംബന്ധിച്ച് സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് നല്‍കി. വിദ്യാര്‍ഥികളില്‍ രാജ്യസ്‌നേഹം വളര്‍ത്താനുള്ള ഏറ്റവും നല്ല തുടക്കമാണിതെന്നും ഈ തീരുമാനത്തെ പോസിറ്റീവായി എടുക്കണമെന്നും ബിജെപി വക്താവ് രാഹുല്‍ കോതാരി പറഞ്ഞു.
നിലവില്‍ സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ പറയുന്ന യെസ് മാം, യെസ് സാര്‍ എന്നിവയൊന്നും കുട്ടികളില്‍ രാജ്യ സ്‌നേഹം വളര്‍ത്തില്ലെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി നേരത്തെ പറഞ്ഞിരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇതിന് പകരം ജയ്ഹിന്ദ് നിര്‍ബന്ധമാക്കി നിയമം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ സത്‌ന ജില്ലയിലെ സ്‌കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കുകയും ചെയ്തിരുന്നു.
അതേസമയം, ബിജെപി സര്‍ക്കാരിന്റെ പുതിയ നീക്കത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നു.ഹാജര്‍ വിളിക്കുമ്പോള്‍ ജയ് ഹിന്ദ് എന്ന് പറയണമെന്നത് നിര്‍ബന്ധമാക്കേണ്ട കാര്യമല്ലെന്നും മൂല്യമുള്ള വിദ്യാഭ്യാസം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും കോണ്‍ഗ്രസ് നേതാവ് കെകെ മിശ്ര പറഞ്ഞു.
Next Story

RELATED STORIES

Share it