Flash News

ഹസ്തദാനത്തില്‍ ഇളവ്; സ്വിറ്റ്‌സര്‍ലന്‍ഡില്‍ വിവാദം

ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡില്‍ വിദ്യാലയത്തിലെ ഹസ്തദാനത്തെച്ചൊല്ലി പുതിയ വിവാദം. വടക്കന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ തെര്‍വില്‍ പട്ടണത്തിലെ സ്‌കൂളില്‍ അധ്യാപികമാര്‍ക്ക് ഹസ്തദാനം നല്‍കുന്നതില്‍ നിന്ന് രണ്ട് മുസ്‌ലിം ബാലന്‍മാര്‍ക്ക് ഇളവുനല്‍കിയതാണു പുതിയ വിവാദത്തിനു കാരണമായത്.
കുടുംബാംഗങ്ങളല്ലാത്ത സ്ത്രീകളെ സ്പര്‍ശിക്കുന്നതു വിശ്വാസത്തിനെതിരാണെന്നു കുട്ടികള്‍ അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു അവര്‍ക്ക് ഇളവ് അനുവദിച്ചത്. പതിനായിരത്തോളം പേര്‍ മാത്രമുള്ള പട്ടണമായ തെര്‍വിലില്‍ നടന്ന ഈ സംഭവം പക്ഷേ, ദേശീയതലത്തില്‍ തന്നെ വലിയ ചര്‍ച്ചയായി മാറി.
ഹസ്തദാനം സ്വിസ് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് ഈ വിഷയത്തില്‍ പ്രതികരണമറിയിച്ച നിയമമന്ത്രി സിമൊണെറ്റ സൊമ്മാരുഗ പറഞ്ഞു. മറ്റുള്ളവരോടുള്ള ബഹുമാനമാണ് ഹസ്തദാനത്തിലൂടെ പ്രകടിപ്പിക്കപ്പെടുന്നതെന്ന് സ്വിസ് പാര്‍ലമെന്റിലെ വിദ്യാഭ്യാസ കമ്മീഷന്‍ തലവന്‍ ഫെലിക്‌സ് മുറെയ് പ്രതികരിച്ചു.
സ്‌കൂളിന്റെ നടപടിയില്‍ രാജ്യത്തെ മുസ്‌ലിം സംഘടനകള്‍ വിയോജിപ്പു രേഖപ്പെടുത്തി. വനിതാ അധ്യാപികയ്ക്ക് ആണ്‍കുട്ടികള്‍ ഹസ്തദാനം ചെയ്യുന്നത് ഖുര്‍ആന്‍ വിരുദ്ധമല്ലെന്ന് സ്വിസ് ഫെഡറേഷന്‍ ഓഫ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍സ് അറിയിച്ചു.
സ്‌കൂള്‍ അധികൃതരുടെ നടപടിയോടു യോജിക്കാനാവില്ലെന്നും ഇത്തരം നിലപാടുകള്‍ പ്രോല്‍സാഹിപ്പിക്കരുതെന്നും ഫോറം ഫോര്‍ പ്രോഗ്രസീവ് ഇസ്‌ലാം പ്രതിനിധി സൈദ കെല്ലെര്‍ മെസ്സാഹ്‌ലി പറഞ്ഞു.
Next Story

RELATED STORIES

Share it