ഹഷീഷ് ഓയിലുമായി പിടിയില്‍

കോട്ടയം: നഗരമധ്യത്തിലെ വീട്ടില്‍ നിന്ന് അരക്കോടി രൂപ വിലയുള്ള ഹഷീഷ് ഓയില്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കോട്ടയം എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കോട്ടയം ഈരയില്‍ക്കടവ് വട്ടക്കുന്നേല്‍ നിഷാന്ത് പോള്‍ കുര്യനെ(27)യാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. പ്രതിയെ 20 വരെ കോടതി റിമാന്‍ഡ് ചെയ്ത് കോട്ടയം സബ്ജയിലിലേക്കയച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. തുടര്‍ന്നു രഹസ്യമായി പ്ലാസ്റ്റിക് കൂടില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന 510 ഗ്രാം ഹഷീഷ് ഓയില്‍ കണ്ടെത്തുകയായിരുന്നു.  സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായി എക്‌സൈസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഒരാള്‍ ഉപയോഗിക്കുന്നതിനു വേണ്ടി മാത്രം 510 ഗ്രാം ഹഷീഷ് സൂക്ഷിക്കാന്‍ സാധ്യതയില്ലെന്നാണ് എക്‌സൈസ് അധികൃതര്‍ നല്‍കുന്ന വിവരം. ഹഷീഷ് ഓയില്‍ സൂക്ഷിച്ച് ആവശ്യക്കാര്‍ക്കു വില്‍പന നടത്തുന്ന സംഘങ്ങളുമായും ഇവര്‍ക്കു ബന്ധമുണ്ടോയെന്നും എക്‌സൈസ് അധികൃതര്‍ അന്വേഷിക്കുന്നുണ്ട്. വട്ടക്കുന്നേല്‍ വീട് കേന്ദ്രീകരിച്ചു വന്‍തോതില്‍ ലഹരി ഉപയോഗവും വില്‍പനയും നടക്കുന്നതായിട്ടാണ് എക്‌സൈസിനു വിവരം ലഭിച്ചത്. ദിവസങ്ങളോളം നിരീക്ഷണം നടത്തിയശേഷമാണ് ഇന്നലെ പുലര്‍ച്ചെ റെയ്ഡ് നടത്താന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. പിടിച്ചെടുത്ത ഹഷീഷ് ഓയില്‍ എക്‌സൈസ് ഓഫിസിലേക്ക് മാറ്റി. റെയ്ഡിന് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സിഐ അശോക് കുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സജികുമാര്‍, പ്രിവന്റീവ് ഓഫിസര്‍ രാജേഷ്, സന്തോഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ എല്‍ ദീപേഷ്, ഷാജു പങ്കെടുത്തു.
Next Story

RELATED STORIES

Share it