Flash News

ഹവൂറ ഗ്രാമം കരയുന്നു; സൈന്യം വെടിവച്ചു കൊന്ന കുട്ടികളെയോര്‍ത്ത്

ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാം ജില്ലയിലെ ഹവൂറ ഗ്രാമത്തില്‍ കഴിഞ്ഞദിവസം കൂട്ടക്കരച്ചില്‍ ഉയര്‍ന്നത് സൈന്യം വെടിവച്ചു കൊന്ന രണ്ടു കുട്ടികളെയോര്‍ത്താണ്. 14കാരിയായ അന്ദില ജാനും 21കാരനായ ഷാകിര്‍ ഖാന്‍ദിയയുമാണ് ഇന്ത്യന്‍ സൈന്യത്തിന്റെ വെടിയേറ്റു കൊല്ലപ്പെട്ടത്.
വെടിയേറ്റു വീണ അന്ദില ജാനെ അവിടെ നിന്ന് എടുത്തുമാറ്റാന്‍ പോലും കഴിഞ്ഞില്ല. അപ്പോഴെല്ലാം സൈന്യം വെടിവയ്പ് തുടരുകയായിരുന്നു. 20 മിനിറ്റു കഴിഞ്ഞ് പട്ടാളക്കാര്‍ പോയ ശേഷമാണ് അവളുടെ അടുത്തേക്ക് ചെല്ലാന്‍ കഴിഞ്ഞത്. അപ്പോഴേക്കും മരിച്ചിരുന്നു- അന്ദിലയുടെ അമ്മാവനായ റാഹില്‍ പറഞ്ഞു.
എട്ടാം ക്ലാസുകാരിയായ  അന്ദില വെടിവയ്പ് നടക്കുന്നിടത്തേക്ക് അറിയാതെ എത്തിപ്പെട്ടതായിരുന്നുവെന്നും സൈന്യത്തിന്റെ വെടിയുണ്ടകള്‍ക്ക് ഇരയായെന്നും റാഹില്‍ രോഷത്തോടെ പറഞ്ഞു.
ശനിയാഴ്ച രാവിലെ 11.30ഓടെയാണ് ഗ്രാമത്തിലേക്ക് കാല്‍നടയായി രണ്ടു ദിശകളില്‍ നിന്നായി നിരവധി പട്ടാളക്കാര്‍ എത്തിയത്. അകമ്പടിയായി നാലു ജീപ്പുകളും വന്നു. പകല്‍സമയത്ത് പട്ടാളത്തിന്റെ പരിശോധന നടക്കാറില്ല. തിരക്കേറിയ റോഡില്‍ പട്ടാളത്തിന്റെ കടന്നുവരവ് പക്ഷേ ജനങ്ങള്‍ ഗൗനിച്ചില്ലെന്നും റാഹില്‍ പറഞ്ഞു.
ജനങ്ങള്‍ക്കു നേരെയുള്ള കല്ലേറോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വീടുകള്‍ക്കു നേരെയും സൈന്യം കല്ലെറിഞ്ഞു. ജനങ്ങളെ പ്രകോപിപ്പിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.
ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളിലേക്ക് ഇരച്ചുകയറിയ പട്ടാളക്കാര്‍ കുട്ടികളെയും അധ്യാപകരെയും വിരട്ടിയോടിച്ചു. ഇതിനിടെ ഒരു കൗമാരക്കാരന്‍ പട്ടാളക്കാര്‍ക്കു നേരെ തിരിച്ചു കല്ലെറിഞ്ഞു. ഇതോടെ സൈന്യം വെടിവയ്പ് തുടങ്ങുകയായിരുന്നു.
അരമണിക്കൂറോളം നേരം വിവേചനരഹിതമായി വെടിവയ്പ് തുടര്‍ന്നു. ഇതിനിടയിലാണ് രണ്ടു കൗമാരക്കാരും വെടിയേറ്റു വീണതെന്നും റാഹില്‍ പറഞ്ഞു. കശ്മീര്‍ സര്‍ക്കാര്‍ രാജിവച്ചതിനു ശേഷം സംസ്ഥാനത്ത് സൈനിക നടപടികള്‍ ശക്തമായിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
Next Story

RELATED STORIES

Share it