Flash News

ഹവാജ : അന്തിമ പോരാട്ടം ആരംഭിച്ചതായി ഇറാഖ്



ബഗ്ദാദ്: ഐഎസ് നിയന്ത്രണത്തിലുള്ള ഹവാജ പട്ടണം തിരിച്ചുപിടിക്കുന്നതിനുള്ള അന്തിമ പോരാട്ടം ആരംഭിച്ചതായി ഇറാഖ് സേന. നിലവില്‍ ഇറാഖില്‍ ഐഎസ് നിയന്ത്രണത്തില്‍ തുടരുന്ന രണ്ട് പ്രദേശങ്ങളിലൊന്നാണ് ഹവാജ. ഐഎസുമായുള്ള മണിക്കൂറുകളോളം നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ നഗരത്തിന്റെ സമീപപ്രദേശങ്ങളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞതായി സൈനിക കമാന്‍ഡര്‍മാര്‍ അറിയിച്ചു. സൈന്യം പ്രവേശിച്ച പ്രദേശത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇറാഖിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടു. കറുത്ത പുക മൂടപ്പെട്ട നിലയിലാണ് പ്രദേശം. ഐഎസ് പ്രവര്‍ത്തകര്‍ എണ്ണക്കിണറുകള്‍ക്കു തീക്കൊടുത്തതാണ് പുക പടരാന്‍ കാരണമെന്ന് സൈനിക വക്താക്കള്‍ പറഞ്ഞു. വടക്കന്‍ ഇറാഖിലെ എണ്ണ സമ്പുഷ്ടമായ കിര്‍കുക് നഗരത്തിനു സമീപമാണ് ഹവാജ. ഹവാജയുടെ പടിഞ്ഞാറുള്ള അക്‌സാരി, നിദാ പ്രദേശങ്ങളില്‍ സൈന്യത്തിന് നിയന്ത്രണം നേടാനായതായി വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.പട്ടണത്തില്‍ 78,000ഓളം സാധാരണക്കാര്‍ അകപ്പെട്ടിരിക്കുന്നതായി യുഎന്‍ അറിയിച്ചിരുന്നു. യുഎസ് പിന്തുണയോടെയാണ് ഇറാഖിന്റെ സൈനികനീക്കം. സപ്തംബര്‍ 21നാണ് സൈനികനീക്കം ആരംഭിച്ചത്. ഹവാജയ്ക്കു സമീപം ഐഎസ് പ്രവര്‍ത്തകര്‍ പരിശീലനത്തിനായി ഉപയോഗിച്ചിരുന്ന റാഷിദ് വ്യോമകേന്ദ്രം സൈന്യം തിരിച്ചുപിടിച്ചിരുന്നു.
Next Story

RELATED STORIES

Share it