kasaragod local

'ഹലോ ഇംഗ്ലീഷ് ' ആക്റ്റിവിറ്റി ക്ലാസുകള്‍ തുടങ്ങി

തൃക്കരിപ്പൂര്‍: ‘ഹലോ ഇംഗ്ലീഷ്’ സന്നദ്ധതാ പ്രവര്‍ത്തനങ്ങള്‍ക്ക് ചെറുവത്തൂര്‍ ഉപജില്ലയിലെ വിദ്യാലയങ്ങളില്‍ തുടക്കമായി. ഈ അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളിലും ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസ്സുകളില്‍ ഹലോ ഇംഗ്ലീഷ് പദ്ധതി നടപ്പില്‍ വരുത്താന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതിന്റെ ഭാഗമായി ‘പഠിതാവിനെ അറിയുക’ എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ 10 മണിക്കൂര്‍ സന്നദ്ധതാ പ്രവര്‍ത്തന പാക്കേജിലെ രണ്ട് മണിക്കൂര്‍ പ്രവര്‍ത്തനങ്ങളാണ് ആദ്യ ദിനത്തില്‍  വിദ്യാലയങ്ങളില്‍ നടന്നത്. ഈമാസം 20 വരെയുള്ള തിയ്യതികളില്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ ശേഷം 21, 22 തിയ്യതികളിലായി ക്ലാസ് പിടിഎ വിളിച്ചു ചേര്‍ത്ത്  കുട്ടികളുടെ പഠന നിലവാരം രക്ഷിതാക്കളെ ബോധ്യപ്പെടുത്തും.
തുടര്‍ന്ന് ‘ഹലോ ഇംഗ്ലീഷ്’ പ്രവര്‍ത്തന പദ്ധതിക്കനുസരിച്ച് തയ്യാറാക്കിയിട്ടുള്ള എല്ലാ ക്ലാസ്സിലെയും ഇംഗ്ലീഷ് ഒന്നാം യൂനിറ്റിന്റെ ആക്ടിവിറ്റി പാക്കേജ്  പ്രകാരമുള്ള പ്രര്‍ത്തനങ്ങള്‍25ന് ഓരോ വിദ്യാലയത്തിലും ആരംഭിക്കും. ഒന്നാം യൂനിറ്റ് അവസാനിക്കുമ്പോള്‍ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള വിവിധ ആവിഷ്‌കാരങ്ങളും പഠനത്തെളിവുകളും പൊതു സമൂഹത്തിനു മുമ്പാകെ അവതരിപ്പിച്ചു കൊണ്ട് എല്ലാ സ്‌കൂളിലും പഠനോല്‍സവം സംഘടിപ്പിക്കാനും നിര്‍ദേശമുണ്ട്.പരിപാടിയുടെ എല്ലാ ഘട്ടങ്ങളിലും ചിട്ടയായ മോണിറ്റിങിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇതിന്റെ ഭാഗമായി തങ്കയം എഎല്‍പി സ്‌കൂളില്‍ നടന്ന ആദ്യ ക്ലാസ്സ് നിരീക്ഷിക്കുന്നതിനും,വിലയിരുത്തുന്നതിനുമായി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എം കെ വിജയകുമാര്‍, ബിപിഒ  കെ നാരായണന്‍ എന്നിവര്‍ വിദ്യാലയത്തിലെത്തി. ഹലോ ഇംഗ്ലീഷ് ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് അംഗം ഇന്ദു പുറവങ്കര മൂന്നാം തരത്തിലെ ക്ലാസ്സ് കൈകാര്യം ചെയ്തു.
ബിആര്‍സി ട്രെയിനര്‍ പി വി ഉണ്ണി രാജന്‍ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. എയുപിഎസ് ഓലാട്ട്, ഗവ. വെല്‍ഫെയര്‍ യുപി സ്‌കൂള്‍ കൊടക്കാട്, ഗവ.എല്‍പി സ്‌കൂള്‍ മാടക്കാല്‍, രാജാസ് എയുപി സ്‌കൂള്‍ അച്ചാംതുരുത്തി എന്നിവിടങ്ങളില്‍ ബിആര്‍സി പരിശീലകരായ പി വേണുഗോപാലന്‍, പി കെ സരോജിനി, പി സ്‌നേഹലത എന്നിവര്‍ അധ്യാപകര്‍ക്കൊപ്പം ക്ലാസ് റൂം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
Next Story

RELATED STORIES

Share it