ഹലബ്: 48 മണിക്കൂറിനിടെ സിറിയന്‍ സര്‍ക്കാരിന്റെ 700 വ്യോമാക്രമണങ്ങള്‍

ദമസ്‌കസ്: കൈകള്‍ക്കു ഗുരുതരമായി പരിക്കേറ്റ്, ശരീരമാകെ രക്തം പുരണ്ട നിലയിലാണ് ഒമ്പതു വയസ്സുകാരനായ അഹ്മദ് ജാമിലിയെ ഹലബിലെ അല്‍സഖൗറിലെ ആശുപത്രിയിലെത്തിച്ചത്. ശസ്ത്രക്രിയാമുറിയിലേക്കു കൊണ്ടുപോകവേ ജാമിലി ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടത് തന്റെ വസ്ത്രങ്ങള്‍ മുറിച്ചുമാറ്റരുതെന്നാണ്. വസ്ത്രം കഴിഞ്ഞ ദിവസം പിതാവ് വാങ്ങിച്ചു തന്നതാണ്. ദയവുചെയ്ത് അതു മുറിച്ചുമാറ്റരുത്- ജാമിലി ഡോക്ടര്‍മാരോട് പറഞ്ഞു.
വിമതരുടെ നിയന്ത്രണത്തിലുള്ള അല്‍സഖൗറിലെ വീട്ടിനുമുമ്പില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജാമിലിക്ക് സിറിയന്‍ സര്‍ക്കാര്‍ വ്യോമസേനയുടെ ബോംബാക്രമണത്തില്‍ പരിക്കേറ്റത്. ആക്രമണത്തില്‍ ജാമിലിയുടെ സഹോദരങ്ങള്‍ രണ്ടുപേരും കൊല്ലപ്പെടുകയും അവര്‍ താമസിച്ചിരുന്ന കെട്ടിടം പൂര്‍ണമായി തകരുകയും ചെയ്തു. ആക്രമണത്തില്‍ എല്ലാവരും മരിച്ചെന്നായിരുന്നു ആദ്യം കരുതിയത്. ജാമിലി കരഞ്ഞതിനെത്തുടര്‍ന്ന് കുട്ടിക്കു ജീവനുണ്ടെന്നു കണ്ടെത്തുകയും രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
സിറിയയിലെ ഹലബ് പ്രവിശ്യയില്‍ വിമതര്‍ക്കു സ്വാധീനമുള്ള മേഖലകളില്‍ സര്‍ക്കാര്‍ അനുകൂല സൈന്യത്തിന്റെ വ്യോമാക്രമണങ്ങളില്‍ ജീവിതം തകര്‍ന്നുപോവുന്നവരില്‍ ഒരാള്‍ മാത്രമാണ് അഹ്മദ് ജാമിലി. ഹലബിലെ വിമത നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ 48 മണിക്കൂറിനിടെ സിറിയന്‍ സര്‍ക്കാര്‍ 700 വ്യോമാക്രമണങ്ങളാണ് നടത്തിയതെന്ന് പൗരാവകാശ സംഘടനകള്‍ അറിയിച്ചു. ഹലബിലും വിമതര്‍ക്കു സ്വാധീനമുള്ള ഹോംസ്, ദരായ എന്നിവിടങ്ങളിലും സര്‍ക്കാര്‍ സൈന്യത്തിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന സിവിലിയന്‍മാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഒട്ടേറെ കുട്ടികളും ശിശുക്കളും കൊല്ലപ്പെട്ടവരിലുള്‍പ്പെടുന്നു.
ദരായയിലേക്ക് ഭക്ഷണവും അവശ്യവസ്തുക്കളുമായെത്തുന്ന വാഹനങ്ങളെ സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ സേന തടയുകയാണെന്ന് സന്നദ്ധ സംഘടനകള്‍ അറിയിച്ചു. സിറിയന്‍ സര്‍ക്കാരിന്റെ സഹകരണമില്ലാത്തതിനാല്‍ ഹെലികോപ്റ്റര്‍ മാര്‍ഗം ഇവിടെ ഭക്ഷണം വിതരണം ചെയ്യുന്നത് അപകടകരമാണെന്ന് യുഎന്‍ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it