ഹര്‍ത്താല്‍ സുരക്ഷ വാഗ്ദാനം ചെയ്തിട്ടും ജനം പുറത്തിറങ്ങാത്തത് എന്തുകൊണ്ട്?

കൊച്ചി: ഹര്‍ത്താല്‍ ദിവസങ്ങളില്‍ പൂര്‍ണ സുരക്ഷ വാഗ്ദാനം ചെയ്തിട്ടും ജനങ്ങള്‍ വീടിനു പുറത്തിറങ്ങാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി. സമാധാനപരമായ പണിമുടക്കാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് ഹര്‍ത്താലനുകൂലികള്‍ പറയുമെങ്കിലും അത് വിജയിപ്പിക്കാന്‍ അവര്‍ എന്തും ചെയ്യും. തുറക്കുന്ന കടകള്‍ ബലംപ്രയോഗിച്ച് അടപ്പിക്കുമെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.
ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 16ന് യുഡിഎഫ് നടത്തിയ ഹര്‍ത്താലിനെ ചോദ്യംചെയ്ത് ചങ്ങനാശ്ശേരി മാടപ്പള്ളി പഞ്ചായത്തംഗം സോജന്‍ പവിയാനോസ് സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുമ്പോഴാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. ഒരു സാങ്കല്‍പ്പിക സ്വര്‍ഗലോകത്ത് കഴിയാന്‍ കോടതിക്കാവില്ല. നിയമങ്ങള്‍ യാഥാര്‍ഥ്യമാണ്. കേരളം കടുത്ത സാമ്പത്തികപ്രതിസന്ധിയിലായിരിക്കുമ്പോള്‍ കഴിഞ്ഞദിവസം നടത്തിയ ഹര്‍ത്താല്‍ അസംബന്ധമാണ്. നിയമത്തിന്റെ കേവല വിളംബരം ഗുണംചെയ്യില്ല. ഹര്‍ത്താല്‍ വിരുദ്ധ നിയമം എന്നാണ് സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോവുന്നതെന്നും കോടതി ചോദിച്ചു. ഹര്‍ത്താലില്‍ വിവിധ വകുപ്പുകള്‍ക്ക് 5.32 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്ന് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഹര്‍ത്താലിന് എതിരേ നിലപാട് പ്രഖ്യാപിച്ചിരുന്ന രമേശ് ചെന്നിത്തലതന്നെയാണ് അന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇതുവരെ സംസ്ഥാനത്ത് പലതരത്തിലുള്ള 200 ഹര്‍ത്താലുകള്‍ നടന്നുകഴിഞ്ഞെന്നും അദ്ദേഹം വാദിച്ചു.
ഹര്‍ത്താലിന്റെ പരിണിത ഫലങ്ങള്‍ക്ക് ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ ഉത്തരവാദികളല്ലേയെന്നു കോടതിയും ചോദിച്ചു. ഹര്‍ത്താല്‍ സംബന്ധിച്ച സുപ്രിംകോടതി വിധിയുടെയും നിയമ കമ്മീഷന്റെ റിപോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ എന്തു നടപടിയാണ് സ്വീകരിക്കുകയെന്നും മൂന്നാഴ്ചയ്ക്കകം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. യുഡിഎഫ് നടത്തിയ ഹര്‍ത്താലിലെ അക്രമസംഭവങ്ങളില്‍ നൂറുകണക്കിന് ഹര്‍ത്താല്‍ അനുകൂലികളെ പ്രതിചേര്‍ത്ത് 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കും പോസ്റ്റ് ഓഫിസുകള്‍ക്കും നേരെ പലയിടത്തും അക്രമമുണ്ടായെന്നും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഉപേക്ഷിക്കേണ്ടിവന്നെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നു.
ഹര്‍ത്താലില്‍ മലപ്പുറത്ത് 22 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കൊല്ലം 14, ആലപ്പുഴ 11, എറണാകുളം ഒമ്പത്, കോഴിക്കോട് ഏഴ്, കാസര്‍കോട് ആറ്, തിരുവനന്തപുരം ആറ്, തൃശൂര്‍-നാല്, വയനാട് മൂന്ന്, കോട്ടയം രണ്ട്, ഇടുക്കി-രണ്ട്, കണ്ണൂര്‍-രണ്ട്, പാലക്കാട്-ഒന്ന്. അക്രമസംഭവങ്ങളിലെ നഷ്ടമായി പറയുന്നത് ഇതാണ്. കൊല്ലം 2.69 ലക്ഷം രൂപ, ആലപ്പുഴ 1.12 ലക്ഷം രൂപ, പാലക്കാട് 50,000 രൂപ, മലപ്പുറം 28,500 രൂപ, തിരുവനന്തപുരം 11,700 രൂപ, എറണാകുളം 10,000 രൂപ.

Next Story

RELATED STORIES

Share it