Flash News

ഹര്‍ത്താല്‍ പൂര്‍ണം; നൂറിലധികം പേരെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: പട്ടികജാതി, വര്‍ഗ പീഡന നിരോധന നിയമം പുനസ്ഥാപിക്കാന്‍ പാര്‍ലമെന്റ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത്  നടന്ന ഹര്‍ത്താല്‍ പൂര്‍ണം. സമരനേതാവ് ഗീതാനന്ദന്‍ അടക്കം നൂറിലധികം സമരക്കാരെ പോലിസ് കസ്റ്റഡിയിലെടുത്തു. പാലക്കാട്ട് 21 പേരെയും കോഴിക്കോട് വടകരയില്‍ മൂന്നു പേരെയും പേരാമ്പ്രയില്‍ 10 പേരെയും മലപ്പുറം എടക്കരയില്‍ 25 പേരെയും പൊന്നാനിയില്‍ ഏഴു പേരെയും ആലപ്പുഴ പാതിരപ്പള്ളിയില്‍ ഏഴു പേരെയും മാവേലിക്കരയില്‍ ആറു പേരെയും എറണാകുളത്ത് 26 പേരെയും ചാവക്കാട് മണത്തലയില്‍ ഏഴു പേരെയും തിരുവനന്തപുരം മണക്കാട് 11 പേരെയുമാണ് കസ്റ്റഡിയിലെടുത്തത്. വ്യാപകമായ വഴിതടയല്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഹര്‍ത്താല്‍ പൊതുവെ സമാധാനപരമായിരുന്നു.
ആദിവാസി-ദലിത് നേതാവ് എം ഗീതാനന്ദനെ എറണാകുളം സെന്‍ട്രല്‍ പോലിസ് കസ്റ്റഡിയിലെടുത്തത് വ്യാപക പ്രതിഷേധം വിളിച്ചുവരുത്തി. തരംതാഴ്ന്ന നടപടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. നടപടിയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതിഷേധിച്ചു. ദലിതരെന്ന മുന്‍വിധിയോടെയാണ് ഹര്‍ത്താല്‍ അനുകൂലികളെ പോലിസ് സമീപിക്കുന്നതെന്ന് എം ഗീതാനന്ദന്‍ പറഞ്ഞു.
തൃശൂര്‍ വലപ്പാടും കൊല്ലം ശാസ്താംകോട്ടയിലും കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറുണ്ടായി. വലപ്പാട് കല്ലേറില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് പരിക്കേറ്റു. പരവൂര്‍ സ്വദേശി പുതിയാലത്ത് മനോജി(49)നാണ് പരിക്കേറ്റത്. കൊല്ലത്ത് സര്‍വീസിനൊരുങ്ങിയ കെഎസ്ആര്‍ടിസി ബസ്സിനടിയില്‍ കിടന്ന് സമരക്കാര്‍ പ്രതിഷേധിച്ചു. കരുനാഗപ്പള്ളി ഡിപ്പോയിലെ ബസ്സിന്റെ ചില്ല് തകര്‍ത്തു. പട്ടാമ്പിയില്‍ കെഎസ്ആര്‍ടിസി മിന്നല്‍ സര്‍വീസിനെതിരേയുണ്ടായ ആക്രമണത്തില്‍ ബസ്സിന്റെ ചില്ലുകള്‍ തകര്‍ന്നു. തിരുവനന്തപുരം കിഴക്കേക്കോട്ട ബസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. സമരക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്നുള്ള ദീര്‍ഘദൂര ബസ്സുകളടക്കം സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ പോലിസ് ആവശ്യപ്പെട്ടു. തിരുവനന്തപുരം മണക്കാട് ബസ് തടഞ്ഞ് യാത്രക്കാരെ വഴിയില്‍ ഇറക്കിവിട്ടു. തിരുവല്ലയില്‍ എംസി റോഡ് ഉപരോധിച്ച സമരക്കാര്‍ ഇതുവഴി വന്ന സുരേഷ് ഗോപി എംപിയുടെ വാഹനം തടഞ്ഞു. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് സമരക്കാര്‍ ഉപരോധിച്ചു. തുടര്‍ന്ന് ബസ് സര്‍വീസ് തടഞ്ഞ സമരക്കാരെ കസ്റ്റഡിയിലെടുത്തു.
ഹര്‍ത്താലിന്റെ ആദ്യമണിക്കൂറില്‍ കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ്സുകളും നിരത്തിലിറങ്ങിയെങ്കിലും പ്രതിഷേധം ശക്തമായതോടെ സര്‍വീസ് പൂര്‍ണമായി നിലച്ചു. ബസ് സര്‍വീസില്‍ പ്രതീക്ഷയര്‍പ്പിച്ച് എത്തിയ യാത്രക്കാര്‍ വലഞ്ഞു. ജലഗതാഗത ബോട്ടുകള്‍ സര്‍വീസുകള്‍ നടത്തിയില്ല. എന്നാല്‍, സംസ്ഥാനാന്തര സര്‍വീസുകളെ ഹര്‍ത്താല്‍ ബാധിച്ചില്ല.
കേരള, കൊച്ചി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ ഇന്നലെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫിസുകളില്‍ ഹാജര്‍നില നന്നെ കുറവായിരുന്നു. മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പിന്തുണയില്ലാതെയാണ് ദലിത് സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. എന്നാല്‍, പിന്നീട് കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയകക്ഷികള്‍ പിന്തുണയുമായി രംഗത്തുവന്നു.
Next Story

RELATED STORIES

Share it