ഹര്‍ത്താല്‍ നിരോധന ബില്ല്; ജനാധിപത്യത്തിന് നേരെയുള്ള കടന്നുകയറ്റം: സിപിഎം

തിരുവനന്തപുരം: ഹര്‍ത്താല്‍ നിരോധന നിയമം കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനം ജനാധിപത്യ അവകാശങ്ങള്‍ക്കു നേരെയുള്ള കടന്നുകയറ്റമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
ജനാധിപത്യപരമായി സംഘടിക്കാനും സമരം ചെയ്യാനുമുള്ള മൗലികാവകാശത്തെ ചോദ്യംചെയ്യുന്നതാണ് ഹര്‍ത്താല്‍ നിരോധന നിയമം. ജനാധിപത്യപരമായ കീഴ്‌വഴക്കങ്ങള്‍ കാറ്റില്‍പറത്തിയാണ് വരുന്ന നിയമസഭാസമ്മേളനത്തില്‍ നിയമം കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. സാധാരണ ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുമ്പോള്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്യുകയും സബ്ജക്റ്റ്, സെലക്റ്റ് കമ്മിറ്റികള്‍ക്ക് വിടുകയും പൊതുജനാഭിപ്രായം സ്വീകരിക്കുകയും ചെയ്യുകയാണ് പതിവ്. എന്നാല്‍, നിലനില്‍ക്കുന്ന ജനാധിപത്യപരമായ കീഴ്‌വഴക്കങ്ങളെയെല്ലാം ഇല്ലാതാക്കി എസ്പിമാരെക്കൊണ്ട് ജില്ലാതലത്തില്‍ യോഗം വിളിച്ചുചേര്‍ക്കുകയും അവിടെനിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കാനുമാണ് തീരുമാനം. പോലിസ് സ്റ്റേഷനുകളില്‍ പരാതിപ്പെട്ടി വച്ച് പൊതുജനങ്ങളില്‍നിന്നും അഭിപ്രായങ്ങള്‍ തേടുന്ന സമ്പ്രദായവും കൊണ്ടുവന്നിരിക്കുന്നു.
ജനാധിപത്യസംവിധാനം നിലനില്‍ക്കുന്ന സംസ്ഥാനത്താണ് പോലിസിനെ ഉപയോഗിച്ച് ഇത്തരം നയങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരായി വമ്പിച്ച പ്രക്ഷോഭങ്ങള്‍ രാജ്യത്ത് ഉയര്‍ന്നുവരുന്ന ഘട്ടമാണിത്. എന്നാല്‍, ഇതിനെ ഇല്ലാതാക്കി മുന്നോട്ടുപോവാനാണ് ഈ നിയമത്തിലൂടെ ശ്രമിക്കുന്നത്. ഇതിലൂടെ ഹര്‍ത്താല്‍ വിരോധികളുടെ വോട്ട് നേടിയെടുക്കാം എന്ന സര്‍ക്കാരിന്റെ വ്യാമോഹമാണ് ഈ നീക്കത്തിനു പിന്നില്‍. ജനാധിപത്യവിരുദ്ധമായ ഈ നീക്കങ്ങളെ ജനാധിപത്യ കേരളം തള്ളിക്കളയുകതന്നെ ചെയ്യും.
ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള നീക്കങ്ങളെ പരാജയപ്പെടുത്തേണ്ടതുണ്ട്. പൗരന്റെ എല്ലാ ജനാധിപത്യ അവകാശങ്ങളെയും അടിച്ചമര്‍ത്തി മുന്നോട്ടുപോവാനുള്ള ഇത്തരം ശ്രമങ്ങള്‍ക്കെതിരായി ജനാധിപത്യവിശ്വാസികള്‍ പ്രതിഷേധിക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it