kannur local

ഹര്‍ത്താല്‍ നിരോധന നിയമം കരിനിയമമെന്ന് കോടിയേരി

കണ്ണൂര്‍: കേരളം ജയിലറയാക്കാനുള്ള കരിനിയമമായിരുന്നു ഹര്‍ത്താല്‍ നിരോധന നിയമത്തിലൂടെ സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ചതെന്നും പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ത്തതിനാലാണ് റിവ്യു കമ്മിറ്റിക്കു വിട്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂരില്‍ കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍(കെജിഎന്‍എ) 58ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹര്‍ത്താലുകള്‍ക്കും സമരങ്ങള്‍ക്കുമെല്ലാം കേരളത്തിന്റെ ചരിത്രത്തില്‍ വലിയ പങ്കുണ്ട്. അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ സമരങ്ങള്‍ അത്യന്താപേക്ഷിതമാണ്. നഴ്‌സുമാരുടെ ആവശ്യങ്ങള്‍ക്കു വേണ്ടിയും നിരവധി സമരങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. ഇതിനെയെല്ലാം ഇല്ലാതാക്കാനാണു നിയമം കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇന്ന് കുംഭകോണങ്ങളുടെ നാടായി മാറി. മലയാളി നാണിച്ച് തലതാഴ്‌ത്തേണ്ട അവസ്ഥയിലാണുള്ളത്. കേരളത്തിലെ ഇപ്പോഴത്തെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്ന കാര്യത്തില്‍ ഡോക്ടറേറ്റ് എടുത്തവരാണ്. മന്ത്രിസഭയ്ക്കുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ ജനങ്ങള്‍ കൂടുന്നിടത്തോ നാലാള്‍ കൂടുന്നിടത്തോ പറയാനാവാത്ത കാര്യങ്ങളായി മാറിയെന്നും അദ്ദേഹം പറഞ്ഞു. കെജിഎന്‍എ സംസ്ഥാന പ്രസിഡന്റ് പി ഉഷാദേവി അധ്യക്ഷത വഹിച്ചു. പി കെ ശ്രീമതി എംപി, സിപിഎം ജില്ലാസെക്രട്ടറി പി ജയരാജന്‍, ജെയിംസ് മാത്യു എംഎല്‍എ, കെ കെ ശൈലജ, എം പ്രകാശന്‍, കെ സുന്ദര്‍രാജ്, പി വി രാജേന്ദ്രന്‍, കെ കെ പ്രകാശന്‍, ഡോ. കെ എം ദിലീപ്, എ മുജം, സംസ്ഥാന സെക്രട്ടറി കെ എസ് മോളി സംസാരിച്ചു. ഇന്നു വൈകീട്ട് നാലിന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it