Flash News

ഹര്‍ത്താല്‍ ഏറ്റെടുത്ത് യുവജനം; വ്യാപക പ്രതിഷേധം

തിരുവനന്തപുരം: കഠ്‌വയില്‍ എട്ടു വയസ്സുകാരി ക്രൂരബലാല്‍സംഗത്തിനു വിധേയമായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ യുവജനം ഏറ്റെടുത്തു. സംസ്ഥാനത്ത് വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. മലബാര്‍ ജില്ലകളില്‍ ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. രാഷ്ട്രീയപ്പാര്‍ട്ടികളുടെ പിന്തുണയില്ലാതെത്തന്നെ യുവാക്കള്‍ സോഷ്യല്‍ മീഡിയ വഴി സംഘടിക്കുകയായിരുന്നു.
കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പ്രതിഷേധകര്‍ക്കു നേരെ പോലിസ് ലാത്തി വീശി. തെക്കന്‍ ജില്ലകളിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. മലപ്പുറം ജില്ലയില്‍ പരപ്പനങ്ങാടിയിലും തിരൂരിലും താനൂരിലും ഏഴു ദിവസത്തേക്ക് പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
തിരൂരില്‍ നൂറിലധികം പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ചിറക്കല്‍ ക്ഷേത്രപരിസരത്തും ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയതോടെ പ്രശ്‌നം രൂക്ഷമായി. കല്ലേറില്‍ താനൂര്‍ സ്‌റ്റേഷനിലെ 25 പോലിസുകാര്‍ക്ക് പരിക്കേറ്റു.  തിരൂരില്‍ നൂറിലധികം പേരെയും താനൂരില്‍ 30 പേരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പരപ്പനങ്ങാടിയില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്കു നേരെ അക്രമം നടന്നു. സ്ഥലത്ത് പോലിസ് ക്യാംപ് ചെയ്യുന്നുണ്ട്. എസ്പി ദേബേഷ്‌കുമാര്‍ ബെഹ്‌റ പ്രദേശം സന്ദര്‍ശിച്ചു.
കോഴിക്കോട് ബേപ്പൂര്‍ മാത്തോട്ടത്ത് ഹര്‍ത്താലിനിടെ പോലിസ് കസ്റ്റഡിയിലെടുത്തവര്‍ക്ക് ചായയുമായെത്തിയ വയോധികനെ പോലിസ് ക്രൂരമായി മര്‍ദിച്ചു. വയനാട്ടില്‍ അഞ്ചു പേരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി ജില്ലാ പോലിസ് മേധാവി ഡോ. അരുള്‍ ആര്‍ ബി കൃഷ്ണ അറിയിച്ചു. കണ്ണൂരില്‍ വിവിധ പോലിസ് സ്‌റ്റേഷനുകളിലായി 80 പേരെ പോലിസ് അറസ്റ്റ് ചെയ്തു. പാലക്കാട്ട് കണ്ടാലറിയാവുന്ന 100ലധികം പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് ചാല മാര്‍ക്കറ്റില്‍ കടകള്‍ അടഞ്ഞുകിടന്നു.കൊല്ലത്തും എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും നടന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ നടത്തിയ ഹര്‍ത്താല്‍ ആഹ്വാനത്തെ തുടര്‍ന്ന് പൊതുമുതല്‍ നശീകരണവും അതിക്രമവും നടത്തിയവര്‍ക്കെതിരേ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
Next Story

RELATED STORIES

Share it