Flash News

ഹര്‍ത്താല്‍ അക്രമങ്ങള്‍ പാര്‍ട്ടിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം: എസ്ഡിപിഐ

കോഴിക്കോട്: സോഷ്യല്‍ മീഡിയാ കൂട്ടായ്മയുടെ മുന്‍കൈയില്‍ കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലിനിടയിലുണ്ടായ അക്രമങ്ങള്‍ പാര്‍ട്ടിയുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍. സോഷ്യല്‍ മീഡിയ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ പാര്‍ട്ടി പിന്തുണയ്ക്കുകയോ എതിര്‍ക്കുകയോ ചെയ്തിട്ടില്ല.
വിവിധ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളില്‍ അംഗമായ യുവാക്കളാണ് ഹര്‍ത്താലിന് നേതൃത്വം നല്‍കിയത്.
ഹര്‍ത്താലില്‍ നടന്ന അക്രമ പ്രവര്‍ത്തനങ്ങളെ പൂര്‍ണമായും പാര്‍ട്ടി എതിര്‍ക്കുന്നു. സംസ്ഥാനത്ത് ഹര്‍ത്താല്‍ ദിനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 900ഓളം പേരില്‍ 20 പേര്‍ മാത്രമാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍. അറസ്റ്റിലായവരില്‍ സിപിഎം, ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരുമുണ്ട്.
അറസ്റ്റിലായ പലരെയും ഈ പാര്‍ട്ടി നേതാക്കളാണ് ജാമ്യത്തിലിറക്കിയത്. എന്നിട്ടും ഹര്‍ത്താലിന്റെ ഉത്തരവാദിത്തം എസ്ഡിപിഐയുടെ മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമം ഗൂഢാലോചനയുടെ ഭാഗമാണ്. കഠ്‌വ സംഭവത്തില്‍ ഒരു മതത്തെയും എസ്ഡിപിഐ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ചിട്ടില്ല. രാജ്യത്ത് ആര്‍എസ്എസ്-ബിജെപി നേതൃത്വം ഉയര്‍ത്തിവിടുന്ന ഭീകരതയെയാണ് പാര്‍ട്ടി എതിര്‍ക്കുന്നത്. അത് ഹിന്ദു സമുദായത്തിന് എതിരായ ഒന്നല്ല. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രാജ്യത്ത് 44 തല്ലിക്കൊലകളാണ് നടന്നത്. ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യംവച്ചുള്ളവയായിരുന്നു ഇവയെല്ലാം.
ആര്‍എസ്എസ്, ബിജെപി എന്നിവയുടെ ഭീകര പ്രത്യയശാസ്ത്രം രാജ്യത്ത് അടിച്ചേല്‍പ്പിക്കാനുള്ള മുന്നൊരുക്കങ്ങളാണ്് നടക്കുന്നത്. കഠ്‌വയില്‍ സവര്‍ണ വിഭാഗങ്ങള്‍ക്കായി, മുസ്‌ലിം നാടോടി വിഭാഗത്തെ ഭയപ്പെടുത്തി ആട്ടിയോടിക്കുന്നതിനു ബോധപൂര്‍വം ആസൂത്രണം ചെയ്തതായിരുന്നു ക്രൂരകൃത്യമെന്നു പോലിസ് തന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇതിനെതിരേ ഉയരുന്ന സംഘടിത പ്രതിരോധങ്ങളെ ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിഷയത്തെ വര്‍ഗീയമായി ചിത്രീകരിക്കാനുള്ള ചിലരുടെ താല്‍പര്യങ്ങളാണ് ഇപ്പോള്‍ പ്രകടമായിവരുന്നത്. ഭരണകൂടവും പോലിസുമാണ് സംഭവത്തെയും അതിനെതിരേ ഉയരുന്ന പ്രതിഷേധങ്ങളെയും വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമം നടത്തുന്നത്.
ജനാധിപത്യക്രമത്തില്‍, പ്രതിഷേധിക്കാനുള്ള പൗരസമൂഹത്തിന്റെ അവകാശങ്ങളെ നിഷേധിക്കുന്നത് അഭിലഷണീയമല്ല. ഹര്‍ത്താലിനെ അനുകൂലിച്ചതിന്റെ പേരില്‍ നിരവധി പേര്‍ക്കെതിരേ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയാണ്.
എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കിക്കൊണ്ട് കേരളം പോലിസ്‌രാജിലേക്ക് നീങ്ങുകയാണെന്നാണ് പുതിയ സംഭവങ്ങള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി റോയി അറയ്ക്കല്‍, ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി സംബന്ധിച്ചു.
Next Story

RELATED STORIES

Share it