Flash News

ഹര്‍ത്താലുകള്‍ക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കണമെന്ന് വ്യാപാരികള്‍

ഹര്‍ത്താലുകള്‍ക്ക് മുന്‍കൂട്ടി നോട്ടീസ് നല്‍കണമെന്ന് വ്യാപാരികള്‍
X
കോഴിക്കോട്: രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകള്‍ക്ക് മുന്‍ കൂട്ടി നോട്ടീസ് നല്‍കണമെന്നും ഇല്ലെങ്കില്‍ വ്യാപാരികള്‍ ഹര്‍ത്താലുമായി സഹകരിക്കില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ധീന്‍ അറിയിച്ചു.
പെട്ടെന്നുള്ള ഹര്‍ത്താലുകള്‍ വ്യാപാരികള്‍ക്ക് വലിയ നഷ്ടമാണുണ്ടാക്കുന്നത്. ഹര്‍ത്താലുകള്‍ ജനാധിപത്യ വിരുദ്ധവും ശുദ്ധ തോന്ന്യാസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നോട്ടീസ് നല്‍കാത്ത ഹര്‍ത്താലുകളുമായി സഹകരിക്കേണ്ടതില്ലെന്ന തീരുമാനം അറിയിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളെയും വ്യാപാരി ഭാരവാഹികള്‍ കണ്ട് ചര്‍ച്ച നടത്തും. ഇക്കാര്യത്തില്‍ വ്യാപാരികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുന്നതിനായി എല്ലാ ജില്ലകളിലും സംഘടനയുടെ ജില്ലാ കൗണ്‍സിലുകള്‍ വിളിച്ച് ചേര്‍ക്കും. വ്യാപാരികളുടെ ജീവനും സ്വത്തിനും സര്‍ക്കാര്‍ സംരക്ഷണം നല്‍കിയാല്‍ കടകള്‍ അത്തരം ഹര്‍ത്താല്‍ ദിവസം തുറന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ നടത്തുമ്പോള്‍ വ്യാപാരികള്‍ക്ക് മാത്രമാണ് നഷ്ടമുണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ ഹര്‍ത്താലിനെതിരെ ശക്തമായി പ്രചരണം നടത്താനാണ് ഏകോപന സമിതിയുടെ തീരുമാനം. പെട്ടെന്നുള്ള ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ച് വ്യാപാരികളുടെ തൊഴിലിന് തടസ്സം നില്‍ക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ അതിന്റെ പ്രത്യാഘാതവും നേരിടേണ്ടി വരും. തിരഞ്ഞെടുപ്പുകളിലടക്കം വ്യാപാരികളുടെ പ്രതിഷേധം പ്രതിഫലിക്കും. വ്യാപാരികള്‍ക്ക് സ്വതന്ത്രമായി കച്ചവടം ചെയ്യാനുള്ള സാഹചര്യമുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഏകോപന സമിതി നേതാക്കളായ മാരിയില്‍ കൃഷ്ണന്‍ നായര്‍, ദേവസ്യ മേച്ചേരിയില്‍, അഹ്മദ് ഷെറീഫ്, കുഞ്ഞാദു ഹാജി, വസന്തകുമാര്‍, കെ സേതുമാധവന്‍, കെ കെ വാസുദേവന്‍, ബാബു കോട്ടയം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it