kannur local

ഹര്‍ത്താലിലെ അനിഷ്ട സംഭവം; കണ്ണൂരില്‍ 33 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

കണ്ണൂര്‍: സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്യപ്പെട്ട ഹര്‍ത്താലില്‍ കണ്ണൂര്‍ ജില്ലയില്‍ റോഡ് ഉപരോധവും സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആകെ 33 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 183 പേരെ അറസ്റ്റ് ചെയ്തു. പോലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കേസുണ്ട്. മുസ്്‌ലിം ലീഗ്-75, എസ്ഡിപിഐ-57, വെല്‍ഫെയര്‍ പാര്‍ട്ടി-4, ഒരു കക്ഷിയിലും അംഗമല്ലാത്തവര്‍-47 എന്നിങ്ങനെയാണ് പിടിയിലായവരുടെ എണ്ണമെന്നാണ് പോലിസ് ഭാഷ്യം. കണ്ണൂര്‍ ടൗണ്‍ പോലിസ് സ്‌റ്റേഷനിലെ സംഘര്‍ഷാവസ്ഥയുമായി ബന്ധപ്പെട്ട് 25 പേര്‍ റിമാന്റിലാണ്. കടകള്‍ അടപ്പിച്ചതിന് കസ്റ്റഡിയിലായവരെ
മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ടൗണ്‍ സ്‌റ്റേഷനിലേക്കു നടത്തിയ മാര്‍ച്ചാണ് പോലിസുമായുള്ള വാക്കേറ്റത്തില്‍ കലാശിച്ചത്. ഇരിട്ടിയില്‍ പോലിസിനെ കൈയേറ്റം ചെയ്ത കേസില്‍ മൂന്നുപേരെയും റിമാന്റ് ചെയ്തു. ഹര്‍ത്താല്‍ ദിവസം തളിപ്പറമ്പ് നഗരത്തില്‍ ഗതാഗതതടസ്സം സൃഷ്ടിച്ച് പ്രകടനം നടത്തിയതിന് 500 പേര്‍ക്കെതിരേ കേസെടുത്തു. ഹര്‍ത്താലില്‍ നടന്ന അനിഷ്ടസംഭവങ്ങളെക്കുറിച്ച്
അന്വേഷിക്കാന്‍ ഡിജിപി ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രഹസ്യാന്വേഷണ വിഭാഗം ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണസംഘം രൂപീകരിച്ചു. പ്രതിചേര്‍ക്കപ്പെട്ടവരുടെ ഫോണുകള്‍ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇത് വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കും. ഹര്‍ത്താലിന് മാധ്യമങ്ങളെ ഇതിനായി ദുരുപയോഗം ചെയ്‌തോയെന്ന കാര്യവും അന്വേഷിക്കും.
Next Story

RELATED STORIES

Share it