palakkad local

ഹര്‍ത്താലിന്റെ മറവില്‍ അക്രമം; ആറ്‌പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മണ്ണാര്‍ക്കാട്: എംഎസ്എഫ് പ്രവര്‍ത്തകന്‍ സഫീറിനെ കുത്തിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ യുഡിഎഫ് നടത്തിയ ഹര്‍ത്താലില്‍ വ്യാപക അക്രമം അരങ്ങേറിയിട്ടും തടയാതിരുന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. കല്ലടിക്കോട് സ്റ്റേഷനിലെ എസ്്‌ഐയും എഎസ്‌ഐയും ഉള്‍പ്പെടെ ആറുപേരെയാണ് ജില്ലാ പോലിസ് മേധാവി പ്രതീഷ്‌കുമാര്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.
എസ്‌ഐ ടി സുരേന്ദ്രന്‍, എഎസ്‌ഐ പി രാമദാസ്, സീനിയര്‍ സിവില്‍ പോലിസ് ഓഫ്ിസര്‍ അബ്ദുല്‍ നാസര്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ കെ ഉല്ലാസ്, എം ഹര്‍ഷാദ്, കെ സനല്‍ എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. തൃശൂര്‍ റേഞ്ച് ഐജിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. ഹര്‍ത്താല്‍ ദിവസം മണ്ണാര്‍ക്കാട്, കല്ലടിക്കോട് മേഖലയില്‍ വ്യാപകമായ അക്രമമുണ്ടായിട്ടും വേണ്ടവിധം തടയാന്‍ പോലിസ് നടപടി സ്വീകരിച്ചില്ലെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു.
ദേശീയപാതയില്‍ സ്വകാര്യ വാഹനങ്ങള്‍ തടഞ്ഞ് യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവം വരെ ഉണ്ടായി. വിവരമറിയിച്ചിട്ടും പോലിസ് ഇടപെട്ടില്ല. സഫീറിന്റെ മരണ വിവരം റിപോര്‍ട്ട് ചെയ്യാന്‍ മണ്ണാര്‍ക്കാടെത്തിയ മാധ്യമപ്രവര്‍ത്തകരുടെ വാഹനവും അക്രമികള്‍ അടിച്ചു തകര്‍ത്തിരുന്നു.
സംഭവത്തില്‍ പരാതിയെ തുടര്‍ന്ന് പോലിസ് കസ്റ്റഡിയിലെടുത്തവരെ ലീഗ് മണ്ഡലം ഭാരവാഹികള്‍ സ്റ്റേഷനിലെത്തി ബഹളംവച്ച് ഇറക്കികൊണ്ടു പോവുകയും ചെയ്തു. സ്റ്റേഷനില്‍ നീണ്ട സമയം നേതാക്കള്‍ ബഹളമുണ്ടാക്കിയപ്പോഴും പോലിസ് നിഷ്‌ക്രിയരായി നിലകൊണ്ടെന്നാണ് ആരോപണം. ഹര്‍ത്താല്‍ ദിനത്തില്‍ പോലിസിന്റെ ഭാഗത്തുനിന്ന് ജാഗ്രതകുറവ് ഉണ്ടായതായും ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തി.
അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസെടുത്ത് ഒഴിഞ്ഞുമാറുകയാണ് പോലിസ് ചെയ്തത്. ലീഗ് നേതാവ് പോലിസുകാരോട് തട്ടികയറുന്നതിന്റെയും വെല്ലുവിളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായത്.
Next Story

RELATED STORIES

Share it