Flash News

ഹര്‍ത്താലിന്റെ പേരില്‍ മുസ്‌ലിം വേട്ട: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്: കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ ഹിന്ദുത്വ തീവ്രവാദികള്‍ നിഷ്ഠുരമായി കൊലപ്പെടുത്തിയതിനെതിരേ കഴിഞ്ഞ ദിവസം നടന്ന ജനകീയ ഹര്‍ത്താലിന്റെ പേരില്‍ പോലിസ് മുസ്‌ലിംവേട്ട നടത്തുകയാണെന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍.
ഹര്‍ത്താലിനോടനുബന്ധിച്ചുണ്ടായ അനിഷ്ടസംഭവങ്ങളുടെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് മുസ്‌ലിം യുവാക്കളെയാണ് പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.  ജനാധിപത്യവിരുദ്ധമായ ഈ നടപടിയില്‍ നിന്ന് ഇടതുസര്‍ക്കാരും പോലിസും പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാഷിസത്തിനെതിരായ ജനകീയ പ്രതികരണമാണ് ഹര്‍ത്താലില്‍ പ്രതിഫലിച്ചത്.
രാഷ്ട്രീയത്തിനും മതത്തിനും അതീതമായ കൂട്ടായ്മയാണ് ഹര്‍ത്താല്‍ സംഘടിപ്പിച്ചത്. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളിലും സംഘടനകളിലും പ്രവര്‍ത്തിക്കുന്നവര്‍ ഹര്‍ത്താലില്‍ പങ്കാളികളായിട്ടുണ്ട്. എന്നാല്‍, മുസ്‌ലിം യുവാക്കളെ മാത്രം തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുകയും കള്ളക്കേസില്‍ കുടുക്കുകയുമാണ് പോലിസ്. ഹര്‍ത്താലില്‍ പങ്കാളികളായ സ്വന്തം പാര്‍ട്ടിക്കാരെ, ഭരണസ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടുത്തുമ്പോള്‍ ആര്‍എസ്എസിനെതിരായ പ്രതിഷേധത്തെ നിര്‍വീര്യമാക്കാനുള്ള പോലിസിലെ ഒരു വിഭാഗത്തിന്റെ നീക്കങ്ങള്‍ക്ക് ചൂട്ടുപിടിക്കുകയാണ് സര്‍ക്കാര്‍.
രാഷ്ട്രീയപ്പാര്‍ട്ടികള്‍ കേരളത്തില്‍ നടത്തിയിട്ടുള്ള ഹര്‍ത്താലില്‍ ഉണ്ടായിട്ടുള്ള അക്രമങ്ങളെക്കാള്‍ ഭീകരതയൊന്നും ഈ ഹര്‍ത്താലില്‍ ഉണ്ടായിട്ടില്ല.
വ്യവസ്ഥാപിത രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നു യുവാക്കള്‍ കുതറിമാറുന്നതിനെ വര്‍ഗീയവല്‍ക്കരിക്കുന്നത് അപകടമാണ്. ആര്‍എസ്എസിനെ എതിര്‍ക്കുന്നത് മുസ്‌ലിം വര്‍ഗീയതയാവുന്നതെങ്ങനെയെന്ന് വിമര്‍ശകര്‍ വിശദീകരിക്കണം.
ഹിന്ദുത്വ ഫാഷിത്തെ തള്ളിപ്പറയുന്നതിനു പകരം ജനകീയ പ്രക്ഷോഭങ്ങളെ നിര്‍വീര്യമാക്കുന്ന സമീപനം ആര്‍എസ്എസിനും ബിജെപിക്കുമാണ് ഗുണം ചെയ്യുക. രാജ്യം നേരിടുന്ന ഫാഷിസ്റ്റ് ഭീഷണിക്കെതിരേ പൊതുവേദികള്‍ ഉയരുന്നതിനെ അവഗണിച്ച് അധികകാലം മുന്നോട്ടുപോവാനാവില്ലെന്നും സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it