malappuram local

ഹര്‍ത്താലിന്റെ പേരിലുള്ള പോലിസ് വേട്ട അവസാനിപ്പിക്കണം: എസ്ഡിപിഐ

മലപ്പുറം: ഹര്‍ത്താലിന്റെ പേരില്‍ വ്യാപകമായി നടത്തുന്ന പോലിസ് വേട്ട അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇല്ലെങ്കില്‍ ശക്തമായ സമരത്തിന് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലോകമനസാക്ഷിയെ തന്നെ ഞെട്ടിച്ച ഒരു സംഭവത്തില്‍ തങ്ങള്‍ക്കുള്ള രോഷം പ്രകടിപ്പിക്കാന്‍ ഇക്കാലത്തെ ഏറ്റവും ജനകീയവും ശക്തവുമായ സോഷ്യല്‍ മീഡിയയെ ഉപയോഗിച്ചു നടത്തിയ തീര്‍ത്തും ജനകീയമായ  ഹര്‍ത്താല്‍ എസ്ഡിപിഐ ആസൂത്രണം ചെയ്തതാണെന്നാണു പ്രചരിപ്പിച്ചത്.
നഗരങ്ങളിലും ഗ്രാമങ്ങളിലും ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ഒത്തുകൂടിയ പതിനായിരക്കണക്കിനു യുവാക്കളെ അവര്‍ നേരില്‍ കണ്ടതാണ്. ഈ യുവാക്കളുടെ രാഷ്ട്രീയ പശ്ചാത്തലം നേരിട്ടറിയുന്ന ജനങ്ങള്‍ ഇവരൊക്കെ എന്നാണ് എസ്ഡിപിഐയില്‍ അംഗത്വം എടുത്തതെന്നോര്‍ത്ത് അത്ഭുതപ്പെട്ടിട്ടുണ്ടാവണം. ഈ ഹര്‍ത്താലിനെ എസ്ഡിപിഐ ധാര്‍മികമായി പിന്തുണച്ചിട്ടുണ്ട്. പല പാര്‍ട്ടികളിലെയും പ്രവര്‍ത്തകന്മാരും ഒരു പാര്‍ട്ടിയുമായും ബന്ധമില്ലാത്തവരും ഈ ഹര്‍ത്താലില്‍ പങ്കെടുത്തിട്ടുണ്ട്. അക്കൂട്ടത്തില്‍ എസ്ഡിപിഐ പ്രവത്തകരും ഉണ്ട്.
ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ടു ജില്ലയില്‍ അറസ്റ്റലായവരില്‍ ഇരുപതു പേര്‍ മാത്രമാണ് എസ്ഡിപിഐ പ്രവര്‍ത്തകരായുള്ളത്. ജില്ലയില്‍ നൂറുകണക്കിന് ആളുകളെ പോലിസ് അറസ്റ്റ് ചെയ്യുകയും അവരില്‍ പലരെയും റിമാന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്കും മറ്റുള്ളവര്‍ക്കും ആവശ്യമായ നിയമ സഹായം നല്‍കും. പോലിസിന്റെ ഭാഗത്തുനിന്നു പക്ഷപാതിത്വം വ്യാപകമായി നടക്കുന്നുണ്ട്. പോലിസ് എടുത്ത വീഡിയോകളിലുള്ള സിപിഎം പ്രവര്‍ത്തകരേ പ്രതിചേര്‍ക്കാതെ ഒഴിവാക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
ഹര്‍ത്താലിന്റെ മറവില്‍ താനൂരിലെ ബേക്കറിയില്‍ നിന്നും ഭക്ഷണ സാധനങ്ങള്‍ കളവുചെയ്തു കൊണ്ടുപോയതിന്  താനൂര്‍ പോലിസ് രെജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍  ലീഗ്-സിപിഎം പ്രവര്‍ത്തകരാണ്. സിപിഎം ലീഗ് അണികളുടെ പട്ടിണിമാറ്റാന്‍ വേണ്ട നടപടികള്‍ കൈകൊള്ളുകയാണു നേതാക്കള്‍ ചെയ്യേണ്ടത്. സ്വന്തം അണികള്‍ ചെയ്ത തെറ്റ് മറച്ചു വെക്കാന്‍ താനൂര്‍ സംഭവത്തിന്റെ കുറ്റം എസ്ഡിപിഐയുടെ മേല്‍ കെട്ടിവെക്കുകയല്ല വേണ്ടത്.
മാനഭംഗത്തിനിരയായ സ്ത്രീകളുടെ രക്ഷക്കുവേണ്ടി 2012 ല്‍ നിലവില്‍ വന്ന പോക്‌സോ നിയമം ഇരക്കു വേണ്ടി ശബ്ദിച്ചവരുടെ പേരില്‍ കളവായി ചേര്‍ത്തു വാദിയെ പ്രതിയാക്കുന്ന പോലിസ് നടപടി ആര്‍എസ്എസിനെ സഹായിക്കാന്‍ വേണ്ടിയാണ്.
ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയുള്ള ജനകീയ ഹര്‍ത്താല്‍ സമരത്തെ തള്ളിപ്പറഞ്ഞ സിപിഎം-ലീഗ്-കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടുകളെ ജനം തള്ളിക്കളയുമെന്നും ഭാരാവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ കെ അബ്ദുല്‍ മജീദ്, വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി,  സെക്രട്ടറി എംപി മുസ്തഫ, അഡ്വ എ എ റഹീം പങ്കെടുത്തു.
Next Story

RELATED STORIES

Share it