Districts

ഹര്‍ത്താലിനു അനുകൂല പ്രതികരണം: വധശിക്ഷ വിരുദ്ധ കൂട്ടായ്മ

കണ്ണൂര്‍: ഹര്‍ത്താല്‍ ദിനത്തില്‍ നഗരങ്ങളിലും പൊതുവാഹനങ്ങളിലും പൊതുഇടങ്ങളിലും ജനസാന്നിധ്യം ഗണ്യമായി കുറഞ്ഞത് വധശിക്ഷ വിരുദ്ധ ഹര്‍ത്താലിന് അനുകൂലമായ ജനങ്ങളുടെ പ്രതികരണമാണെന്ന് വധശിക്ഷ വിരുദ്ധ കൂട്ടായ്മ അഭിപ്രായപ്പെട്ടു. വലിയ ഭാഗം ജനങ്ങള്‍ ജനാധിപത്യ ഹര്‍ത്താലില്‍ സ്വമേധയാ പങ്കാളികളായി. വധശിക്ഷ വിരുദ്ധര്‍ ഒന്നടങ്കം സംസ്ഥാന വ്യാപകമായി ഔദ്യോഗിക വൃത്തിയില്‍ നിന്നു വിട്ടുനിന്ന് ഹര്‍ത്താല്‍ ആചരണത്തില്‍ പങ്കാളികളായി.
രാജ്യത്ത് വധശിക്ഷ നിര്‍ത്തല്‍ ചെയ്യണമെന്നും ദേശീയ നിയമ കമ്മീഷന്‍ റിപോര്‍ട്ടിന്റെ വെളിച്ചത്തില്‍ വധശിക്ഷയ്ക്ക് അടിയന്തരമായി മൊറട്ടോറിയം നടപ്പാക്കണമെന്നും വധശിക്ഷയ്‌ക്കെതിരേ നിയമസഭ പ്രമേയം പാസ്സാക്കണമെന്നും തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നവംബര്‍ 11ന് സംസ്ഥാനത്തു നടന്ന ജനാധിപത്യ ഹര്‍ത്താലില്‍ പങ്കാളികളായ ജനങ്ങളെ ഹര്‍ത്താല്‍ സംഘാടക സമിതി അഭിവാദ്യം ചെയ്തു.
മാവോവാദി സംഘടനയായ പോരാട്ടം, ആദിവാസി ഗോത്രമഹാസഭ, എന്‍സിഎച്ച്ആര്‍ഒ, പിയുസിഎല്‍, പുരോഗമന കലാസാഹിത്യ സംഘം തുടങ്ങിയ സംഘടനകളും പാഠഭേദം തുടങ്ങിയ പ്രസിദ്ധീകരണങ്ങളും ഹര്‍ത്താലിനെ പിന്തുണച്ചിരുന്നു. ഒരു അനിഷ്ട സംഭവവും ഉണ്ടായില്ല.
വധശിക്ഷയ്‌ക്കെതിരേ നിയമസഭ പ്രമേയം പാസ്സാക്കണമെന്ന ആവശ്യം ഉയര്‍ത്തി സമാന ചിന്താഗതിക്കാരായ പ്രസ്ഥാനങ്ങളുമായി കൈകോര്‍ത്ത് നിയമസഭാ സമ്മേളനം തുടങ്ങുന്ന നവംബര്‍ 30ന് നിയമസഭയ്ക്കു മുന്നില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കാന്‍ വധശിക്ഷ വിരുദ്ധ കൂട്ടായ്മ യോഗം തീരുമാനിച്ചു. ഹര്‍ത്താല്‍ സംഘാടക സമിതി കണ്‍വീനര്‍ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ രാജ്‌മോഹന്‍, കെ ഗോവിന്ദരാജ്, സി പി പ്രസൂണ്‍, എം വി വിദ്യാധരന്‍, പി ഗിരീഷ്, കെ രാമചന്ദ്രന്‍, ആര്‍ നന്ദലാല്‍, എം അജിത്ത്, എം വി അനൂപ്, പി ബിജു, ഡിജോയ് ദാമോദരന്‍, കെ ചന്ദ്രന്‍, കെ കെ ചന്ദ്രന്‍, പി പവിത്രന്‍, പി യു പവിത്രന്‍, എ സുനില്‍കുമാര്‍ പ്രസംഗിച്ചു.
Next Story

RELATED STORIES

Share it