ഹരിയാന: റാങ്കുകാരിയെ പീഡിപ്പിച്ച സംഭവം; ബലാല്‍സംഗം ചെയ്തവരില്‍ സൈനികനും

ചണ്ഡീഗഡ്: ഹരിയാനയില്‍ റാങ്കുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാല്‍സംഗം ചെയ്ത കേസിലെ മൂന്നു പ്രതികളില്‍ ഒരാള്‍ സൈനികനാണെന്ന് പോലിസ്. രാജസ്ഥാനില്‍ ജോലി ചെയ്യുന്ന സൈനികനെ പിടികൂടാന്‍ പോലിസ് സംഘത്തെ അയച്ചിട്ടുണ്ടെന്നു ഹരിയാന ഡിജിപി ബി എസ് സിന്ധു അറിയിച്ചു.
ഹരിയാനയിലെ മഹേന്ദ്രഗഡ് ജില്ലയിലെ ബസ് സ്റ്റോപ്പില്‍ നിന്ന് ബുധനാഴ്ച തട്ടിക്കൊണ്ടുപോയ 19കാരിയാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. സിബിഎസ്‌സി 12ാം ക്ലാസ് പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവായ പെണ്‍കുട്ടി ഇപ്പോള്‍ ബിരുദ വിദ്യാര്‍ഥിനിയാണ്.
കേസിലെ മറ്റ് രണ്ട് പ്രതികളെ പിടികൂടാന്‍ പോലിസ് തിരച്ചില്‍ തുടരുകയാണ്. എല്ലാ പ്രതികളും പെണ്‍കുട്ടിയെ അറിയുന്നവരാണ്. കേസന്വേഷണത്തിന് പ്രത്യേക സംഘം (എന്‍ഐടി) രൂപീകരിച്ചിട്ടുണ്ടെന്നും സിന്ധു പറഞ്ഞു.
കാറിലെത്തിയ സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് മയക്കുമരുന്ന് കലര്‍ന്ന പാനീയം നല്‍കിയ ശേഷം ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. സംഘം പിന്നീട് പെണ്‍കുട്ടിയെ കനിനയിലെ ബസ് സ്റ്റോപ്പിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. എന്നാല്‍ പത്തു പേരടങ്ങിയ സംഘമാണ് തന്റെ മകളെ ബലാല്‍സംഗം ചെയ്തതെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് വെള്ളിയാഴ്ച വാര്‍ത്താ ലേഖകരോട് പറഞ്ഞത്. പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പോലിസ് പരാജയപ്പെട്ടെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞത്. സംഭവത്തിനു ശേഷം മകള്‍ നടുക്കത്തിലാണെന്നും പ്രതികള്‍ സ്വതന്ത്രരായി വിലസുകയാണെന്നും അവര്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it