ഹരിയാനയില്‍ മുസ്‌ലിം പള്ളി കോര്‍പറേഷന്‍ അടച്ചുപൂട്ടി

ഗുരുഗ്രാം: ഗുരുഗ്രാം ശീതളാ മറ്റാ കോളനിയില്‍ മുസ്‌ലിം പള്ളി മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ അടച്ചുപൂട്ടി. പള്ളി നിയമവിരുദ്ധമായാണു നിര്‍മിച്ചതെന്നാരോപിച്ചാണ് നടപടി.
വിവരമറിഞ്ഞ് നിരവധി പേര്‍ പള്ളിക്കു സമീപം തടിച്ചുകൂടി. പള്ളിയില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരേ സമീപത്തെ ഹിന്ദുത്വവാദികള്‍ നേരത്തെ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോഴത്തെ നടപടിയെന്ന് വിശ്വാസികള്‍ ആരോപിച്ചു.
പള്ളി വ്യോമസേനാ കേന്ദ്രത്തില്‍ നിന്നു നിശ്ചിത അകലം പാലിച്ചില്ലെന്നാണ് അധികൃതര്‍ ആരോപിക്കുന്നത്. എന്നാല്‍ പ്രദേശത്ത് അമ്പലവും ചര്‍ച്ചുമുണ്ട്. ഇതില്‍ പള്ളി മാത്രമാണ് പൂട്ടാന്‍ ഉത്തരവിട്ടിരിക്കുന്നത്. ഇത് ഹിന്ദുത്വവാദികളുടെ സമ്മര്‍ദംമൂലം മാത്രമാണ്. മേഖലയില്‍ പുതുതായും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ നാല് വര്‍ഷത്തോളം പഴക്കമുള്ള പള്ളി മാത്രമാണ് അവര്‍ക്ക് പ്രശ്‌നമായി തോന്നിയത്. ഇത് തികച്ചും ഏകപക്ഷീയമായ നടപടിയാണ്- പ്രദേശവാസിയായ അലീന്‍ ഖാന്‍ പറഞ്ഞു.
ഹിന്ദുത്വരുടെ പരാതി കിട്ടിയ ഉടനെ തങ്ങള്‍ ഉച്ചഭാഷിണി നീക്കംചെയ്തിരുന്നു. എന്നിട്ടും നടപടി എടുത്തത് നീതീകരിക്കാനാവില്ല. പൂട്ടുന്നതിന് മുമ്പ്് നോട്ടീസ് നല്‍കിയില്ലെന്നും പള്ളി അധികൃതര്‍ അറിയിച്ചു. അതേസമയം വ്യാമസേനാ കേന്ദ്രത്തില്‍ നിന്നു നിശ്ചിത അകലം പാലിക്കാതെ, നിയമവിരുദ്ധമായി നിര്‍മിച്ച 11 കെട്ടിടങ്ങള്‍ പൂട്ടാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ പറഞ്ഞു. പൂട്ടുന്നതിന് മുമ്പ് നോട്ടീസ് നല്‍കേണ്ട ആവശ്യമില്ലാത്തതിനാലാണ് നോട്ടീസ് നല്‍കാതിരുന്നതെന്നും പബ്ലിക് റിലേഷന്‍ ഓഫിസര്‍ സത്യാബിര്‍ രോഹില്ല പറഞ്ഞു.

Next Story

RELATED STORIES

Share it