kannur local

ഹരിത-ശുചിത്വ തിരഞ്ഞെടുപ്പ്; തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാന്‍ കര്‍മപദ്ധതികള്‍

കണ്ണൂര്‍: ഹരിത-ശുചിത്വ തിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിലും പ്രാവര്‍ത്തികമാക്കാന്‍ ജില്ലാ ഭരണകൂടം കര്‍മപദ്ധതികള്‍ ആസൂത്രണം ചെയ്തു. ജില്ലാ ശുചിത്വമിഷനാണ് ഇതിന്റെ ചുമതല.
ജില്ലയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും ഗ്രീന്‍ പ്രോട്ടോകോള്‍ പ്രാവര്‍ത്തികമാക്കാന്‍ ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന ക്ലാസുകള്‍, വോട്ടിങ് ശതമാനം ഉയര്‍ത്തുന്നതിനായുള്ള ബോധവല്‍ക്കരണ പരിപാടി(സ്വീപ്) എന്നിവയിലെല്ലാം പ്ലാസ്റ്റിക്/ഫഌക്‌സുക ള്‍, ഡിസ്‌പോസബിള്‍ വസ്തുക്കള്‍ എന്നിവ ഒഴിവാക്കി പ്രകൃതി സൗഹൃദ വസ്തുക്കളാണ് ഉപയോഗിക്കുന്നത്.
ഹരിത തിരഞ്ഞെടുപ്പിന്റെ പ്രാധാന്യവും ആശയവും ജനങ്ങളില്‍ എത്തിക്കാന്‍ 22നു ശേഷം ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലും വിവിധ വിവര വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ ജില്ലാ ശുചിത്വമിഷന്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ജില്ലയിലെ 1629 പോളിങ് ബൂത്തുകള്‍, 11 സാമഗ്രികള്‍ വിതരണ സ്വീകരണ കേന്ദ്രങ്ങള്‍, റിട്ടേണിങ് ഓഫിസര്‍മാര്‍, അസി. റിട്ടേണിങ് ഓഫിസര്‍മാര്‍, ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍ എന്നിവരുടെ ഓഫിസുകള്‍ എന്നിവ പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിക്കുന്നുവെന്ന് ഉറപ്പാക്കും. പ്രഥമമായി 2015ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയകരമായി നടപ്പാക്കി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ശ്രദ്ധ പിടിച്ചുപറ്റിയതാണ് ജില്ലയിലെ ഹരിത ഇലക്ഷന്‍ പരിപാടികള്‍. 19 ലക്ഷം വോട്ടര്‍മാരും 10000ലേറെ ഉദ്യോഗസ്ഥരും പങ്കാളികളാവുന്ന ജില്ലയിലെ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ണമായി പരിസ്ഥിതി സൗഹൃദമാക്കും.
നമ്മുടെ മണ്ണും വായുവും ജലവും മലിനമാകാതെ വരും തലമുറക്കായി സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനത്തിനു മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളും അവരവരുടെ പ്രചാരണ പരിപാടികളില്‍ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കണമെന്ന് ജില്ലാ ഭരണകൂടം അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it