Pathanamthitta local

ഹരിത തിരഞ്ഞെടുപ്പ്; കലക്ടറേറ്റില്‍ മാതൃകാ ബൂത്ത് ഒരുങ്ങി

പത്തനംതിട്ട: ഹരിത തിരഞ്ഞെടുപ്പ് സന്ദേശവുമായി കലക്ടറേറ്റില്‍ മാതൃകാ ഹരിത ബൂത്ത് ഒരുങ്ങി. മേയ് 16 വരെ ആര്‍ക്കും ഇവിടെ വോട്ടുചെയ്യാം. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്കും വോട്ടിങ് യന്ത്രം കണ്ടിട്ടില്ലാത്ത കുട്ടികള്‍ക്കും ഇവിടെ വന്ന് വോട്ടുചെയ്യാം. ഇന്നലെ സിവില്‍ സ്റ്റേഷനിലെ ആദ്യ നിലയില്‍ ഒരുക്കിയ ഹരിത ബൂത്തിന്റെ ഉദ്ഘാടനം ആദ്യ വോട്ട് രേഖപ്പെടുത്തി ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ നിര്‍വഹിച്ചു.
ഓലമേഞ്ഞ് പുല്ലുവിരിച്ച മേല്‍ക്കൂരയും പായ, പനമ്പ്, ഈറ, മുള എന്നിവയാലും തീര്‍ത്ത ഹരിതബൂത്തിനുള്ളിലാണ് വോട്ടിങ് യന്ത്രം. സ്ഥാനാര്‍ഥികളായി ഇന്നലെ ക്രിക്കറ്റ് താരങ്ങളും ടെന്നീസ് താരങ്ങളും മല്‍സരിച്ചു. ദിവസവും മല്‍സരാര്‍ഥികള്‍ മാറുന്ന ബൂത്തില്‍ രാവിലെ മുതല്‍ വൈകിട്ടുവരെ ആര്‍ക്കും വോട്ടുചെയ്യാം. വിജയിയുടെ പേര് വൈകീട്ട് പ്രഖ്യാപിക്കും. ഹരിത ബൂത്തും അലങ്കരിച്ച വരണാധികാരികളുടെ ഓഫീസും ഹരിത സേനയുടെ സാന്നിധ്യത്താലും ആകര്‍ഷകമാവുകയാണ് സിവില്‍ സ്റ്റേഷന്‍.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇന്നലെ കലക്ടറേറ്റിലെത്തിയ എസ്‌യുസിഐ സി സ്ഥാനാര്‍ഥി അനില്‍കുമാര്‍ കെ ജിയ്ക്ക് കുട്ടികള്‍ ഒരു വൃക്ഷതൈ നല്‍കി. ഒപ്പം ജില്ലാ കലക്ടറുടെ സന്ദേശവും. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്ലാസ്റ്റിക്കും അഴുകാത്ത മറ്റു വസ്തുക്കളും ഒഴിവാക്കി പ്രകൃതി സൗഹൃദമാക്കണം എന്ന സന്ദേശവും സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കും. ഹരിത തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ എല്ലാ റിട്ടേണിങ് ഓഫിസര്‍മാരുടെ ഓഫിസുകളിലും മുള, പായ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് അലങ്കരിച്ചിട്ടുണ്ട്. വരണാധികാരിയുടെ പേരും മറ്റും പായയില്‍ പെയിന്റ് കൊണ്ട് എഴുതി പ്രദര്‍ശിപ്പിച്ചിരിക്കുന്നതും കൗതുകം പരത്തുന്നു. വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള നാലു വീതം വിദ്യാര്‍ഥികള്‍ അടങ്ങുന്ന ഹരിതസേന വരണാധികാരികളുടെ ഓഫിസുകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിലുള്ള നൂതന സംവിധാനം ഉപവരണാധികാരികളുടെ ഓഫിസുകളിലും സജ്ജമാക്കും.
ഇന്നലെ കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി ജി രാജന്‍ ബാബു, ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ ഐ അബ്ദുല്‍ സലാം, ഡെപ്യുട്ടി കലക്ടര്‍ അതുല്‍ സ്വാമിനാഥ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഇ കെ സുധാകരന്‍, പ്രോഗ്രാം ഓഫീസര്‍ കെ ആര്‍ അജയ്, സ്വീപ്പ് നോഡല്‍ ഓഫിസര്‍മാരായ രാരാ രാജ്, കിരണ്‍ റാം, എം ടി ജയിംസ് സന്നിഹിതരായിരുന്നു.
Next Story

RELATED STORIES

Share it