ഹരിത ട്രൈബ്യൂണല്‍ വിധി പൊതുഗതാഗതത്തെ ബാധിക്കും: മന്ത്രി തോമസ് ഐസക്

കൊച്ചി: ഡീസല്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍ പുറപ്പെടുവിച്ചിരിക്കുന്ന വിധി പൊതുഗതാഗതത്തെ ബാധിക്കുമെന്നും ഡീസല്‍ വാഹനങ്ങള്‍ക്കെതിരേ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ച ലോയേഴ്‌സ് എന്‍വയണ്‍മെന്റ് അവയര്‍നെസ് ഫോറത്തിന്റെ (ലീഫ്) നടപടി പുനപ്പരിശോധിക്കണമെന്നും മന്ത്രി തോമസ് ഐസക്.
ലോക പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് ലീഫ് നടപ്പാക്കുന്ന സോ, പ്ലാന്റ് ആന്റ് നാച്വര്‍ പദ്ധതി കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാഹനങ്ങള്‍ ഉണ്ടാക്കുന്ന മലിനീകരണത്തില്‍ നിയന്ത്രണം വേണം. എന്നാല്‍, വാഹനങ്ങളുടെ പഴക്കം മാത്രം മാനദണ്ഡമാക്കി മുന്നോട്ടുപോവരുത്. 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരത്തില്‍നിന്നു പിന്‍വലിക്കുമ്പോ ള്‍ അതിനു പകരം എത്തേണ്ട വാഹനങ്ങള്‍ എത്രമാത്രം വിഭവങ്ങള്‍ ഉപയോഗിക്കേണ്ടിവരുമെന്ന് ചിന്തിക്കണം. ഇക്കാര്യത്തില്‍ പരിസ്ഥിതിവിദഗ്ധരെയടക്കം പങ്കെടുപ്പിച്ചു തുറന്ന ചര്‍ച്ച നടത്തണമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു. പൊതുഗതാഗതസൗകര്യം വിപുലമാക്കാനുള്ള ശ്രമമാണു വേണ്ടത്. എന്നാല്‍, ഇപ്പോഴുള്ള ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി പൊതുഗതാഗതത്തെ ബാധിക്കും.
വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി മെച്ചപ്പെട്ടതെന്ന് ഉറപ്പുവരുത്തുന്നവ കാലപ്പഴക്കം കണക്കിലെടുക്കാതെ ഉപയോഗിക്കാന്‍ സാധിക്കണം. ഉപയോഗിച്ച് വലിച്ചെറിയുന്ന സംസ്‌കാരമാണ് ഇവിടെ മാലിന്യങ്ങള്‍ കുന്നുകൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ആസ്ഥാനമായ ലീഫിന്റെ പരാതിയിലാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ കൊച്ചി സര്‍ക്യൂട്ട് ബെഞ്ച് നഗരങ്ങളില്‍ 2000 സിസിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങളുടെ ഉപയോഗത്തിനും രജിസ്‌ട്രേഷനും കടുത്ത നിയന്ത്രണം വരുത്തി ഉത്തരവിറക്കിയത്. ലീഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതിദിനാചരണം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഡി ശേഷാദ്രി നായിഡു ഉദ്ഘാടനം ചെയ്തു.
ലീഫ് പ്രസിഡന്റ് പീറ്റര്‍ ടി തോമസ് അധ്യക്ഷത വഹിച്ചു. ലീഫ് ലീഗല്‍ സെല്‍ ചെയര്‍മാന്‍ എസ് സുഭാഷ് ചന്ദ്, ജനറല്‍ സെക്രട്ടറി ജോണ്‍ നുമ്പേലി ജൂനിയര്‍, കേരള ഹൈക്കോടതി അഡ്വക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് എസ് യു നാസര്‍, അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍ നഗരേഷ്, ലീഫ് വൈസ് പ്രസിഡന്റ് ഒ എച്ച് നസീബ സംസാരിച്ചു.
Next Story

RELATED STORIES

Share it