ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരേ കാര്‍ ഉടമകള്‍

തിരുവനന്തപുരം: 10 വര്‍ഷത്തിനു മുകളില്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ 23 മുതല്‍ നിരത്തിലിറക്കാന്‍ പാടില്ലെന്ന ഹരിത ട്രൈബ്യൂണല്‍ വിധിക്കെതിരേ കാര്‍ ഉടമകള്‍ സംഘടിക്കുന്നു. കാര്‍ ഉടമസ്ഥര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വിഷയങ്ങള്‍ സര്‍ക്കാര്‍ നിയമ തലങ്ങളില്‍ ഉന്നയിക്കുന്നതിനും കാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഫോര്‍ റൈറ്റ്‌സ് എന്ന സംഘടന രൂപീകരിച്ചു.ഉത്തരവ് സ്വകാര്യ കാര്‍ ഉടമസ്ഥര്‍ക്ക് വലിയ ബാധ്യത ഉണ്ടാക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന നിസ്സംഗതയും അലംഭാവും പ്രതിഷേധാര്‍ഹമാണ്. ഇതിനെതിരേ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോവാന്‍ അസോസിയേഷന്‍ നേതൃയോഗം തീരുമാനിച്ചു. അശാസ്ത്രീയമായതും മുന്നറിയിപ്പ് ഇല്ലാത്തതുമായ നിരീക്ഷണ കാമറകള്‍, പോലിസ് മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ തുടങ്ങിയവരുടെ ചൂഷണം, പാര്‍ക്കിങ് സൗകര്യം ഒരുക്കുന്നതിനുള്ള വീഴ്ചകള്‍ ഉള്‍പ്പടെയുള്ള നിരവധിയായ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാനുള്ള കര്‍മ പരിപാടിക്ക് രൂപം കൊടുക്കാനും യോഗം തീരുമാനിച്ചു. തിരുവനന്തപുരം ഐഎംഎ ഹാളില്‍ കൂടിയ യോഗത്തില്‍ ജോര്‍ജ് സെബാസ്റ്റിയന്‍ അധ്യക്ഷത വഹിച്ചു. സംഘടനയുടെ ഭാരവാഹികളായി മാധ്യമ പ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജ്(ചെയര്‍മാന്‍), ശരണ്യ മനോജ്(ജനറല്‍ സെക്രട്ടറി), ടി എ അബ്ദുല്‍ ലത്തീഫ്(ഖജാഞ്ചി) തിരഞ്ഞെടുത്തു. അതേസമയം, സംസ്ഥാനത്തെ ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിയന്ത്രിച്ചുകൊണ്ടുള്ള ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് മൂലം ഉണ്ടായിട്ടുള്ള സാഹചര്യങ്ങള്‍ ചര്‍ച്ച നടത്തുന്നതിനായി സംസ്ഥാനത്തെ ബസ്, ലോറി ഉടമ സംഘടനകളുടെ യോഗം നാളെ ഉച്ചയ്ക്ക് 12 മണിക്ക് ഗവണ്‍മെന്റ് സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ ഗതാഗത വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും.
Next Story

RELATED STORIES

Share it