ഹരിത കോടതി സര്‍ക്കാരുകളുടെ വിശദീകരണം തേടി

ന്യൂഡല്‍ഹി: ഡല്‍ഹി നഗരത്തി ല്‍ ഡീസല്‍ കാറുകള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിയന്ത്രണത്തെപ്പറ്റി ഇന്ന് നിലപാട് വ്യക്തമാക്കാ ന്‍ കേന്ദ്ര-ഡല്‍ഹി സര്‍ക്കാരുകളോട് ദേശീയ ഹരിത കോടതി ആവശ്യപ്പെട്ടു. സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാത്തവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പുതിയ ഡീസല്‍ കാറുകളുടെ രജിസ്‌ട്രേഷന്‍ നിരോധിച്ച ഹരിത കോടതിയുടെ ഉത്തരവില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയിലെ കാര്‍വ്യാപാരികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി സര്‍ക്കാരുകളുടെ വിശദീകരണം തേടിയത്.
ജസ്റ്റിസ് സ്വതന്തര്‍കുമാറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഗതാഗതം, പരിസ്ഥിതി, വനം, ഘന വ്യവസായം എന്നീ മന്ത്രാലയങ്ങള്‍ക്കും ഡല്‍ഹി സര്‍ക്കാരിനും നോട്ടീസയച്ചു.ഡീസല്‍ കാറുകളുടെ രജിസ്‌ട്രേഷന്‍ നിരോധിച്ച ഹരിത കോടതിയുടെ ഉത്തരവില്‍ കടുത്ത നിര്‍ദേശങ്ങളാണുള്ളതെന്ന് കാര്‍വ്യാപാരികള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പിനാകി മിശ്ര പറഞ്ഞു. സ്‌റ്റോക്ക് ചെയ്ത വാഹനങ്ങള്‍ വില്‍ക്കാന്‍ ഉത്തരവുമൂലം സാധിക്കുന്നില്ലെന്നും കിഴിവുകള്‍ പ്രഖ്യാപിക്കുന്ന വര്‍ഷാവസാനത്തില്‍ വര്‍ധിച്ച വില്‍പന പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല്‍, ഇതേ വിഷയം സുപ്രിംകോടതിയുടെ പരിഗണനയിലുള്ളതിനാല്‍ ഹരജിയില്‍ ഇടപെടുന്നില്ലെന്ന് ഹരിത കോടതി വ്യക്തമാക്കി, ഒറ്റ-ഇരട്ട നമ്പ ര്‍ വാഹനങ്ങളെ നിയന്ത്രിക്കുന്നതില്‍ കോടതിക്ക് സംശയമില്ലെന്നും അതു നടപ്പാക്കുന്നത് എങ്ങനെയാണെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ ബോധ്യപ്പെടുത്തേണ്ടതെന്നും കോടതി വ്യക്തമാക്കി. അന്തിമമായി സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും കോടതി ഓര്‍മപ്പെടുത്തി.
പുതിയ ഡീസല്‍ കാറുകളുടെ രജിസ്‌ട്രേഷനും 10 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതും തടഞ്ഞുകൊണ്ടാണ് ഹരിത കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നത്.
ഡീസല്‍ വാഹനങ്ങള്‍ വാങ്ങരുതെന്ന് സര്‍ക്കാര്‍ വകുപ്പുകളോടും കോടതി ആവശ്യപ്പെട്ടിരുന്നു. ഡീസല്‍ ബസ്സുകള്‍ ഉപയോഗിക്കുന്ന സ്‌കൂളുകളില്‍ പുല്‍ത്തകിടികള്‍ വച്ചുപിടിപ്പിക്കുകയും എയര്‍ ഫില്‍റ്ററുകള്‍ ഘടിപ്പിക്കുകയും വേണമെന്നും ഹരിത കോടതി നിര്‍ദേശിച്ചിരുന്നു.
Next Story

RELATED STORIES

Share it