kozhikode local

ഹരിത കേരള മിഷന്‍ പദ്ധതി: വടകരയില്‍ മൂന്ന് കുളങ്ങള്‍ പുനര്‍നിര്‍മിക്കും

വടകര: സംസ്ഥാന സര്‍ക്കാറിന്റെ ഹരിതകേരള മിഷന്‍ പദ്ധതിക്ക് വടകര നഗരസഭയില്‍ തുടക്കം. നീരുറവകളും തണ്ണീര്‍ തടങ്ങളും ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി വടകരയിലെ മൂന്ന് കുളങ്ങള്‍ കഴിഞ്ഞ ദിവസം നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചു. ചരിത്ര പ്രാധാന്യമുള്ള ജൂബിലി കുളം, പാലോളിപ്പാലത്തെ മണല്‍താഴ കുളം, താഴെഅങ്ങാടിയിലെ അമ്പിലാംപള്ളി കുളം എന്നിവയാണ് പദ്ധതിയിലൂടെ പുനര്‍ജനിക്കുന്നത്.
മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട് മെന്റിനാണ് നവീകരണ ചുമതല. ഏറെകാലം അവഗണനയില്‍ നിന്ന ഈ കുളങ്ങള്‍ നവീകരിക്കുന്നതോടെ വടകരയിലെ കുടിവെള്ള പ്രശ്‌നത്തിന് ഏറെ പരിഹാരം കാണാനാവുമെന്ന് പൊതുവെ അഭിപ്രായമുണ്ടായിരുന്നു. 115 വര്‍ഷത്തെ പഴക്കമാണ് ജൂബിലി കുളത്തിനുള്ളത്. പത്ത് മീറ്റര്‍ നീളവും, മൂന്ന് മീറ്റര്‍ ആഴവും, ആറ് മീറ്റര്‍ വീതിയുമുള്ള ജൂബിലി കുളത്തിന് 1,80,000 ലീറ്റര്‍ വെള്ളം ശേഖരിക്കാനുള്ള കഴിവുണ്ട്. ഇത്തരത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള വെറെയും കുളങ്ങള്‍ വടകര നഗരസഭ പരിധിയിലുണ്ട്.
ഒന്നാം ഘട്ടത്തില്‍ ചളിയും മാലിന്യങ്ങളും നീക്കം ചെയ്യും. തുടര്‍ന്ന് പുനന്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കും. മൈനര്‍ ഇറിഗേഷന്‍ ഷിപ്പാര്‍ട്ട്‌മെന്റിന്റെ ആവശ്യ പ്രകാരം നഗരസഭയാണ് മൂന്ന് കുളങ്ങള്‍ നവീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. കുടിവെള്ള വിതരണത്തില്‍ ഏറെ പ്രയാസം നേരിടുന്ന പ്രദേശമാണ് വടകര നഗരസഭ. നഗരസഭ പരിധിയില്‍ തന്നെ മൊത്തം ജനങ്ങള്‍ക്കും വെള്ളം വിതരണം ചെയ്യാന്‍ ഉതകുന്ന തരത്തില്‍ കുളങ്ങള്‍ ഉണ്ടെങ്കിലും പുനപ്രവൃത്തി നടത്താതെ നശിക്കുകയാണ്.
ഇതിനെതിരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പദ്ധതിയിലൂടെ ഈ മൂന്ന് കുളങ്ങള്‍ക്ക് പുനര്‍ജന്മം ലഭിക്കുന്നതോടൊപ്പം മറ്റു നീരുറവകളുടെയും പ്രശ്‌നം പരിഹരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it