malappuram local

ഹരിതസന്ദേശമുയര്‍ത്തി പരിസ്ഥിതി ദിനാചരണം

മലപ്പുറം: മനസ്സുകളില്‍ പച്ചപ്പിന്റെ തുരുത്തുകള്‍ ഇനിയും ബാക്കിയുണ്ടെന്ന് വിളിച്ചോതി ലോകത്തോടൊപ്പം ജില്ലയും ലോക പരിസ്ഥിതി ദിനത്തെ സമുചിതമായി വരവേറ്റു. വിദ്യാര്‍ഥികളും സന്നദ്ധ സംഘടനകളും ക്ലബ്ബുകളും നാളെയുടെ കരുതലായി വൃക്ഷതൈകള്‍ ഭൂമിക്കു സമ്മാനിച്ചു. മണ്ണും മണലും ഊറ്റിയെടുക്കുന്ന കൊലയാളിക്കൊള്ളക്കാര്‍ക്കെതിരേ പ്രകൃതിയുടെ കാവല്‍ക്കാരാവുമെന്ന് വിദ്യാര്‍ഥികളും പരിസ്ഥിതി സ്‌നേഹികളും പ്രതിജ്ഞ ചെയ്തു. കുന്നുകളും കുളങ്ങളും മാന്തിയെടുക്കുന്ന പാതാളക്കരണ്ടികളുടെ മുരള്‍ച്ചയില്ലാത്ത നല്ലനാളെകള്‍ സ്വപ്‌നം കാണാന്‍ കുരുന്നുകള്‍ ആഹ്വാനം ചെയ്തു. '
വെന്തുപൊള്ളി കടന്നുപോയ വേനല്‍ നല്‍കിയ ആപത്‌സൂചനയില്‍നിന്ന് പാഠമുള്‍കൊണ്ടില്ലെങ്കില്‍ വരും തലമുറ കുടിനീരുകിട്ടാതെ തൊണ്ടപൊട്ടിമരിക്കേണ്ടിവരുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉദ്‌ബോധിപ്പിച്ചു. മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പാരിസ്ഥിതിക ദിനാചരണം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയെ സംരക്ഷിക്കുകയെന്നത് ഓരോരുത്തരുടെയും ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
മുസ്‌ലിംലീഗിന്റെ ഓരോ യൂനിറ്റിലെയും മുഴുവന്‍ പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ മരം വച്ചുപിടിപ്പിക്കുന്നതിന്റെ ഫലമായി ജില്ലയില്‍ മാത്രം ലക്ഷക്കണക്കിന് മരങ്ങളാണ് നമുക്ക് ലഭിക്കുന്നതെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെഎന്‍എ ഖാദര്‍ അധ്യക്ഷത വഹിച്ചു. അരിമ്പ്ര മുഹമ്മദ്, സലീം കുരുവമ്പലം, പി ഉബൈദുല്ല എംഎല്‍എ, അബ്ദുര്‍റഹിമാന്‍ രണ്ടത്താണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ സംസാരിച്ചു.
ജീവനുള്ള ഭൂമിക്ക് യുവതയുടെ കാവല്‍' എന്ന മുദ്രാവാക്യമുയര്‍ത്തി ഡിവൈഎഫ്‌ഐ യൂനിറ്റ്, മേഖല, ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലയില്‍ 25,000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു.—പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തവനൂര്‍ ഐങ്കലത്ത് മന്ത്രി കെ ടി ജലീല്‍ നിര്‍വഹിച്ചു.—ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് അഡ്വ. എം ബി ഫൈസല്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി കെ അബ്ദുള്ളനവാസ്,എസ് സുജിത്ത്, ബി ജി ശ്രീജിത്ത് സംസാരിച്ചു. തേഞ്ഞിപ്പലത്ത് വി അബ്ദുര്‍റഹ്മാന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പി വിനീഷ്, കെ പി അബ്ദുസമദ്, കെ പ്രകാശ് സംസാരിച്ചു.—പെരിന്തല്‍മണ്ണയില്‍ അഡ്വ. ടി കെ സുല്‍ഫിക്കറലി ഉദ്ഘാടനം ചെയ്തു. മമ്പാട്ട് കൊളാഷ് ചിത്രകാരന്‍ മനു കള്ളിക്കാട് ഉദ്ഘാടനം ചെയ്തു. വി അര്‍ജുന്‍, എ പി ഫിറോസ് സംസാരിച്ചു.—
പെരിന്തല്‍മണ്ണ: മലപ്പുറം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡിയോട് അനുബന്ധിച്ച് ലോക പരിസ്ഥിതി ദിനം ആചരിച്ചു. ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ നേത്യത്വത്തില്‍ പെരിന്തല്‍മണ്ണ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വ്യക്ഷതൈകള്‍ നട്ടു.
തിരുനാവായ: മലപ്പുറം ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ക്ലീന്‍ ആന്റ് ഗ്രീന്‍ ഡസ്റ്റിനേഷന്‍ പരിപാടിയുടെ ഭാഗമായി തിരുന്നാവായ മാമാങ്ക സ്മാരകത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും ബോധവല്‍കരണ ക്ലാസ്സും നടത്തി.
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മുളക്കല്‍ മുഹമ്മദ് ആലി അധ്യക്ഷത വഹിച്ചു. തിരുന്നാവായ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ എടശ്ശേരി പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.
Next Story

RELATED STORIES

Share it