Alappuzha local

ഹരിതനിയമാവലി പാലിച്ച് കൂടുതല്‍ വിവാഹ ആഘോഷങ്ങള്‍



ആലപ്പുഴ: ഹരിതനിയമാവലി (ഗ്രീന്‍ പ്രോട്ടോക്കോള്‍) പാലിക്കുന്ന വിവാഹ ആഘോഷ ചടങ്ങുകള്‍ ജില്ലയില്‍ വ്യാപിക്കുന്നു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പ്രകൃതിയെയും പരിസ്ഥിതിയെയും മലിനമാക്കാതെ ആഘോഷങ്ങള്‍ നടത്താനുള്ള നടപടികളാണ് വിവാഹ ആഘോഷങ്ങളില്‍ ഹരിത നിയമാവലി പാലിക്കുന്നതിന് പ്രചോദനമാകുന്നത്. ജില്ലാഭരണകൂടവും ശുചിത്വമിഷനും ചേര്‍ന്ന് നടപ്പാക്കിയ ആദ്യ ഹരിതകല്യാണത്തിന് മുന്‍കൈ എടുത്തത് അമ്പലപ്പുഴ താലൂക്ക് എസ്എന്‍ഡിപി യൂനിയന് കീഴിലുള്ള 241ാം നമ്പര്‍ ശാഖയിലെ അരുണും അഞ്ജുരാജുമാണ്. അമ്പലപ്പുഴ താലൂക്ക് എസ്എന്‍ഡിപി യൂനിയന്‍ സെക്രട്ടറി എന്‍ കെ പ്രേമാനന്ദന്റെ നേതൃത്വത്തില്‍ എസ്എന്‍ഡിപി യോഗവും അറവുകാട് ക്ഷേത്രയോഗം ഭരണസമിതിയുമാണ് പിന്തുണനല്‍കിയത്. ജില്ലാ കലക്ടര്‍ വീണ എന്‍ മാധവന്‍ ചടങ്ങില്‍ പങ്കെടുത്ത് ദമ്പതികള്‍ക്ക് ജില്ലാഭരണകൂടത്തിന്റെ അനുമോദന സാക്ഷ്യപത്രവും നല്‍കി. ഇതില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട് മേയ് 14ന് അറവുകാട് ക്ഷേത്രത്തില്‍ ഹരിതനിയമാവലി പാലിച്ച് വട്ടതത്തറവീട്ടില്‍ ആര്‍ഷനാഥും സര്‍പ്പക്കണ്ടത്തില്‍ ലാല്‍ജി മോഹനും വിവാഹസല്‍ക്കാരം നടത്തി. അറവുകാട് ക്ഷേത്രത്തില്‍ ബുക്ക് ചെയ്യുന്നവര്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ ചട്ടം പാലിക്കണമെന്ന കര്‍ശന നിര്‍ദേശം ക്ഷേത്രയോഗം ഭാരവാഹികള്‍ നല്‍കുന്നു. ചട്ടം പാലിക്കാത്തവര്‍ക്ക് ബുക്കിങ് സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് ഭാരവാഹികള്‍. ആലപ്പുഴ രൂപതയില്‍ ഉള്‍പ്പെട്ട പറവൂര്‍ സെന്റ് ജോസഫ് ഫൊറോനാ പള്ളിയില്‍ മേയ് 15ന് പറവൂര്‍ വെളിയില്‍ വീട്ടില്‍ റോബിനും കൊല്ലം പുതുക്കാട് കുറുവേലില്‍ ജസ്റ്റിന്റെ മകള്‍ ആഷ്‌ലി ജസ്റ്റിനും വിവാഹിതരായപ്പോള്‍ സത്കാര ആഘോഷങ്ങള്‍ ഹരിതനിയമാവലി പാലിച്ചായിരുന്നു. ഹരിതനിയമാവലി പാലിച്ച് പള്ളിയില്‍ നടത്തിയ ആദ്യവിവാഹമാണിത്.വിവാഹ ആഘോഷങ്ങളി ല്‍ ഡിസ്‌പോസിബിള്‍ ആയ സാധനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുകയും അലങ്കാരങ്ങള്‍ക്ക് തെര്‍മോക്കോള്‍, പ്ലാസ്റ്റിക് പൂക്കള്‍, ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍, ഫഌക്‌സ് എന്നിവ ഒഴിവാക്കുകയും ചെയ്തു. ജൈവമാലിന്യം അതാതിടങ്ങളില്‍ തന്നെ സംസ്‌കരിക്കും. ആഘോഷങ്ങള്‍ക്കുശേഷം പ്ലാസ്റ്റിക് മാലിന്യം ഒട്ടും ഇല്ലാത്ത സാഹചര്യം സൃഷ്ടിച്ച് സമൂഹത്തിന് മാതൃകയായാവും.ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നും ധാരാളം പേര്‍ ഹരിതനിയമാവലി പ്രകാരം ആഘോഷങ്ങള്‍ നടത്തുന്നതിന് താല്‍പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവരുന്നുണ്ട്. എസ്എന്‍ഡിപി അമ്പലപ്പുഴ യൂനിയന്‍ ഹരിതനിയമാവലിയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന് യൂനിയനിലെ എല്ലാവീടുകളിലും ലഘുലേഖ എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടത്തിന്റെയും ശുചിത്വമിഷന്റെയും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. തദ്ദേശഭരണവകുപ്പ് മന്ത്രി സംസ്ഥാനത്തെ മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്ത് പള്ളികളില്‍ റംസാന്‍ നോമ്പുതുറ നടക്കുമ്പോള്‍ ഗ്രീ ന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.
Next Story

RELATED STORIES

Share it