Idukki local

ഹരിതകേരളം : ജില്ലയില്‍ 3.50 ലക്ഷം വൃക്ഷത്തൈകള്‍ നടാന്‍ ക്രമീകരണമായി



തൊടുപുഴ: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ലോകപരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് വൃക്ഷത്തൈകള്‍ നടുന്നതിനുള്ള ക്രമീകരണങ്ങള്‍ തയ്യാറായി. തദ്ദേശഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, സന്നദ്ധ സാമൂഹിക യുവജന സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയില്‍ 3.50 ലക്ഷം വൃക്ഷത്തൈകളാണ് നടുന്നത്. ജില്ലയില്‍ വനംവകുപ്പിന് കീഴിലുള്ള നാല് നഴ്‌സറികളിലൂടെയാണ് വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നത്. കട്ടമുടിയിലുള്ള നഴ്‌സറിയില്‍ നിന്നും അടിമാലി, ദേവികുളം ബ്ലോക്കുകളിലെ പഞ്ചായത്തുകള്‍ക്കും പാറേമാവ് നഴ്‌സറിയില്‍ നിന്നും ഇടുക്കി , നെടുങ്കണ്ടം, കട്ടപ്പന ബ്ലോക്കുകള്‍ക്ക് കീഴില്‍ വരുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്കും, കുടയത്തൂര്‍ നഴ്‌സറിയില്‍ നിന്നും ഇളംദേശം, തൊടുപുഴ ബ്ലോക്ക് പരിധിയില്‍ വരുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്കും മുരിക്കാട്ടുകുടി നഴ്‌സറിയില്‍ നിന്നും അഴുത ബ്ലോക്കിന് കീഴില്‍ ഉള്ള തദ്ദേശസ്ഥാപനങ്ങള്‍ക്കും വൃക്ഷത്തൈകള്‍ ശേഖരിക്കാം. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലേക്കും ആവശ്യമായ വൃക്ഷത്തൈകളുടെ വിവരങ്ങള്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കൈമാറും. ഗ്രാമപഞ്ചായത്തുകള്‍ക്ക് ആവശ്യമായ വൃക്ഷത്തൈകള്‍ സംഭരിക്കുന്നതിന് വാഹനസൗകര്യത്തിനും മറ്റു ചിലവുകള്‍ക്കുമായി 10,000 രൂപവരെ ചിലവഴിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. തൈകള്‍ നടുന്നതിനും മറ്റുമായി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും സേവനം ഉപയോഗപ്പെടുത്താനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. റവന്യൂ ഡിവിഷണല്‍ ഓഫിസറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ അബൂബക്കര്‍, ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ ജി. ജയചന്ദ്രന്‍, ജില്ലാ പ്ലാനിംഗ് ഓഫിസര്‍ ടെസ് പി മാത്യു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം എസ് .സുരേഷ്, ബി. ഡി.ഒമാരായ പി എ മുഹമ്മദ് സലാം, ഷാജു ഫ്രാന്‍സിസ്, പി ആര്‍ സുരേഷ്, ബിനു ജോസഫ്, ജോസുകുട്ടി മാത്യു, പാറത്തോട് ആന്റണി, ഡോ.പി സി രവീന്ദ്രനാഥ് പങ്കെടുത്തു.
Next Story

RELATED STORIES

Share it