Flash News

ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നു തുടക്കം



തിരുവനന്തപുരം: കേരളത്തെ സമ്പൂര്‍ണ മാലിന്യരഹിത സംസ്ഥാനമാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന മാലിന്യത്തില്‍ നിന്നു സ്വാതന്ത്ര്യംപരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് 300ഓളം തദ്ദേശഭരണസ്ഥാപനങ്ങളില്‍ ഇന്നു ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമാവും. തിരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ കേന്ദ്രങ്ങളിലെ അജൈവ മാലിന്യ ശേഖരണ കേന്ദ്രവും (മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി) പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റുകളുടെ പ്രവര്‍ത്തനവും ഇന്നാരംഭിക്കും.ഓരോ തദ്ദേശഭരണ പ്രദേശ പരിധിയിലും നടത്തിയ അവസ്ഥാനിര്‍ണയ പഠനത്തെയും ശുചിത്വമാലിന്യ സംസ്‌കരണ മാര്‍ഗരേഖയെയും ആധാരമാക്കി അതാതു സ്ഥാപനങ്ങള്‍ ശുചിത്വമാലിന്യ സംസ്‌കരണത്തിന് തയ്യാറാക്കിയ പദ്ധതികള്‍ ഇന്നുമുതല്‍ നിലവില്‍വരും. ഇതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യശേഖരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ചിട്ടുള്ള പ്രത്യേക സംഘമാണ് ഹരിതകര്‍മസേന. ഹരിതകര്‍മസേന ശേഖരിക്കുന്ന മാലിന്യങ്ങളില്‍ അജൈവ മാലിന്യങ്ങ ള്‍ തരംതിരിച്ച് സൂക്ഷിക്കാനായാണ് മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുള്ളത്. ഇവിടെനിന്നും ക്ലീന്‍ കേരള കമ്പനിയുടെ ആഭിമുഖ്യത്തില്‍ അജൈവ മാലിന്യം ശേഖരിച്ച് ബ്ലോക്കിലെ ഒരു കേന്ദ്രത്തില്‍ ആരംഭിക്കുന്ന റിസോഴ്‌സ് റിക്കവറി സംവിധാനത്തില്‍ എത്തിച്ച് തരംതിരിച്ച് വിവിധ രീതിയില്‍ പുനചംക്രമണം നടത്താനോ പുനരുപയോഗിക്കാനോ ആണ് തീരുമാനം. ഈ കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യം നുറുക്കി പൊടിക്കാനുള്ള ഷ്രെഡിങ്  യൂനിറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെനിന്നും ലഭ്യമാവുന്ന പ്ലാസ്റ്റിക് പൊടി റോഡ് ടാറിങിനായി പുനരുപയോഗിക്കും.മാലിന്യസംസ്‌കരണ നിര്‍വഹണപ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടുന്ന 296 തദ്ദേശഭരണ സ്ഥാപനങ്ങളുടെ ജില്ലതിരിച്ചുള്ള കണക്ക്: തിരുവനന്തപുരം-10, കൊല്ലം-17, പത്തനംതിട്ട-9, ഇടുക്കി-26, കോട്ടയം-13, തൃശൂര്‍- 15, പാലക്കാട്-11, മലപ്പുറം-19, എറണാകുളം-18, ആലപ്പുഴ-31, കാസര്‍കോട്-12, കണ്ണൂര്‍- 60, കോഴിക്കോട്-51, വയനാട്-4.
Next Story

RELATED STORIES

Share it