Kottayam Local

ഹരികുമാറിന് പുതുജീവന്‍ നല്‍കിയത് 14കാരന്റെ വൃക്ക



ആര്‍പ്പൂക്കര: മസ്തിഷ്‌കമരണം സംഭവിച്ച 14കാരന്റെ വൃക്ക 24കാരന് പുതുജീവനായി. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ച തൃശൂര്‍ വരന്തരപ്പള്ളി പള്ളിക്കുന്ന് തെക്കേക്കര കോരത്ത് വീട്ടില്‍ വര്‍ഗീസ്-ബെന്നി ദമ്പതികളുടെ മകന്‍ ഗ്ലാഡ്‌വി(14)ന്റെ വൃക്കയാണ് പെരുമ്പാവൂര്‍ സ്വദേശി ഹരികുമാറി(24)ന് തുണയായത്. തൃശൂര്‍ ജൂബിലി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ നിന്നുള്ള വൃക്കകളുമായി രണ്ടര മണിക്കൂര്‍ കൊണ്ടാണ് കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചത്. രാവിലെ എട്ടിന് വൃക്കയുമായി പുറപ്പെട്ട സംഘം 10.30ന് കോട്ടയം മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തിലെത്തി 11ന് ശസ്ത്രക്രിയ ആരംഭിക്കുകയായിരുന്നു. നാലു മണിക്കൂര്‍ നീണ്ട വൃക്ക മാറ്റിവയ്ക്കല്‍ ശസ്തക്രിയ പൂര്‍ണ വിജയമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മൂന്നു വര്‍ഷമായി ഹരികുമാര്‍ കോട്ടയം മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗത്തില്‍ കഴിയുകയായിരുന്നു. വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയില്‍ പേരു രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു. ഇതിനിടെ പലവട്ടം വൃക്ക മെഡിക്കല്‍ കോളജിന് ലഭിച്ചെങ്കിലും ഗ്രൂപ്പ് ചേരാത്തതിനാല്‍ ശ്രമങ്ങള്‍ പരജായപ്പെടുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ തൃശൂര്‍ ജുബിലി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികില്‍യില്‍ കഴിഞ്ഞിരുന്ന ഗ്ലാഡ്‌വിന് മസ്തിഷ്‌ക മരണം സംഭവിച്ചു. വൃക്ക, ഹൃദയം, ശ്വാസകോശങ്ങള്‍, കരള്‍, കണ്ണ്, പാന്‍ക്രിയാസ് എന്നീ അവയവങ്ങള്‍ ദാനം ചെയ്യണമെന്ന ഈ എട്ടാംക്ലാസുകാരന്റെ ആഗ്രഹം രക്ഷിതാക്കള്‍ ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. ഇതെത്തുടര്‍ന്ന് ജൂബിലി മിഷനിലെ ഡോക്ടര്‍മാര്‍ കോട്ടയം മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡിനെയും മൃതസഞ്ജീവനി കോ ഓഡിനേറ്റര്‍ ജിമ്മി ജോര്‍ജിനെയും വിവരമറിയിച്ചു. ശനിയാഴ്ച രാത്രി 11ന് ജൂബിലി ആശുപത്രിയിലെത്തിയ മെഡിക്കല്‍ കോളജ് സംഘം പുലര്‍ച്ചെ അഞ്ചോടെ ഗ്ലാഡ്‌വിന്റെ അവയവങ്ങള്‍ ശരീരത്തില്‍നിന്ന് വേര്‍പ്പെടുത്തി. കോട്ടയം മെഡിക്കല്‍ കോളജ് ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിനായി ഹൃദയവും ശ്വാസകോശവും എടുക്കാന്‍ ശ്രമിച്ചെങ്കിലും ശ്വാസകോശത്തില്‍ അണുബാധയുണ്ടായിരുന്നതിനാല്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ശേഷിച്ച ഇരുവൃക്കകളില്‍ ഒരെണ്ണം കോട്ടയം മെഡിക്കല്‍ കോളജിലും ഒരു വൃക്കയും പാന്‍ക്രിയാസും അമൃത ആശുപത്രിക്കും കണ്ണുകള്‍ ജൂബിലി ആശുപത്രിക്കും കരള്‍ എറണാകുളം പിവിസിക്കും കൈമാറി. കോട്ടയം മെഡിക്കല്‍ കോളജിനു ലഭിച്ച വൃക്കയാണ് നെേഫ്രാളജി വിഭാഗം മേധാവി ഡോ. പി കെ ജയകുമാറിന്റെയും യൂറോളജി വിഭാഗം മേധാവി ഡോ. സുരേഷ് ഭട്ടിന്റെയും നേതൃത്വത്തില്‍ ഹരികുമാറിനു വച്ചുപിടിപ്പിച്ചത്.
Next Story

RELATED STORIES

Share it