Flash News

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ക്ലാര്‍ക്ക് നിയമനം പ്രഹസനമാവുന്നു



ആബിദ്

കോഴിക്കോട്: പ്രിന്‍സിപ്പല്‍മാരുടെ ജോലിഭാരം ലഘൂകരിക്കുന്നതിന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ക്ലാര്‍ക്ക്, പ്യൂ ണ്‍ തസ്തികകള്‍ സൃഷ്ടിക്കാനുള്ള തീരുമാനം പ്രഹസനമാവുമെന്നു പരാതി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെ ജോലിഭാരം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് പുതുതായി അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നത്. എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ഒരു ഫുള്‍ടൈം മീനിയല്‍സ്റ്റാഫിന്റെയും (പ്യൂണ്‍) 500ലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ ഒരു ക്ലാര്‍ക്കിന്റെയും തസ്തിക സൃഷ്ടിക്കുന്നതിനാണ് ധനകാര്യവകുപ്പ് അനുമതി നല്‍കിയത്. ക്ലാര്‍ക്ക് തസ്തികയ്ക്ക്് 500 കുട്ടികള്‍ എന്ന പരിധി നിശ്ചയിച്ചത് പുതിയ തസ്തിക സൃഷ്ടിക്കുന്നതിന്റെ ഗുണം നിരവധി സ്‌കൂളുകള്‍ക്കു നഷ്ടപ്പെടാന്‍ കാരണമാവുമെന്നാണു പരാതി. ഒന്നും രണ്ടും വര്‍ഷക്കാരെ ചേര്‍ത്ത് പത്തോ അതില്‍ കൂടുതലോ ബാച്ചുകള്‍ ഉള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാത്രമേ 500ലധികം കുട്ടികള്‍ ഉണ്ടാകു. കേരളത്തിലെ മിക്ക ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും എട്ടോ അതില്‍ കുറവോ ബാച്ചുകളേ ഉള്ളു. ഈ സ്‌കൂളുകളിലൊന്നും പുതിയ നിയമമനുസരിച്ച് ക്ലാര്‍ക്ക് നിയമനം ഉണ്ടാവില്ല. 499 കുട്ടികള്‍ ഉണ്ടായാല്‍പ്പോലും ക്ലാര്‍ക്ക് തസ്തിക സൃഷ്ടിക്കാനാവാത്തത് പ്രധാനാധ്യാപകരുടെ ജോലിഭാരം പഴയപടി തുടരുന്നതിനു വഴിവയ്ക്കും. 1991ല്‍ സ്ഥാപിതമായ കേരള ഹയര്‍ സെക്കന്‍ഡറി എജ്യൂക്കേഷനു കീഴിലുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇതുവരെ ക്ലാര്‍ക്ക്, പ്യൂണ്‍ തസ്തികകള്‍ ഉണ്ടായിരുന്നില്ല. എറണാകുളം വടവുകോട് ആര്‍എംഎച്ച്എസ്എസിലെ പ്രധാനാധ്യാപിക നാന്‍സി വര്‍ഗീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് ജോലിഭാരം കൂടുതലാണെന്നു കാണിച്ച് മനുഷ്യാവകാശ കമ്മീഷനു പരാതി സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി പുതിയ തസ്തിക സൃഷ്ടിക്കാന്‍ നിര്‍ദേശം നല്‍കി. 2015 ഒക്ടോബറില്‍ ഒരു ക്ലാര്‍ക്കിന്റെയും മീനിയല്‍സ്റ്റാഫിന്റെയും തസ്തികകള്‍ അനുവദിക്കാന്‍ തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. തുടര്‍ന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ നിര്‍ദേശപ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പ് സമര്‍പ്പിച്ച ആവശ്യത്തിന്‍മേല്‍ വിശദപരിശോധന നടത്തിയ ശേഷമാണ് ധനവകുപ്പ് തസ്തിക സൃഷ്ടിക്കാന്‍ അനുമതി നല്‍കിയത്. പദവിയില്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് തുല്യനാണ് പ്രിന്‍സിപ്പല്‍ എങ്കിലും ഒരു എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകന് ലഭിക്കുന്ന പരിഗണനപോലും പ്രിന്‍സിപ്പലിനു ലഭിക്കുന്നില്ലെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ഹയര്‍ സെക്കന്‍ഡറിയിലെ പ്രിന്‍സിപ്പല്‍മാര്‍ 21 പിരിയഡ് വരെ പഠിപ്പിക്കണമെന്നാണു ചട്ടം. റഗുലര്‍ ക്ലാസുകള്‍ എടുക്കുന്നതിനു പുറമേ സ്‌കൂളിലെ ഔദ്യോഗികമായ നൂറുകൂട്ടം ജോലികളുടെ പൂര്‍ണ ഉത്തരവാദിത്തവും പ്രിന്‍സിപ്പലിനാണ്. എന്നാല്‍, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 100 കുട്ടികള്‍ ആണെങ്കില്‍പ്പോലും ഒരു ക്ലാര്‍ക്കും രണ്ട് ഓഫിസ് അസിസ്റ്റന്റും ഒരു മീനിയല്‍സ്റ്റാഫും ടീച്ചിങ് വര്‍ക്ക്‌ലോഡ് ഇല്ലാത്ത ഒരു ഹെഡ്മാസ്റ്ററും ഉള്‍പ്പെടെ അഞ്ചുപേര്‍ ഉണ്ടാവും. 150ലധികം കുട്ടികളുള്ള ലോവര്‍ പ്രൈമറി സ്‌കൂളിലും 100ലധികം കുട്ടികളുള്ള അപ്പര്‍ പ്രൈമറി സ്‌കൂളിലും പ്രധാനാധ്യാപകന്‍ ക്ലാസ് എടുക്കേണ്ടതില്ല.എന്നാല്‍, ഹയര്‍ സെക്കന്‍ഡറിയില്‍ പഠിപ്പിക്കല്‍ ഉള്‍പ്പെടെ നിരവധി ജോലികളാണ് പ്രിന്‍സിപ്പല്‍ എടുക്കേണ്ടത്. കുട്ടികളുടെ എണ്ണം 500ല്‍ കൂടിയാലും കുറഞ്ഞാലും പ്രിന്‍സിപ്പലിന്റെ ജോലികളില്‍ വലിയ ഏറ്റക്കുറച്ചിലുകള്‍ ഒന്നും ഉണ്ടാവില്ലെന്നതാണു വസ്തുത.  500ല്‍ കുറവു കുട്ടികളുള്ള സ്‌കൂളില്‍ ക്ലാര്‍ക്കുമാരെ നിയമിക്കാതിരിക്കുന്നത് ഭാവിയില്‍ രണ്ടുതരം പ്രിന്‍സിപ്പല്‍മാരെ സൃഷ്ടിക്കാനിടയാക്കും. ഇത് ക്ലാര്‍ക്ക് സഹായമില്ലാത്ത സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറിയില്‍ നിന്ന് പ്രിന്‍സിപ്പല്‍മാര്‍ കൂട്ടത്തോടെ സ്ഥലംമാറ്റം വാങ്ങിപ്പോവാനും സ്‌കൂളുകള്‍ നാഥനില്ലാക്കളരിയായി മാറാനും വഴിവയ്ക്കുമെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. അക്കാദമിക് നിലവാരത്തെയും ഇതു ബാധിക്കും. അതേസമയം, സയന്‍സ് ലാബുകളുണ്ടായിരുന്ന സ്‌കൂളുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന്റെ ഗുണമുണ്ടാവില്ലെന്ന ആക്ഷേപവുമുണ്ട്. ലാബ് അസിസ്റ്റന്റുമാരുടെ എണ്ണം രണ്ടായി ചുരുക്കിയതോടെ ബാക്കിവന്ന ലാബ് അസിസ്റ്റന്റുമാര്‍ സൂപ്പര്‍ ന്യൂമററിയായാണ് ജോലിയില്‍ തുടരുന്നത്. അതിനാല്‍ പുതിയ തസ്തിക ഇവര്‍ക്കു നല്‍കേണ്ടിവരും. ഫലത്തില്‍ ഇവിടങ്ങളിലെ ജീവനക്കാരുടെ എണ്ണത്തില്‍ ഒരു മാറ്റവുമുണ്ടാവില്ല.
Next Story

RELATED STORIES

Share it