wayanad local

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം - സര്‍ക്കാര്‍തല ചര്‍ച്ചകളില്‍ പ്രാതിനിധ്യം നല്‍കണം: പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍



സുല്‍ത്താന്‍ ബത്തേരി: ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തല ചര്‍ച്ചകളില്‍ പ്രിന്‍സിപ്പല്‍മാരുടെ സംഘടനയ്ക്ക് പ്രാതിനിധ്യം നല്‍കണമെന്നു കേരള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ചര്‍ച്ചകളില്‍ പ്രിന്‍സിപ്പല്‍മാരുടെ സംഘടനയെ പങ്കെടുപ്പിക്കാത്തത് ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും അഭിപ്രായങ്ങള്‍ അറിയിക്കുന്നതിനും തടസ്സമാവുകയാണെന്നു സമ്മേളനം വിലയിരുത്തി. ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ അടിസ്ഥാനസൗകര്യം ഒരുക്കാന്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് കഴിയാത്തത് ദൗര്‍ഭാഗ്യകരമാണ്. കുട്ടികളുടെ സ്വാഭാവ, ഭാവി രൂപീകരണത്തില്‍ പ്രധാനപ്പെട്ടതാണ് പ്ലസ്ടു പഠനകാലം. അമിത ജോലിഭാരംമൂലം പ്രിന്‍സിപ്പല്‍മാര്‍ക്ക് ഇതിനു കഴിയുന്നില്ല. 24 മണിക്കൂര്‍ ക്ലസെടുക്കലും അധ്യാപകേതര ജീവനക്കാരുടെ ജോലികള്‍ ചെയ്യേണ്ടിവരുന്നതും ഭരണപരമായ കര്‍ത്തവ്യങ്ങളും ഒരു ജോലിയും വൃത്തിയായും കൃത്യമായും ചെയ്യാന്‍ കഴിയാത്ത സ്ഥിതി സംജാതമാക്കിയിരിക്കയാണ്. പ്രിന്‍സിപ്പലിന്റെ സമയോചിതമായ ഇടപെടലും നിയന്ത്രണങ്ങളും ഇല്ലാത്തതുകൊണ്ടു മാത്രം കുട്ടികള്‍ വഴിതെറ്റുന്നതു സര്‍വസാധാരണമാണ്. ഇത് മാതാപിതാക്കളുടെ ആശങ്കകളും ആകാംക്ഷകളും വര്‍ധിപ്പിക്കുന്നു. ബാലാവകാശ, മനുഷ്യാവകാശ നിയമങ്ങളുടെ അനിയന്ത്രിതമായ പ്രയോഗവും അല്‍പജ്ഞാനികളായ കൗണ്‍സലര്‍മാരുടെ കടന്നുകയറ്റവും പ്രിന്‍സിപ്പല്‍മാരുടെയും അധ്യാപകരുടെയും ആത്മാര്‍ഥത ചോര്‍ത്തുകയാണ്- സമ്മേളനം അഭിപ്രായപ്പെട്ടു. ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഒഴികെ അഡ്മിനിസ്‌ട്രേറ്റീവ് തസ്തികകള്‍ പ്രിന്‍സിപ്പല്‍മാരുടെ പ്രമോഷന്‍ തസ്തികകളാക്കുക, വിദ്യാലയങ്ങളില്‍ ലബ്ബാ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള സപോര്‍ട്ടിങ് സ്റ്റാഫിനെ നിയമിക്കുക, പ്രിന്‍സിപ്പല്‍മാരെ അധ്യാപന ചുമതലയില്‍നിന്ന് ഒഴിവാക്കുക, മോഡല്‍, ടേം പരീക്ഷകളുടെ ചോദ്യങ്ങള്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാബോര്‍ഡ് തയ്യാറാക്കുക, വിദ്യാര്‍ഥികളെ സമ്മര്‍ദത്തിലാക്കുന്ന നിലവിലെ സമയക്രമം പുനക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ മുമ്പാകെ സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. സര്‍വീസില്‍നിന്നു വിരമിച്ച മുന്‍ ഭാരവാഹികളായ ജി ജയചന്ദ്രന്‍ നായര്‍, എച്ച് സൈനുദ്ദീന്‍, ജി അബൂബക്കര്‍, വി ജോസ് എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ ഇമ്പിച്ചിക്കോയ ഉദ്ഘാടനം ചെയ്തു. ജി ജയചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: കെ ജയമോഹന്‍ (പ്രസിഡന്റ്), ഡോ. എം സക്കീര്‍ (ജനറല്‍ സെക്രട്ടറി), കെ ജി ജോസ് (കോ-ഓഡിനേറ്റര്‍), എ സലാം (ഖജാഞ്ചി).
Next Story

RELATED STORIES

Share it