Editorial

ഹയര്‍ സെക്കന്‍ഡറി ഫലം സൃഷ്ടിക്കുന്ന ആശങ്കകള്‍



സംസ്ഥാന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷാഫലം പുറത്തുവന്നു. 83.37 ആണ് വിജയശതമാനം. 3,05,262 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്. കഴിഞ്ഞ കൊല്ലത്തേക്കാള്‍ കൂടുതലാണ് വിജയശതമാനം. ഇവര്‍ക്കൊപ്പം വിഎച്ച്എസ്ഇ പരീക്ഷയെഴുതിയവരില്‍ 81.5 ശതമാനം പേരും തുടര്‍പഠനത്തിന് അര്‍ഹത നേടി. എന്നാല്‍, ഈ വിദ്യാര്‍ഥികളെ മുഴുവനും ഉള്‍ക്കൊള്ളാന്‍ കേരളത്തില്‍ ഉപരിപഠനസൗകര്യങ്ങളില്ല, മലബാറില്‍ തീരെയുമില്ല. ഓരോ കൊല്ലവും പൊതുപരീക്ഷാഫലങ്ങള്‍ വരുമ്പോള്‍ ഉണ്ടാവുന്ന സ്ഥിതിവിശേഷമാണിത്. വിദ്യാര്‍ഥികള്‍ ഗതികിട്ടാപ്രേതങ്ങളായി അലയേണ്ടിവരുന്നു. ഇതരസംസ്ഥാനങ്ങളിലേക്കു വണ്ടികയറാനും യാതൊരു തൊഴില്‍സാധ്യതയുമില്ലാത്ത അനാകര്‍ഷകമായ കോഴ്‌സുകളില്‍ ചേര്‍ന്നു പഠിക്കാനും അവര്‍ നിര്‍ബന്ധിതരാവുന്നു. യാതൊരു നിലവാരവും പഠനസൗകര്യവുമില്ലാത്ത എന്‍ജിനീയറിങ്, നഴ്‌സിങ് തുടങ്ങിയ കലാലയങ്ങളില്‍ ചേര്‍ന്നു പഠിച്ച്, അത് പാതിവഴിയില്‍ നിര്‍ത്തുകയോ പരാജയത്തിന്റെ രുചിയറിഞ്ഞ് പുറത്തിറങ്ങുകയോ ചെയ്യുന്ന വിദ്യാര്‍ഥികള്‍ ധാരാളം. തഞ്ചംനോക്കി വിദ്യാഭ്യാസക്കച്ചവടക്കാര്‍ പലതരം കോഴ്‌സുകളുമായി രംഗത്തുവരാറുമുണ്ട്. അവയില്‍ പലതും അംഗീകാരമില്ലാത്തതും ഗുണപരമായി വളരെ പിന്നണിയില്‍ നില്‍ക്കുന്നതുമായിരിക്കും. വിദ്യാര്‍ഥികള്‍ തട്ടിപ്പിനിരയാവുന്ന സംഭവങ്ങള്‍ ധാരാളം. ചുരുക്കത്തില്‍ ഒരുപാട് ചെറുപ്പക്കാര്‍ പെരുവഴിയിലകപ്പെടുന്നതിന് ഹയര്‍ സെക്കന്‍ഡറി തലത്തിലുള്ള “വന്‍ വിജയങ്ങള്‍’ കാരണമാവുന്നു. മന്ത്രിമാര്‍ക്കും വിദ്യാഭ്യാസ വിദഗ്ധര്‍ക്കും വിജയശതമാനത്തെച്ചൊല്ലി അഭിമാനിക്കാം. പക്ഷേ, വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഭാരവും ബാധ്യതയുമായി തേരാപാരാ നടക്കുന്ന യൗവനങ്ങള്‍ ഈ വിദ്യാഭ്യാസവിപ്ലവത്തിന്റെ ഇരകളാണ് എന്നത് നാം മറന്നുകൂടാ. പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചുകൊണ്ടും ഉള്ള സ്ഥാപനങ്ങളില്‍ സീറ്റുകളും കോഴ്‌സുകളും വര്‍ധിപ്പിച്ചുകൊണ്ടും മറ്റും ഈ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാറുണ്ട്. ഓരോ നിയോജകമണ്ഡലത്തിലും ഓരോ സര്‍ക്കാര്‍ കോളജ് എന്ന കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റിന്റെ തീരുമാനം അതിന്റെ ഭാഗമാണ്. പക്ഷേ, ഇങ്ങനെ സ്ഥാപിച്ച കോളജുകളില്‍ മിക്കവയും യാതൊരു അടിസ്ഥാന സൗകര്യവുമില്ലാതെ പീടികമുറികളിലോ മദ്‌റസാ കെട്ടിടത്തിലോ മറ്റോ ആണ് പ്രവര്‍ത്തിക്കുന്നത്. അവയില്‍ ഏറക്കുറേ ആര്‍ട്‌സ് വിഷയങ്ങള്‍ മാത്രമാണ് പഠിപ്പിക്കുന്നതും. വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്ന കോഴ്‌സുകള്‍ പഠിക്കാന്‍ സൗകര്യമില്ലാത്ത അവസ്ഥയില്‍ ഈ കോളജുകള്‍ ശരിയായ പരിഹാരമാവുന്നില്ല. വന്‍ ഫീസ് വാങ്ങുന്ന സ്വാശ്രയ കലാലയങ്ങളാണ് പിന്നെയുള്ളത്. പുതിയ സ്വാശ്രയ കോളജുകള്‍ തുടങ്ങാന്‍ സര്‍ക്കാരിന് വൈമുഖ്യമുള്ളതിനാല്‍, ഇക്കൊല്ലം സ്വാശ്രയ വിദ്യാഭ്യാസരംഗത്തും സ്ഥിതി രൂക്ഷമാവാനാണു സാധ്യത. പ്ലസ്ടു ജയിച്ച ഈ കുട്ടികളൊക്കെ ഇനി എന്തുചെയ്യും?സമൂഹത്തിന്റെ ഭാഗമായി വര്‍ത്തിക്കുന്ന, ഒരിടത്തുമെത്താതെ പൊങ്ങിക്കിടക്കുന്ന ഈ ചെറുപ്പക്കാരെപ്പറ്റി ആരെങ്കിലും സഗൗരവം ചിന്തിച്ചിട്ടുണ്ടോ?
Next Story

RELATED STORIES

Share it