malappuram local

ഹയര്‍ സെക്കന്‍ഡറി പഠനം : ജില്ലയില്‍ ജോലി സാധ്യതയുള്ള വിഷയങ്ങള്‍ കുറവ്



പൊന്നാനി: ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ വിജയിക്കുകയും കൂടുതല്‍ എ പ്ലസ് ലഭിക്കുകയും ചെയ്ത ജില്ലയില്‍ പ്ലസ്ടു കോഴ്‌സുകളില്‍ ജോലി സാധ്യത കൂടുതലുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്നില്ലെന്ന പരാതി ഉയരുന്നു. പരമ്പരാഗത കോംപിനേഷനുകളാണ് ജില്ലയിലെ മിക്ക സ്‌കൂളുകളിലും ഇപ്പോഴും പഠിപ്പിക്കുന്നത്. 45 കോംപിനേഷനുകളാണ് പ്ലസ്ടുവിനുള്ളത്. സയന്‍സ് ഗ്രൂപ്പില്‍ ഒമ്പത് കോംപിനേഷനുകള്‍ ഉണ്ടെങ്കിലും ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക് ഉള്‍പ്പെടുന്ന കോഴ്‌സാണ് മിക്ക സ്‌കൂളുകളിലും പഠിപ്പിക്കുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഹോം സയന്‍സ് എന്ന കോംപിനേഷന്‍ വിരലിലെണ്ണാവുന്ന സ്‌കൂളില്‍ മാത്രമാണുള്ളത്. അതുപോലെ കംപ്യൂട്ടര്‍ സയന്‍സും ജിയോളജിയും ഉള്‍പ്പെടുന്ന വിഭാഗം പൊന്നാനിയിലെ ഒരു സ്‌കൂളില്‍ മാത്രമാണുള്ളത്. കംപ്യൂട്ടര്‍ സയന്‍സ്, കണക്ക് എന്നിവയുള്ളത് പത്ത് സ്‌കൂളുകളിലും. കൂടുതല്‍ ജോലിസാധ്യതയുള്ള കോംപിനേഷനുകളുടെ അവസ്ഥയാണിത്. സയന്‍സിലെ മറ്റു അഞ്ച് കോംപിനേഷനുകള്‍ ജില്ലയിലെ ഒരു സ്‌കൂളിലുമില്ല. ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളോടൊപ്പം ഹോം സയന്‍സ്- കണക്ക്, ജിയോളജി-കണക്ക്, ബയോളജി-സൈക്കോളജി  കോംപിനേഷനുകള്‍ ഇതുവരെ ജില്ലയിലെ ഒരു സ്‌കൂളിലും നല്‍കിയിട്ടില്ല. പെണ്‍കുട്ടികള്‍ക്ക് ഏറെ താല്‍പര്യമുള്ള ഹോം സയന്‍സ് ഒരു വിദ്യാലയത്തില്‍ മാത്രമാണുള്ളത്. മാനവിക വിഷയങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. മൊത്തം 32 കോംപിനേഷനുകള്‍ ഹ്യൂമാനിറ്റിസില്‍ ഉണ്ടെന്ന് പലര്‍ക്കുമറിയില്ല. ഹിസ്റ്ററി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്  എന്നിവയോടൊപ്പം നാലാം വിഷയമായി ജ്യോഗ്രഫി, സോഷ്യോളജി, ജിയോളജി എന്നിവയിലൊന്ന് വാരിക്കോരി നല്‍കിയിരിക്കുകയാണ്. നാലാം വിഷയം സോഷ്യല്‍വര്‍ക്കുള്ള ഹ്യൂമാനിറ്റീസ് കോംപിനേഷന്‍ പാലപ്പെട്ടി സ്‌കൂളില്‍ മാത്രമാണുള്ളത്. ജില്ലയില്‍ ധാരാളം കുട്ടികള്‍ അറബി ഒന്നാം ഭാഷയായി പഠിച്ചുവരുമ്പോള്‍ ഇത് സബ്ജക്ടായി മാനവിക വിഷയമുള്ളത് രണ്ട് സ്‌കൂളുകളില്‍ മാത്രമാണ്. ഹിന്ദിയുടെയും കഥ ഇതുതന്നെ. മാതൃഭാഷയായ മലയാളം അഞ്ചില്‍  താഴെ സ്‌കൂളുകളില്‍ മാത്രമാണുള്ളത്. സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സ്റ്റാറ്റിസ്റ്റിക്‌സ് ഉള്‍പ്പെടുന്ന അപൂര്‍വ കോംപിനേഷനുള്ളത് ജില്ലയിലെ മൂന്ന് സ്‌കൂളുകളില്‍ മാത്രം. സംഗീതം, ഗാന്ധിയന്‍ പഠനം, തത്വശാസ്ത്രം ഇവയൊന്നും ജില്ലയിലെ ഒരു സ്‌കൂളുകളിലുമില്ല. ജേണലിസം, സോഷ്യല്‍ വര്‍ക്ക്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടര്‍ ആംപ്ലിക്കേഷന്‍ എന്നിവ ഉള്‍പ്പെടുന്ന അപൂര്‍വശ്രേണിയും ഹ്യൂമാനിറ്റിസിലുണ്ട്. വന്‍ ജോലി സാധ്യതയുള്ള ഈ വിഷയം ഒന്നിച്ച് പഠിപ്പിക്കുന്ന സ്‌കൂളുകള്‍ ജില്ലയിലില്ല. 32 കോംപിനേഷനുകളുള്ള ഹ്യൂമാനിറ്റിസ് ഗ്രൂപ്പിലെ 19 വിഭാഗങ്ങള്‍ ജില്ലയില്‍ ഒരിടത്തുമില്ല. ബാക്കിയുള്ള 13ല്‍ മിക്കതും വിരലിലെണ്ണാവുന്ന സ്‌കൂളുകളില്‍ മാത്രമാണുള്ളത്. ബാക്കിയുള്ള മൂന്നോ നാലോ വിഭാഗമാണ് ജില്ലയിലെ മിക്ക സ്‌കൂളുകളിലുമുള്ളത്. കൊമേഴ്‌സ് ഗ്രൂപ്പില്‍ വൈവിധ്യമുള്ള വിഷയങ്ങള്‍ ഉണ്ടെന്നതാണ് ആശ്വാസകരം. സര്‍ക്കാര്‍ ഏയ്ഡഡ് മേഖലയില്‍ പുതിയ കോംപിനേഷനുകള്‍ പുതുതായി അനുവദിക്കുന്നില്ല. നിലവിലുള്ളതിന്റെ സീറ്റ് വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അതേസമയം, അണ്‍ എയ്ഡഡ് മേഖലയില്‍ ഒട്ടേറെ കോഴ്‌സുകള്‍ അനുവദിക്കുന്നുണ്ട്. ജില്ലയിലെ ഗവ, എയ്ഡഡ് മേഖലയില്‍ മികവുറ്റ പ്ലസ്ടു കോഴ്‌സുകള്‍ ഇല്ലാതാവുമ്പോള്‍ ലാഭം കൊയ്യുന്നത് അണ്‍എയ്ഡഡ് മേഖലയാണ്.
Next Story

RELATED STORIES

Share it