Flash News

ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍ - പിഎസ്‌സി ലിസ്റ്റ് കാലാവധി നീട്ടണം: മനുഷ്യാവകാശ കമ്മീഷന്‍



തിരുവനന്തപുരം: 30നു കാലാവധി അവസാനിക്കുന്ന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (സുവോളജി) റാങ്ക്‌ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളില്‍ രണ്ടു ശതമാനം പേര്‍ക്കുപോലും നിയമനം ലഭിച്ചിട്ടില്ലെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. പിഎസ്‌സി സെക്രട്ടറിക്കും ഹയര്‍ സെക്കന്‍ഡറി വിഭാഗം സെക്രട്ടറിക്കും ഡയറക്ടര്‍ക്കുമാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യേണ്ട എല്ലാ ഒഴിവുകളും യഥാസമയം റിപോര്‍ട്ട് ചെയ്യണമെന്നും നിലവിലെ റാങ്ക്‌ലിസ്റ്റ് പ്രകാരം നിയമനം നടത്തണമെന്നും കമ്മീഷന്‍ പിഎസ്‌സി സെക്രട്ടറിക്കും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. കോഴിക്കോട് സ്വദേശിനി രമ്യ സമര്‍പ്പിച്ച പരാതിയിലാണു നടപടി. പരാതിയില്‍ കമ്മീഷന്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറില്‍ നിന്നു വിശദീകരണം തേടിയിരുന്നു. സുവോളജി വിഭാഗത്തില്‍ 307 തസ്തികയുണ്ടെന്നും ഇതില്‍ ജൂനിയര്‍ വിഭാഗത്തില്‍ 402 തസ്തികയുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു. നിലവില്‍ സീനിയര്‍ വിഭാഗത്തില്‍ 13 ഒഴിവും ജൂനിയര്‍ വിഭാഗത്തില്‍ 25 ഒഴിവുകളുമുണ്ട്. 2001ലെ സ്‌പെഷ്യല്‍ റൂള്‍ പ്രകാരം ഹയര്‍ സെക്കന്‍ഡറി സീനിയര്‍ ടീച്ചര്‍ തസ്തികയിലേക്കു നിയമനം നടത്തേണ്ടത് ജൂനിയര്‍ ടീച്ചര്‍ തസ്തികയില്‍ നിന്നാണ്. ജൂനിയര്‍ അധ്യാപകര്‍ ഇല്ലാത്ത സന്ദര്‍ഭത്തില്‍ മാത്രമാണ് ഒഴിവുകള്‍ പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യേണ്ടത്. നിലവില്‍ ജൂനിയര്‍ തസ്തികയില്‍ അധ്യാപകര്‍ ഉള്ളതിനാല്‍ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്യാനാവില്ല. എന്നാല്‍, സീനിയര്‍ ലിസ്റ്റില്‍ നിന്ന് ആരെയും നിയമിച്ചിട്ടില്ലെന്ന് പരാതിക്കാരി അറിയിച്ചു. ജൂനിയര്‍ വിഭാഗത്തില്‍ 18 പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. സുവോളജി ലിസ്റ്റ് നിലവിലുള്ളപ്പോള്‍ രണ്ടുതവണ ബൈ ട്രാന്‍സ്ഫര്‍ നിയമനം നടത്തി. നിലവിലെ റാങ്ക്‌ലിസ്റ്റില്‍ നിന്ന് 1.9 ശതമാനം പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചതെന്നും കമ്മീഷന്‍ കണ്ടെത്തി. വലിയ ശതമാനം ഉദേ്യാഗാര്‍ഥികള്‍ക്ക് ജോലി കിട്ടാത്ത സാഹചര്യം നിലവിലുണ്ടെന്നും കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് നിരീക്ഷിച്ചു.
Next Story

RELATED STORIES

Share it