ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം; അനിശ്ചിതത്വം തുടരുന്നു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റത്തില്‍ അനിശ്ചിതത്വം തുടരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലും ഹയര്‍ സെക്കന്‍ഡറി സ്ഥലംമാറ്റം മരവിപ്പിക്കാന്‍ ഉത്തരവിട്ടിട്ടും വിദ്യാഭ്യാസവകുപ്പും ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റും മൗനംപാലിക്കുകയാണ്. ഉത്തരവ് ഇതുവരെ ഡയറക്ടറേറ്റ് മരവിപ്പിച്ചിട്ടില്ല. ഇതേത്തുടര്‍ന്ന് സ്‌കൂളുകളുടെ പ്രവര്‍ത്തനം സംസ്ഥാനത്തുടനീളം അവതാളത്തിലായിരിക്കുകയാണ്.

തദ്ദേശതിരഞ്ഞെടുപ്പ് ജോലിയിലുള്ള അധ്യാപകരുടെ മാത്രം സ്ഥലംമാറ്റം മരവിപ്പിക്കുമെന്നും ബാക്കിയുള്ള സ്ഥലംമാറ്റങ്ങള്‍ക്ക് മാറ്റമുണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതു നടപ്പായിട്ടില്ല. അതിനിടെ സ്ഥലംമാറ്റം മരവിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉത്തരവിടുകയും ചെയ്തു. സ്ഥലംമാറ്റം മരവിപ്പിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍. 975 അധ്യാപകരെയാണ് സ്വന്തം ജില്ലകളിലേക്കു മാറ്റിയത്. എന്നാല്‍, ഇവര്‍ മാറിയെത്തിയ സ്‌കൂളുകളിലെ അധ്യാപകരെ മാറ്റിയിട്ടില്ല. സ്ഥലംമാറ്റ ഉത്തരവുപ്രകാരം പുതിയ സ്‌കൂളുകളില്‍ അധ്യാപകരെത്തിയതോടെ അവിടങ്ങളില്‍ ഒരു വിഷയത്തിന് രണ്ട് അധ്യാപകരായി.

അവര്‍ വിട്ടുപോയ സ്‌കൂളുകളില്‍ അധ്യാപകരുമില്ല. ഇംപ്രൂവ്‌മെന്റ് പരീക്ഷപോലും പലയിടത്തും താറുമാറായിട്ടും മന്ത്രി അഴിമതിയില്‍ കണ്ണുംനട്ടിരിക്കുകയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ച് പെരുമാറ്റച്ചട്ടം ശനിയാഴ്ച നിലവില്‍വന്നതോടെ നവംബര്‍ 5 കഴിയാതെ ഇനി ഒരു സര്‍ക്കാര്‍ ഉത്തരവും സാധ്യമല്ല.
Next Story

RELATED STORIES

Share it